ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ കെനിയയുടെ 'ആകാശം' കീഴടക്കാനുള്ള അദാനി ഗ്രൂപ്പിന്റെ മോഹത്തിന്റെ ചിറകുമടക്കി കോടതി. കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനലും റൺവേയും നിർമിക്കാനും 30 വർഷത്തേക്ക് ടെർമിനലിന്റെ നിയന്ത്രണം പാട്ടത്തിന് സ്വന്തമാക്കാനുമുള്ള അദാനിയുടെ നീക്കങ്ങൾക്കാണ് കെനിയൻ ഹൈക്കോടതി തടയിട്ടത്. പദ്ധതിയുടെ കരാർ അദാനി ഗ്രൂപ്പിന് നൽകാനുള്ള കെനിയൻ സർക്കാരിന്റെ നീക്കം കോടതി റദ്ദാക്കുകയായിരുന്നു.

വിമാനത്താവളം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക കൂട്ടായ്മയും മനുഷ്യാവകാശ കമ്മിഷനും ഒരു എൻജിഒയുമാണ് കോടതിയെ സമീപിച്ചത്. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ 185 കോടി ഡോളറിന്റെ (ഏകദേശം 15,500 കോടി രൂപ) ഇടപാട് കെനിയയ്ക്ക് താങ്ങാവുന്നതല്ലെന്നും സാമ്പത്തിക അസ്ഥിരതയ്ക്ക് ഇടവരുത്തുമെന്നും തൊഴിൽ നഷ്ടങ്ങളുണ്ടാകുമെന്നും ഇവർ വാദിച്ചു. 

 കെനിയ (Photo: nationsonline.org)
കെനിയ (Photo: nationsonline.org)

സ്വകാര്യ കമ്പനിക്ക് കരാർ നൽകുന്നത് പൊതുജനം അടയ്ക്കുന്ന നികുതിക്ക് മൂല്യം കൽപ്പിക്കാത്ത പ്രവൃത്തിയാകും. വിമാനത്താവളം സ്വന്തംനിലയ്ക്ക് നവീകരിക്കാനും നിയന്ത്രിക്കാനും കെനിയയ്ക്ക് കഴിയുമെന്നും ഹർജിയിൽ അവർ വ്യക്തമാക്കി. തുടർന്നായിരുന്നു സർക്കാരിന്റെ നീക്കം റദ്ദാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവ്.

പ്രതാപം വീണ്ടെടുക്കുക ലക്ഷ്യം
 

ഒരുകാലത്ത് മേഖലയിലെ വിമാനയാത്രാ ഹബ്ബ് ആയിരുന്നു നെയ്റോബിയിലെ രാജ്യാന്തര വിമാനത്താവളം. അയൽരാജ്യമായ ഇത്യോപ്യയിലെ വിമാനത്താവളം പിന്നീട് ഈ പട്ടം പിടിച്ചെടുത്തു. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽകരിച്ച് പഴയ പ്രതാപം വീണ്ടെടുക്കാനായാണ് കെനിയൻ സർക്കാർ ടെൻഡർ ക്ഷണിച്ചത്. ഇതുപ്രകാരമായിരുന്നു അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എയർപോർട്ട് ഹോൾഡിങ്സിന്റെ പ്രൊപ്പോസൽ.

adani

ഏകദേശം 185 കോടി ഡോളർ (15,500 കോടി രൂപ) ചെലവാണ് വിമാനത്താവള നവീകരണത്തിന് വിലയിരുത്തിയത്. ടാൻസാനിയയിലെ കണ്ടെയ്നർ ടെർമിനൽ ഏറ്റെടുത്തായിരുന്നു ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കും ആദ്യമായി നിക്ഷേപത്തിന്‍റെ വല അദാനി ഗ്രൂപ്പ് എറിഞ്ഞത്. തുടർന്ന് കെനിയയിലേക്കും നിക്ഷേപങ്ങളുമായി എത്താനുള്ള മോഹത്തിനാണ് ഇപ്പോൾ തിരിച്ചടിയേറ്റത്.

അദാനി എയർപോർട്സ്
 

ഇന്ത്യയിലാണ് നിലവിൽ അദാനി എയർപോർട്സ് ഹോൾഡിങ്സിന്‍റെ സാന്നിധ്യം. മുംബൈ, അഹമ്മദാബാദ്, ജയ്പുർ, ലക്നൗ, മംഗളൂരു, തിരുവനന്തപുരം, ഗുവഹാത്തി വിമാനത്താവളങ്ങളുടെ നിയന്ത്രണം നിലവിൽ അദാനി എയർപോർട്ട് ഹോൾഡിങ്സിനാണ്. ഈ വിമാനത്താവളങ്ങളിലൂടെയാണ് രാജ്യത്തെ ആഭ്യന്തര വിമാനയാത്രകളുടെ മുന്തിയപങ്കും നടക്കുന്നതും. നവി മുംബൈയിൽ പുതിയ രാജ്യാന്തര വിമാനത്താവളവും കമ്പനി സജ്ജമാക്കുന്നുണ്ട്.

English Summary:

Adani's African Aviation Ambitions Stalled by Kenyan Court Ruling. Kenyan High Court has blocked Adani's move to build a new passenger terminal and runway at Jomo Kenyatta International Airport in Nairobi, the Kenyan capital, and to acquire control of the terminal for 30 years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com