ഡോളറിനെ തഴയുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കടുത്ത നിയന്ത്രങ്ങൾവരും: ട്രംപ്
Mail This Article
പല രാജ്യങ്ങളും ഇപ്പോൾ ഡോളറിൽ നിന്ന് മാറി വേറെ കറൻസികളിൽ രാജ്യാന്തര വ്യാപാരം നടത്തുന്നുണ്ട്. ബ്രിക്സ് രാജ്യങ്ങളാണ് ഏറ്റവും ശക്തമായി ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷമാണ് ഇത് കൂടുതൽ ശക്തിപ്പെട്ടത്. ഡോളറിനെ ഒതുക്കാനാണ് ഇങ്ങനെ വേറെ കറൻസികളിലേക്ക് വ്യാപാരം മാറ്റുന്നത്. ഇങ്ങനെ ഡി ഡോളറൈസേഷൻ പ്രവണത കൂട്ടുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി വന്നിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റും, വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്.
100 ശതമാനം ചുങ്കം
ഡോളറിനെ ഒഴിവാക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക 100 ശതമാനം വരെ ഇറക്കുമതി ചുങ്കം ഈടാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോളറിന്റെ ശക്തിയെ ക്ഷയിപ്പിക്കാൻ നോക്കുന്ന രാജ്യങ്ങൾക്ക് പണി കിട്ടും എന്ന് അമേരിക്കയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. ഡോളർ ആധിപത്യം തുടരാൻ എന്തും ചെയ്യും എന്ന കാര്യമാണ് ഇതിലൂടെ ട്രംപ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്. ഇറക്കുമതി ചുങ്കം കൂടാതെ വേറെ ചില പദ്ധതികളും ഡോളറിനെ തഴയുന്ന രാജ്യങ്ങൾക്കെതിരെ ഒരുങ്ങുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.
ബ്രിക്‌സ് രാജ്യങ്ങൾക്ക് മറുപടി
ബ്രിക്സ് രാജ്യങ്ങൾക്കുള്ള ഒരു മറുപടി പോലെയാണ് ഈ വെല്ലുവിളി എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസികൾ സ്വീകരിക്കുന്നത് പരിഗണിക്കുന്ന സമയത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ബഹാമാസ്, ജമൈക്ക, നൈജീരിയ എന്നിവയുൾപ്പെടെ ചില രാജ്യങ്ങൾ ഇതിനകം അത്തരം കറൻസികൾ പുറത്തിറക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസികളെ രാജ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നില്ലെങ്കിലും പല രാജ്യങ്ങളും അവയിലേക്ക് സാമ്പത്തിക ഇടപാടുകൾ മാറ്റുന്നുണ്ട്. എൽ സാൽവഡോറിൽ ബിറ്റ് കോയിൻ ഒഫിഷ്യൽ കറൻസിയാണ്. എൽ സാൽവഡോർ ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിക്കും എന്ന പ്രസ്‍താവനയിറക്കി ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡോളറിന് പകരക്കാരനെ അന്വേഷിക്കുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് ഇത് സ്വീകാര്യമാകുമോ എന്ന ചർച്ചകൾ നടക്കുമ്പോൾ തന്നെ ട്രംപ് അതിനൊരു 'മറുപടി' തന്നു കഴിഞ്ഞു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ചേർന്ന് സ്ഥാപിച്ച സംഘടനയായ ബ്രിക്സിൽ ഇപ്പോൾ ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളും ചേർന്നിട്ടുണ്ട്. പൊതുവായ കറൻസി ബ്രിക്സ് രാജ്യങ്ങളുടെ അജണ്ടയാണ്. ഡോളറിനെ തഴയലാണ് പ്രധാന ലക്‌ഷ്യം.എന്നാൽ ഏതു കറൻസിയാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബ്രിക്സ് രാജ്യങ്ങൾ ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ഒരു ഡിജിറ്റൽ കറൻസി ആയിരിക്കും പൊതു കറൻസി ആയി ഉപയോഗിക്കുക എന്ന സൂചനകളുണ്ട്.
ഡീ-ഡോളറൈസേഷൻ തന്ത്രത്തിൻ്റെ ഭാഗമായി, എല്ലാവർക്കും സ്വീകാര്യമായ ബ്രിക്സ് കറൻസിയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്കുള്ള പ്രാഥമിക കറൻസിയായി ഡോളറിന് പകരം വയ്ക്കാൻ അധികം താമസിയാതെ ഒരു കറൻസി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരയുദ്ധവും, ചൈനയ്ക്കും റഷ്യയ്ക്കും മേലുള്ള യുഎസ് ഉപരോധവും ഈ ചർച്ചകൾക്ക് ചൂട് കൂട്ടുകയാണ്. അതിനിടയ്ക്കാണ് ബ്രിക്സ് രാജ്യങ്ങളുമായി വ്യാപാരത്തിന് ക്രിപ്റ്റോ കറൻസി ഉപയോഗിക്കുമെന്ന് പ്രസ്താവനയുമായി എൽസാൽവഡോർ മുന്നോട്ട് വന്നിരിക്കുന്നത്.എൽസാൽവഡോറിന് ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരണമെന്ന് താത്പര്യമുണ്ടെന്ന സൂചനകളുമുണ്ട്.
ലോക സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ശക്തി ഡോളറിലാണ് ഇരിക്കുന്നതെന്ന കാര്യം വൈകിയാണ് രാജ്യങ്ങൾ തിരിച്ചറിഞ്ഞതും അതിൽ നിന്നും മാറാൻ നോക്കുന്നതും. എന്നാൽ അതിനു സമ്മതിക്കില്ല എന്ന അമേരിക്കൻ നിലപാട് എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്നു കാണാം.