ജെൻ എഐയും യുഎസ് മാന്ദ്യവും ബാധിച്ചില്ല, ഐടി കമ്പനികൾ റിക്രൂട്മെന്റിലേക്ക്
Mail This Article
കൊച്ചി∙ എഐ അനിശ്ചിതത്വവും യുഎസിൽ പ്രവചിക്കപ്പെട്ട മാന്ദ്യവും മൂലം റിക്രൂട്മെന്റ് കുറച്ച ഇന്ത്യൻ ഐടി കമ്പനികൾ ഇതു രണ്ടും ഉടനെ ബാധിക്കില്ലെന്നു വ്യക്തമായതോടെ സജീവമാകുന്നു. ഓഫർ ലെറ്റർ കൊടുത്തവരെ കമ്പനിയിൽ ജോലിക്കു വിളിച്ചു തുടങ്ങി.
ലോക സമ്പദ്‌വ്യവസ്ഥയെയും ബിസിനസ് രംഗത്തെയും ആകെ മാറ്റിമറിക്കാൻ പോകുന്നെന്നു പ്രവചിക്കപ്പെട്ട നിർമിത ബുദ്ധിയെക്കുറിച്ച് (ജനറേറ്റീവ് എഐ) അമിത പ്രതീക്ഷകളായിരുന്നെന്നു വ്യക്തമായിരുന്നു. മാറ്റങ്ങൾക്ക് ഏതാനും മാസങ്ങളല്ല 4–5 വർഷം വേണ്ടിവരുമെന്നാണ് ഇപ്പോൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞയാഴ്ച ഇന്റൽ, എൻവിഡിയ പോലുള്ള പ്രധാന യുഎസ് എഐ ചിപ് നിർമാണ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞത് ഈ തിരിച്ചറിവിന്റെ ഭാഗമായിട്ടായിരുന്നു. എൻവിഡിയയുടെ ഓഹരിവില 14% ഇടിഞ്ഞു. ആഗോള ഓഹരിവിപണി ഇടിവിലേക്കും അതു നയിച്ചു. യുഎസ് സമ്പദ്‌രംഗം 1.7% നിരക്കിൽ വളരുമെന്നാണു പ്രവചനം. മാന്ദ്യം ഉണ്ടാവില്ലെന്ന സൂചനയാണിത്.
എൻജിനീയറിങ് പാസായി ഇറങ്ങുന്നവരെ ജോലിക്കെടുക്കുന്നത് ഐടി കമ്പനികൾ കുറച്ചു. വർഷം തോറും 5 ലക്ഷത്തിലേറെ പേരെ റിക്രൂട്ട് ചെയ്തിരുന്ന ഇന്ത്യൻ ഐടി രംഗത്ത് കഴിഞ്ഞ വർഷം എടുത്തത് 60,000 പേരെ. ഓഫർ ലെറ്റർ നൽകിയവർക്ക് ഓൺലൈൻ എഐ പരിശീലനമുണ്ടായിരുന്നു. നിലവിലുള്ള ടെക്കികളെയും എഐയിലേക്ക് ‘അപ്സ്കിൽ’ ചെയ്തു.
അനുഭവത്തിൽ എഐ ‘ഹൈപ്’ മാത്രം
എഐ പ്രതീക്ഷ തെറ്റിയതിന് 4 കാരണങ്ങൾ–1. എഐയുടെ യഥാർഥ ഉപയോഗം വളരെ കുറവ്. ലോകമാകെ 7% കമ്പനികൾ പോലും ഉപയോഗിക്കുന്നില്ല. 2. പലർക്കും എഐ ആവശ്യമില്ല. വെറും ട്രെൻഡിന്റെ പേരിൽ മാറാനുമാവില്ല. 3. തൊഴിലവസരം കുറയുമെന്ന ഭീതി അസ്ഥാനത്തായി. എഐ ഉപയോഗിക്കുന്ന 94% കമ്പനികളിലും തൊഴിലവസരം കുറഞ്ഞില്ല. 4. ജീവനക്കാരുടെ എണ്ണം കുറയുന്നതിനു പകരം, ഉള്ള ജീവനക്കാർ ചെയ്യുന്ന ജോലിയുടെ ഫലം കൂടുകയാണുണ്ടായത്. അങ്ങനെ ഉൽപാദനക്ഷമത വർധിച്ചു.
ജെൻ എഐ എവിടെ ഉപയോഗിക്കാമെന്നതാണ് പ്രധാനം. കോൾ സെന്ററുകൾക്കു പകരം എഐ സോഫ്റ്റ്‌വെയർ ഉപയോഗം തുടങ്ങി. മനുഷ്യനെക്കാൾ നന്നായി എഐ മറുപടി പറയും. പക്ഷേ എഐ വ്യാപകമാകാൻ വർഷങ്ങളെടുക്കും.
വി.കെ. മാത്യൂസ്