ADVERTISEMENT

ന്യൂഡൽഹി∙ നിർദിഷ്ട ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല. 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും. ദിവസവും ടോൾ പാതകളിലൂടെ ഹ്രസ്വദൂരം സഞ്ചരിക്കുന്നവർക്ക് ഇത് ഗുണകരമാകും.

ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റ‍ലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം ചട്ടം വിജ്ഞാപനം ചെയ്തു. 2024ലെ ദേശീയപാതാ ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ടോൾ ബാധകമായ പാതകളിൽ നാഷനൽ പെർമിറ്റ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഒരു ദിവസം ഇരുദിശകളിലേക്കും സഞ്ചരിക്കുന്ന ആദ്യ 20 കിലോമീറ്റർ ദൂരത്തിനാണ് ടോൾ ബാധകമല്ലാത്തത്. ഉദാഹരണത്തിന് ഒരാൾ 21 കിലോമീറ്ററാണ് യാത്ര ചെയ്യുന്നതെങ്കിൽ മുഴുവൻ ദൂരത്തിനും ടോൾ നൽകണം.

ഉപഗ്രഹാധിഷ്ഠിത ടോൾ യാത്രകൾക്കായി നിലവിലെ ടോൾ പ്ലാസകളിൽ പ്രത്യേക ലെയ്നുണ്ടാകും. മറ്റ് ലെയ്നുകളിൽ നിന്നു വ്യത്യസ്തമായി വാഹനങ്ങൾ തടയാനുപയോഗിക്കുന്ന ബാരിയറുകൾ ഇവിടെ തുറന്നപടിയായിരിക്കും. ജിപിഎസ് ട്രാക്കിങ് സംവിധാനമില്ലാത്ത വാഹനങ്ങൾ ഈ ലെയ്നിൽ പ്രവേശിച്ചാൽ ടോളിന്റെ ഇരട്ടിത്തുക പിഴയായി ഈടാക്കും.

ഫാസ്ടാഗിനു പകരം ‘ഒബിയു’

ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണു ടോൾ പിരിക്കുക. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടോൾ ഈടാക്കും. നിലവിൽ വാഹനത്തിൽ പതിച്ചിരിക്കുന്ന ഫാസ്ടാഗ് ആർഎഫ്ഐഡി ടാഗ് ടോൾ ബൂത്തുകളിൽ സ്കാൻ ചെയ്താണ് പിരിവ്. ഇനി മുതൽ കാറിൽ ഘടിപ്പിക്കുന്ന സാറ്റ‍ലൈറ്റ് ട്രാക്കിങ് ഉപകരണം (ഓൺ ബോർഡ് യൂണിറ്റ്–ഒബിയു) ഉപയോഗിച്ചാകും പിരിവ്. വാഹനം നിശ്ചിത ദൂരം പിന്നിടുന്നത് ഉപഗ്രഹ മാപ്പിൽ കണക്കാക്കും.

ഫാസ്ടാഗ് നൽകുന്നതുപോലെ തന്നെയാകും ഒബിയുവിന്റെ വിതരണവും. ഫാസ്ടാഗ് പോലെ തന്നെ റീചാർജ് ചെയ്യാം. ആദ്യഘട്ടത്തിൽ വാണിജ്യവാഹനങ്ങളിലായിരിക്കും ജിഎൻഎസ്എസ്.

ദേശീയപാതയുടെ വശങ്ങളിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ ഈടാക്കിയേക്കില്ല. പ്രധാന പാതയ്ക്കു മാത്രമായിരിക്കും ടോൾ. 

ടോൾ ബാധകമായ സഞ്ചാരപാത മാപ്പിൽ അടയാളപ്പെടുത്തിയത്, വാഹനഉടമയ്ക്ക് എസ്എംഎസ് ആയി അയച്ചുനൽകും.

English Summary:

Satellite-based toll as rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com