സ്വർണ വിലയിൽ നേരിയ കുറവ്; മുൻകൂർ ബുക്കിങ്ങിന് പ്രയോജനപ്പെടുത്താം, മാറ്റമില്ലാതെ വെള്ളി വില
Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,705 രൂപയായി. 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് പവൻ വില. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയർന്നിരുന്നു. സ്വർണ വില കുറയുന്നത് മുൻകൂർ ബുക്കിങ്ങിനായി പ്രയോജനപ്പെടുത്താമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുമാസം മുതൽ ഒരുവർഷം വരെ കാലയളവിലേക്ക് ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ പിന്നീട് വില വർധിച്ചാലും ഉപഭോക്താവിനെ ബാധിക്കില്ലെന്നതാണ് നേട്ടം. വില കുറഞ്ഞാൽ അത് നേട്ടമാകുകയും ചെയ്യും. ബുക്ക് ചെയ്ത ദിവസത്തെ വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത്, ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ 5-10% തുക മുൻകൂർ നൽകിയാണ് ബുക്ക് ചെയ്യാനാകുക.
18 കാരറ്റും വെള്ളിയും
കനംകുറഞ്ഞതും കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഗ്രാമിന് ഇന്ന് 5 രൂപ കുറഞ്ഞ് 5,560 രൂപയായി. വെള്ളി വില ഗ്രാമിന് 90 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വിലയിൽ ചാഞ്ചാട്ടം
രാജ്യാന്തര വിലയിലുണ്ടായ ചാഞ്ചാട്ടമാണ് ഇന്ന് കേരളത്തിലും വില കുറയാനിടയാക്കിയത്. ഔൺസിന് 2,517 ഡോളർ വരെ ഉയർന്ന വില പിന്നീട് 2,509 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 2,517 ഡോളറിൽ. അമേരിക്കയിൽ കഴിഞ്ഞമാസത്തെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്നലെ പുറത്തുവന്നിരുന്നു. പണപ്പെരുപ്പം ഏവരും പ്രതീക്ഷിച്ച 2.6 ശതമാനത്തേക്കാളും താഴെ 2.5 ശതമാനത്തിലെത്തി. മൂന്നര വർഷത്തെ ഏറ്റവും താഴ്ചയാണിത്. അതേസമയം ഭക്ഷ്യ, ഊർജ വിലകളെ കൂട്ടാതെയുള്ള മുഖ്യ പണപ്പെരുപ്പം (core inflation) 3.2 ശതമാനമാണ്.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം 17-18 തീയതികളിൽ ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണ് സൂചനകൾ. പണപ്പെരുപ്പം കുറഞ്ഞെങ്കിലും പ്രതീക്ഷയ്ക്കൊത്ത് താഴ്ന്നില്ലെന്ന നിരാശ നിക്ഷേപകർക്കുണ്ട്. നേരത്തേ 0.50% വരെ പലിശനിരക്കിളവിന് സാധ്യതയുണ്ടെന്ന വിലയിരുത്തൽ ശക്തമായിരുന്നു. ഇപ്പോൾ 80% സർവേകളും വിലയിരുത്തുന്നത് 0.25% മാത്രം ഇളവ് ലഭിക്കുമെന്നാണ്.
ഇതാണ് സ്വർണ വിലയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചത്. പലിശനിരക്ക് കുറയുന്നത് സ്വർണത്തിന് നേട്ടമാകും. കാരണം പലിശ കുറഞ്ഞാൽ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും ദുർബലമാകും. സ്വർണത്തിന് ഡിമാൻഡ് കൂടും; വിലയും ഉയരും. ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനം വരുംവരെ സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകർ പറയുന്നത്.
ഇന്നൊരു പവൻ ആഭരണത്തിന് നികുതിയടക്കം വിലയെന്ത്?
53,640 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം 3% ജിഎസ്ടി, 53.10 ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 57,976 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,247 രൂപയും കൊടുക്കണം.