വ്യാജനുണ്ട്,സൂക്ഷിക്കുക! കേരയോടു സാദൃശ്യം തോന്നുന്ന വെള്ളിച്ചെണ്ണ നിർമിച്ചതിന് 7 ലക്ഷം രൂപ പിഴ
Mail This Article
കേരയോടു സാദൃശ്യം തോന്നുന്ന വിവിധ പേരുകളിൽ വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിൽ. ഇടുക്കിയിലെ ആദിവാസി ഊരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ നടപടിയുമായി കലക്ടർ. കേരഫെഡിന്റെ കേരയോട് സാദ്യശ്യം തോന്നുന്ന വിധത്തിൽ ഉദ്പാദിപ്പിച്ച് വിതരണം ചെയ്ത കേര ശക്തി എന്ന വെളിച്ചെണ്ണ സ്ഥാപനത്തിന് 7 ലക്ഷം രൂപ പിഴയിട്ടു. കേര ശക്തി, കേര സുഗന്ധി എന്നീ വെളിച്ചെണ്ണകള്‍ ആണ് ആദിവാസി ഊരുകളില്‍ നല്‍കിയത്.
കഴിഞ്ഞ മാസം വെണ്ണിയാനി ഊരില്‍ ലഭിച്ച ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത കുടുംബാംഗങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഒന്നര വയസുള്ള കുട്ടികൾക്കുൾപ്പടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വെളിച്ചെണ്ണകളുടെ സാമ്പിള്‍, പട്ടിക വര്‍ഗ വികസന വകുപ്പ് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.
കേര വെളിച്ചണ്ണ വാങ്ങുന്നവർ കേരാ ഫെഡിന്റെ ലോഗോ ഉണ്ടെന്ന് ഉറപ്പു വരുത്തണം. കേരള സർക്കാർ സ്ഥാപനമായ കേരാഫെഡിന്റെ ഉൽപ്പന്നമായ കേര വെളിച്ചെണ്ണ സ്വന്തം ഫാക്ടറിയിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ കൊപ്രയിൽ നിന്നും ഉല്പാദിപ്പിക്കുന്ന 100 % ശുദ്ധമായ വെളിച്ചെണ്ണയാണെന്നും കേര ഫെഡ് അറിയിച്ചു.
ഓണവിപണിയിലെ വമ്പിച്ച വിൽപ്പന ലക്ഷ്യമാക്കി പല വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകളും അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം വെളിച്ചെണ്ണകൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും അധികൃതർ അറിയിച്ചു
നമ്മൾ മലയാളികളുടെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. പക്ഷേ ആരോഗ്യത്തിനു വളരെ ഗുണകരമായ ഒന്നാണെന്നിരിക്കെ മായം കലർന്ന വെളിച്ചെണ്ണ മനുഷ്യ ശരീരത്തിന് വളരെ അപകടകരമായ ഒന്നാണ്. ഇത് മാരകമായ പല അസുഖങ്ങൾക്കും കാരണമാകുന്നുവെന്നും അധികൃതർ പറയുന്നു.