സ്വർണത്തെക്കാൾ ലാഭം സിഗരറ്റ് ; കള്ളക്കടത്തിൽ ‘ വെള്ളപ്പുക’
Mail This Article
നെടുമ്പാശേരി ∙ വിമാനത്താവളം വഴി വിദേശത്തുനിന്നുള്ള സിഗരറ്റ് കള്ളക്കടത്ത് വർധിക്കുന്നു. ഇറക്കുമതി സിഗരറ്റുകൾക്കു വലിയ ലാഭം ലഭിക്കുമെന്നതിനാൽ രാജ്യത്തെ സിഗരറ്റ് കള്ളക്കടത്ത് സംഘം സജീവമായിരിക്കുകയാണ്. സ്വർണത്തിനു നികുതി കുറച്ചതോടെയാണ്, കൂടുതൽ ലാഭകരമായ സിഗരറ്റ് കടത്ത് വർധിച്ചത്. രാജ്യത്തെ സിഗരറ്റ് വിപണിയുടെ 25 ശതമാനത്തോളം കള്ളക്കടത്തു സിരഗറ്റാണെന്നാണു കണക്ക്. ഇതുവഴി ഏതാണ്ട് 20,000 കോടി രൂപയുടെ നികുതി വെട്ടിപ്പാണു നടക്കുന്നത്.
ഉയർന്ന നികുതി നിരക്കാണു കള്ളക്കടത്ത് വർധിക്കാൻ കാരണം. 1000 സിഗരറ്റുകൾ അടങ്ങിയ കാർട്ടണ് കേന്ദ്ര എക്സൈസ് തീരുവ ഇനത്തിൽ 1630 മുതൽ 4170 രൂപ വരെ നൽകണം. ഇനവും നീളവും അനുസരിച്ച് നികുതിയിൽ വ്യത്യാസമുണ്ട്. ജിഎസ്ടി 28%. ദുരന്ത നിവാരണ ഫണ്ടായി 1000 സിഗരറ്റിന് 50 രൂപയും. സംസ്ഥാനങ്ങളുടെ വാറ്റ് നികുതി 12.5 മുതൽ 20% വരെ. ഇതിനു പുറമേ, പല സംസ്ഥാനങ്ങളും ആഡംബര നികുതിയും ഈടാക്കുന്നുണ്ട്. എല്ലാം ചേർന്ന് 60% വരെയാണ് സിഗരറ്റിൻമേലുള്ള നികുതി.
സിഗരറ്റ് കള്ളക്കടത്തിൽ ഇന്ത്യ ലോകത്തു മൂന്നാം സ്ഥാനത്താണ്. രാജ്യത്തെ സിഗരറ്റ് കള്ളക്കടത്ത് പ്രതിവർഷം ഏതാണ്ട് 3000 കോടിയാണെന്ന് കണക്കാക്കപ്പെടുന്നു. മൂല്യം– 10,000 കോടിയിലേറെ. ചൈനയും ബ്രസീലുമാണ് ഇന്ത്യയ്ക്കു മുന്നിൽ.
ചൈന, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിഗരറ്റുകളാണ് കള്ളക്കടത്തായി എത്തുന്നതിലേറെയും. വിമാന മാർഗമെത്തുന്നതിന്റെ നാലിരട്ടി കപ്പലിലും കൊറിയർ മാർഗവുമെത്തുന്നുണ്ട്. വിമാനത്താവളങ്ങളിൽ സിഗരറ്റ് കള്ളക്കടത്ത് പിടികൂടുന്നതിന് പ്രത്യേക പരിശോധനാ സംവിധാനങ്ങളില്ല. യാത്രക്കാരിൽ സംശയം തോന്നുന്നവരെ പിടികൂടി ചോദ്യം ചെയ്യുക മാത്രമാണ് പോംവഴി. കഴിഞ്ഞ 2 വർഷത്തിനിടെ രാജ്യത്ത് വിവിധയിടങ്ങളിലായി കസ്റ്റംസ്, ഡിആർഐ എന്നിവ ചേർന്ന് പിടികൂടിയത് 218 കോടി രൂപ മൂല്യമുള്ള സിഗരറ്റുകളാണ്. കൊച്ചി വിമാനത്താവളത്തിൽ മാത്രം ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 4 കോടിയുടെ കള്ളക്കടത്ത് സിഗരറ്റ് കസ്റ്റംസ് പിടികൂടിയിരുന്നു.