എൽജിയുടെ ഇന്ത്യൻ ഐപിഒ അടുത്ത വർഷം? ലക്ഷ്യം ബില്യൺ ഡോളർ സമാഹരണം
Mail This Article
പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജി ഇന്ത്യയിൽ ഉന്നമിടുന്നത് 'ബില്യൺ ഡോളർ' പ്രാരംഭ ഓഹരി വിൽപന (ഐപിഒ). 100 കോടി ഡോളർ മുതൽ 150 കോടി ഡോളർ വരെയാണ് ഐപിഒ വഴി സമാഹരിക്കാൻ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ. ഇത് ഏകദേശം 12,600 കോടി രൂപവരെ വരും. ഈ നിരക്കിൽ ഐപിഒ യാഥാർഥ്യമായാൽ എൽജി ഇന്ത്യക്ക് 1,300 കോടി ഡോളർ (ഏകദേശം 1.09 ലക്ഷം കോടി രൂപ) വിപണിമൂല്യം ലഭിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഐപിഒയുടെ നടപടികൾക്കായി ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ, സിറ്റി ഗ്രൂപ്പ്, ജെപി മോർഗൻ ചെയ്സ്, മോർഗൻ സ്റ്റാൻലി എന്നിവയെ എൽജി ചുമതലപ്പെടുത്തിയെന്നും അറിയുന്നു. ഐപിഒ നടത്തുന്നതിനുള്ള അപേക്ഷകളും രേഖകളും അടുത്തമാസം എൽജി ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) സമർപ്പിച്ചേക്കും.
ഹ്യുണ്ടായ്ക്ക് പിന്നാലെ എൽജിയും
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിയും ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നതിന് പിന്നാലെയാണ് അവിടെ നിന്നുതന്നെ എൽജിയും ഇതേ ലക്ഷ്യവുമായി എത്തുന്നത്. 25,000 കോടി രൂപ ഉന്നമിടുന്നതായിരിക്കും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒ. ഇത് യഥാർഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടവും ഹ്യുണ്ടായ് സ്വന്തമാക്കും. 2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടേതാണ് നിലവിലെ റെക്കോർഡ് ഐപിഒ. എന്തുകൊണ്ടാണ് എൽജിയും ഹ്യുണ്ടായിയും പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽ ഐപിഒ സംഘടിപ്പിക്കുന്നത്? അതിനുള്ള കാരണം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.