ADVERTISEMENT

ന്യൂഡൽഹി∙ 1991ലെ ഉദാരവൽക്കരണത്തിനു പിന്നാലെ സാമ്പത്തികരംഗത്ത് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കുതിച്ചുചാട്ടം നടത്തിയതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) പുതിയ റിപ്പോർട്ട്. 2023–24ൽ ഇന്ത്യയുടെ ആകെ ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനം) 30.6% കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

1991ലെ ഉദാരവൽക്കരണത്തിനു മുൻപ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രകടനം അത്ര വലുതായിരുന്നില്ല.

എന്നാൽ 1991നു ശേഷം എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ആളോഹരി വരുമാനം ദേശീയ ശരാശരിക്കും മുകളിലെത്തി.

1960 മുതൽ സാമ്പത്തികരംഗത്ത് സംസ്ഥാനങ്ങളുടെ പ്രകടനമാണ് പിഎം–ഇഎസിയുടെ പുതിയ റിപ്പോർട്ടിൽ താരതമ്യം ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ ആകെ ജിഡിപിയിൽ കേരളത്തിന്റെ വിഹിതത്തിൽ ഇടിവുണ്ടാകുന്നതായി റിപ്പോർട്ട് നിരീക്ഷിച്ചു. 1960–61ൽ 3.4 ശതമാനമായിരുന്നത് 2000–01ൽ 4.1 ശതമാനമായി ഉയർന്നു. എന്നാൽ അതിനുശേഷം ഇത് കുറഞ്ഞ് 2023–24ൽ 3.8 ശതമാനമായി. സംസ്ഥാന വിഹിതത്തിൽ ഇടിവുണ്ടാകുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനവും കേരളമാണെന്ന് പിഎം–ഇഎസി ചൂണ്ടിക്കാട്ടി.

ബംഗാളാണ് കനത്ത ഇടിവു നേരിട്ട സംസ്ഥാനം. 1960–61ൽ 10.5 ശതമാനമായിരുന്നു ജിഡിപി വിഹിതമെങ്കിൽ ഇപ്പോഴിത് 5.6 ശതമാനമാണ്. ആളോഹരി വരുമാനത്തിലും ഇടിവുണ്ടായി.മുൻ പ്രിൻസിപ്പൽ‌ ഇക്കണോമിക് അഡ്വൈസർ സഞ്ജീവ് സന്യാലും പിഎം–ഇഎസി ജോയിന്റ് ഡയറക്ടർ ആകാൻഷ അറോറയും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

കേരളത്തിന്റെ ജിഡിപി വിഹിതം

1960–61: 3.4%

1970-71: 3.8%

1980–81: 3.6%

1990-91: 3.2%

2000-01: 4.1%

2010-11: 3.8%

2020-21: 3.8%

2023-24: 3.8%

English Summary:

Prime Minister's Economic Advisory Committee Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com