പലിശക്കുറവ് ഏശിയില്ല; ലാഭമെടുപ്പിൽ സ്വർണവില മലക്കംമറിഞ്ഞു, റെക്കോർഡ് തൊട്ടിറങ്ങി രാജ്യാന്തര വില
Mail This Article
പ്രതീക്ഷിച്ചതുപോലെ അമേരിക്ക അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുകയും പിന്നാലെ രാജ്യാന്തര സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തുകയും ചെയ്തെങ്കിലും, സ്വർണ വില ഏറെ വൈകാതെ നിലംപൊത്തി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ 0.50% കുറവാണ് ഇന്നലെ ഇന്ത്യൻ സമയം രാത്രി 11ഓടെ വരുത്തിയത്. പിന്നാലെ രാജ്യാന്തര സ്വർണ വില ഔൺസിന് 2,598.40 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തി. എന്നാൽ, ഉയർന്ന വില മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ വില 2,548.32 ഡോളറിലേക്ക് കൂപ്പുംകുത്തി.
അമേരിക്ക പലിശ കുറച്ചാൽ രാജ്യാന്തര വില കുതിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് കേരളത്തിലെ വിലയും കുതിച്ചുയരാൻ വഴിവയ്ക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, രാജ്യാന്തര വില കീഴ്മേൽ മറിഞ്ഞതിനാൽ ഇന്ന് കേരളത്തിൽ സ്വർണ വില കുറയുകയാണുണ്ടായത്.
കേരളത്തിൽ വിലയിറങ്ങി
സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 6,825 രൂപയായി. പവന് 200 രൂപ താഴ്ന്ന് വില 54,600 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നുദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർന്ന് ഇന്ന് 59,105 രൂപ കൊടുത്താൽ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാം. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,388 രൂപ. ഇന്നലത്തെ വിലയേക്കാൾ പവന് 345 രൂപയും ഗ്രാമിന് 43 രൂപയും ഇന്ന് കുറഞ്ഞു.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,665 രൂപയിലെത്തി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 95 രൂപയിലാണ് ഇന്നും വ്യാപാരം.
ഇനി വില എങ്ങോട്ട്?
നിക്ഷേപകരുടെ 'ലാഭക്കൊതി'യാണ് റെക്കോർഡ് ഉയരത്തിൽ നിന്ന് രാജ്യാന്തര സ്വർണ വിലയെ താഴ്ത്തിയത്. ഇന്നലെ യുഎസ് ഫെഡ് പലിശനിരക്ക് കുറച്ചപ്പോൾ യുഎസ് ഡോളർ ഇൻഡെക്സ് 14-മാസത്തെ താഴ്ചയിലേക്ക് വീണിരുന്നു. യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) ദുർബലമായി. ഇതാണ് സ്വർണ വിലയെ പുതിയ റെക്കോർഡിലേക്ക് ഉയർത്തിയത്. പിന്നാലെ ലാഭമെടുപ്പിൽ തെന്നി വീഴുകയും ചെയ്തു.
ഇത് താൽകാലികമാണെന്ന് കരുതുന്നവരുണ്ട്. 2024ൽ രണ്ടുതവണ കൂടി യുഎസ് ഫെഡിന്റെ പണനയ സമിതി യോഗം ചേരും. രണ്ടുതവണയായി ഈ വർഷം അരശതമാനം കൂടി കുറവ് പലിശനിരക്കിൽ വരുത്തിയേക്കുമെന്നും കരുതുന്നു. അങ്ങനെയെങ്കിൽ സ്വർണ വില കൂടാൻ തന്നെയാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. മധ്യേഷ്യയിൽ ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം കനക്കുന്നതും സ്വർണ വിലയെ മുന്നോട്ട് നയിച്ചേക്കും.
സ്വർണാഭരണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടത്
വിവാഹ ആവശ്യത്തിനും മറ്റുമായി ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർ, വില കുറഞ്ഞുനിൽക്കുമ്പോൾ അഡ്വാൻസ് ബുക്കിങ് നടത്തുന്നത് ഗുണം ചെയ്യും. ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. ബുക്ക് ചെയ്തശേഷം പിന്നീട് വില കൂടിയാലും ബാധിക്കില്ല. എന്നാൽ, വില കുറഞ്ഞാൽ ആ വിലയ്ക്ക് സ്വർണം വാങ്ങുകയും ചെയ്യാം. ഒട്ടുമിക്ക മുൻനിര ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം നൽകുന്നുണ്ട്.