കർഷകവിരുദ്ധം, നിഗൂഢം; ചൈനയുടെ 'വ്യാപാരക്കെണിയിൽ' വീഴാനില്ലെന്ന് ഇന്ത്യ;
Mail This Article
ചൈന മുൻകൈയെടുത്ത് രൂപീകരിച്ചതും ആഗോള ജിഡിപിയുടെ 30 ശതമാനത്തെ സ്വാധീനിക്കുന്നതുമായ വ്യാപാര പങ്കാളിത്ത കരാറിൽ ചേരാനില്ലെന്ന് ഇന്ത്യ. 10 ആസിയാൻ രാജ്യങ്ങളും ഏഷ്യ-പസഫിക്കിലെ 5 രാജ്യങ്ങളും ഉൾപ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത (റീജണൽ കോംപ്രഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്/RCEP) വ്യാപാരക്കറാറിൽ ചേരാൻ ഇന്ത്യയില്ലെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലാണ് വ്യക്തമാക്കിയത്.
ചൈനയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ എർപ്പെടുന്നത് ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. കർഷകർക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും അത് ദോഷം ചെയ്യും. ഇന്ത്യക്ക് ആസിയാൻ രാജ്യങ്ങളുമായും ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ് എന്നിവയുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ട്.
ചൈനീസ് വ്യാപാരക്കരാറുകളും ഇടപാടുകളും നിഗൂഢമാണ്. നമ്മുടേത് സുതാര്യ സമ്പദ്‍വ്യവസ്ഥയാണ്. ഇന്ത്യയും സുതാര്യമല്ലാത്ത ചൈനയുമായി സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാറിൽ ഏർപ്പെടുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നയങ്ങൾ സ്വന്തം താൽപര്യത്തിനായി വളച്ചൊടിച്ച് ചൈന മറ്റ് രാജ്യങ്ങളിൽ വിലയും നിലവാരവും കുറഞ്ഞ ഉൽപന്നങ്ങൾ തള്ളുകയാണെന്നും പീയുഷ് ഗോയൽ പറഞ്ഞു. സ്റ്റീലും കാറുകളും സോളാൽ പാനലുകളും വരെ ഇതിലുൾപ്പെടുന്നു.
2020ലാണ് ചൈനയുടെ ആഭിമുഖ്യത്തിൽ ആർസിഇപിക്ക് തുടക്കമായത്. 10 ആസിയാൻ രാജ്യങ്ങളും ന്യൂസിലൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നിവയുമാണ് പദ്ധതിയിലുള്ളത്. 2013ൽ ആർസിഇപി സംബന്ധിച്ച ആദ്യഘട്ട ചർച്ചകളിൽ ഇന്ത്യയുമുണ്ടായിരുന്നു. എന്നാൽ, ആർസിഇപിയിൽ ചേരേണ്ടെന്ന് 2019ൽ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
സെമികണ്ടക്ടർ രംഗത്ത് 'തായ്‍വാൻ പ്ലസ് വൺ'
കോവിഡാനന്തരം ചൈനയിൽ നിന്ന് വിവിധ കമ്പനികൾ ഫാക്ടറികൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്ന പ്രവണതയെ തുടർന്ന് ഉയർന്നുവന്ന പ്രയോഗമാണ് ചൈന പ്ലസ് വൺ. സെമികണ്ടക്ടർ (ചിപ്പ്) നിർമാണരംഗത്ത് തായ്‍വാന് പുറത്ത് ഫാക്ടറികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് ഇന്ത്യ അനുയോജ്യമാണെന്ന് പീയുഷ് ഗോയൽ പറഞ്ഞു.
2030ഓടെ ആഗോള സെമികണ്ടക്ടർ ഡിമാൻഡ് 100 ബില്യൺ ഡോളർ ആകുമെന്നാണ് കരുതുന്നത്. ചിപ്പ് നിർമാണത്തിൽ യുഎസ്, തായ്‍വാൻ, ദക്ഷിണ കൊറിയ എന്നിവയെപ്പോലെ വലിയ ഹബ്ബായി മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഗുജറാത്തിൽ ഇന്ത്യയുടെ നാലാമത്തെ സെമികണ്ടക്ടർ പ്ലാന്റ് അടുത്തിടെ പ്രവർത്തനം തുടങ്ങിയിരുന്നു. ടാറ്റാ ഇലക്ട്രോണിക്സും തായ്‍വാന്റെ പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിങ് കോർപ്പറേഷനും ചേർന്നുള്ള ഈ സംരംഭത്തിൽ നിന്ന് ആദ്യബാച്ച് സെമികണ്ടക്ടറുകൾ 2025 അവസാനമോ 2026ന്റെ തുടക്കത്തിലോ വിപണിയിലെത്തും. നിലവിൽ ആഗോള ചിപ്പ് നിർമാണരംഗത്ത് 44% വിപണിവിഹിതവുമായി തായ്‍വാൻ ഒന്നാംസ്ഥാനത്താണ്. ചൈന (28%), ദക്ഷിണ കൊറിയ (12%), യുഎസ് (6%), ജപ്പാൻ (2%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.