കിട്ടിയാൽ... ലോട്ടറി! കുഞ്ഞൻ മൂലധനം കൊണ്ട് വമ്പൻ നേട്ടം; ഐപിഒ നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ടത്
Mail This Article
2024ലെ തിരുവോണം ബംപറിന്റെ 85 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോകുമെന്നു പ്രതീക്ഷിക്കുന്നത്. 500 രൂപയാണ് ടിക്കറ്റ് വില. അത്തരം 30 ടിക്കറ്റ് എടുക്കാൻ 15,000 രൂപ ആവശ്യമാണ്. പക്ഷേ, ‘കിട്ടിയാൽ കിട്ടി പോയാൽ പോയി’ എന്ന ലളിതസൂത്രം മാത്രമാണവിടെ പ്രവർത്തിക്കുന്നത്. തികച്ചും ഊഹത്തിലൂന്നിയുള്ള ഒരു സാമ്പത്തിക ഇടപാട്! എന്നാൽ ഇതേ 15,000 രൂപ മൂലധനമാക്കിക്കൊണ്ട് ഒരു ഉഗ്രൻ അവസരം പരിചയപ്പെട്ടാലോ? വർഷത്തിൽ ഇത്തരം ഒട്ടേറെ അവസരങ്ങളും ഉണ്ടാകാം. മികച്ച കമ്പനികളുടെ ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) വഴിയാണ് ഇത്തരം അവസരങ്ങൾ നമുക്കു തുറന്നു കിട്ടുന്നത്.
മികച്ച പ്രവർത്തന ചരിത്രമുള്ള ഒരു സ്വകാര്യ കമ്പനി അതിന്റെ ഉടമസ്ഥാവകാശം പൊതുജനങ്ങളുമായി പങ്കുവയ്ക്കാൻ തീരുമാനിക്കുമ്പോഴാണ് ഒരു ഐപിഒ യാഥാർഥ്യമാകുന്നത്. അതിനായി ഈ കമ്പനി ഒരു പബ്ലിക് കമ്പനിയായി രൂപമാറ്റം വരുത്തുകയും തങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം പൊതുജനങ്ങൾക്കായി നീക്കി വയ്ക്കുകയും ചെയ്യുന്നു. മികച്ച ഗ്രേഡും റേറ്റിങ്ങും ലഭിക്കുന്ന കമ്പനികളുടെ ഓഹരികളിൽ ഐപിഒ വഴി നിക്ഷേപം നടത്തുന്നത് ഒരു പരിധി വരെ യുക്‌തസഹമാണെന്നു പറയാം.
സാധാരണ ഗതിയിൽ 3 ദിവസമാണ് ഐപിഒ വഴിയുള്ള വിൽപനയുടെ കാലാവധി. മികച്ച ഐപിഒ ഗ്രേഡും മൂന്നാമത്തെ ദിവസം ഉച്ചവരെ 20 മടങ്ങിലേറെ ആവശ്യക്കാർ ഉണ്ടാവുകയും ചെയ്യുന്ന ഐപിഒകൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ദിവസം (സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇടപാടുകൾ നടത്തുവാൻ സാധിക്കുന്ന ആദ്യ ദിനം) തന്നെ 30 ശതമാനത്തിനു മുകളിൽ മൂലധന നേട്ടം ലഭിക്കാനുള്ള സാധ്യത ഏറെയാണ്; പ്രത്യേകിച്ചും ഇപ്പോഴത്തെ ബുള്ളിഷ് തരംഗത്തിൽ.
അതിനാൽ മൂന്നാമത്ത ദിവസം നിക്ഷേപ തീരുമാനമെടുക്കുന്നത് കുറെക്കൂടി യുക്തിഭദ്രമായിരിക്കും. ഓൺലൈനായി തന്നെ ഐപിഒ നിക്ഷേപം നടത്താം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15,000 രൂപയോളം ബാലൻസ് ഉണ്ടാകണം. ഓഹരി ലഭിക്കുകയെങ്കിൽ അത് നിങ്ങളുടെ അക്കൗണ്ടിൽ നിന്നു ഡെബിറ്റ് ചെയ്യും. അതുവരെ അത് അക്കൗണ്ടിൽ തടഞ്ഞു വച്ചിരിക്കും. 2024 സെപ്റ്റംബർ 11നു ബജാജ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ ഒരു ലോട്ട് ഓഹരി (214 ഓഹരികൾ x 70 രൂപ നിരക്കിൽ = ആകെ നിക്ഷേപം 14980 രൂപ) ഐപിഒ വഴി അപേക്ഷിച്ച ഒരു വ്യക്തിക്ക്, അത് ലഭിച്ചത് സെപ്റ്റംബർ 12നാണ്. സെപ്റ്റംബർ 13ന് ആ വ്യക്തിയുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് 214 ഓഹരികൾ ക്രെഡിറ്റ് ആയി. അപേക്ഷിച്ചിട്ടും ഒരു ലോട്ടും ലഭിക്കാത്തവർക്കു സെപ്റ്റംബർ 14നകം തടഞ്ഞു വച്ച തുക സ്വതന്ത്രമാക്കി കിട്ടിയിട്ടുണ്ടാകും. സെപ്റ്റംബർ 16ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ 70 രൂപയെന്ന ഓഫർ വില 165 രൂപയായി ! അതായത് ലിസ്റ്റ് ചെയ്ത ദിവസം തന്നെ 14980 രൂപ 35310 രൂപയായി ഉയർന്നു. മൂലധനം ഇരട്ടിയിലധികമായി വെറും മണിക്കൂറുകൾ കൊണ്ട്! നേട്ടം 135%.
എപ്പോഴും ഐപിഒ വഴി ഇത്തരം നേട്ടം ഉണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. മികച്ച കമ്പനികളുടെ, മികച്ച വില നിലവാരത്തിലുള്ള ഐപിഒകൾ കണ്ടെത്തി നിക്ഷേപിക്കാൻ കഴിയണം. എൽഐസി, പേടിഎം തുടങ്ങിയ കമ്പനികളുടെ ഐപിഒ ലിസ്റ്റ് ചെയ്തപ്പോൾ ഇത്തരം നേട്ടം ഉണ്ടായിട്ടില്ല എന്നതും ഓർക്കേണ്ടതുണ്ട്. അതിനാൽ നല്ല ഡിമാൻഡ് ഉണ്ടെന്നു ഉറപ്പായിട്ടു മാത്രം അപേക്ഷിക്കുന്നതു മികച്ച രീതിയാണ്.
ഐപിഒ വഴി ലഭിച്ച ഓഹരികൾ എപ്പോൾ വിൽക്കണം എന്നത് ഒരു ബുദ്ധിമുട്ടേറിയ ചോദ്യമാണ്. എന്നാലും ലിസ്റ്റ് ചെയ്ത ദിവസം തന്നെ പകുതിയോളം ഓഹരികൾ വിൽക്കുന്നത് ബുദ്ധിപരമായിരിക്കും. ബാക്കി 25% രണ്ടാം ദിനവും ബാക്കി 25% മൂന്നാം ദിനം രാവിലെയും വിൽക്കാം. ഇപ്പോഴത്തെ ബുൾ മാർക്കറ്റിൽ ഐപിഒ ലിസ്റ്റ് ചെയ്യുന്നത് വലിയ പ്രീമിയത്തിലാണ്. അതിനാൽ 6 മാസം കഴിഞ്ഞ ശേഷം അതെ ഓഹരികൾ തിരിച്ചു വാങ്ങി നിക്ഷേപം തുടരുന്നതും നല്ലതാണ്. അപ്പോഴേക്കും ഐപിഒ മൂലമുണ്ടായ വലിയ പ്രീമിയം സാധാരണ വില നിലവാരത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതലായിരിക്കും.
(ശ്രദ്ധിക്കുക: ഓഹരി വിപണിയിലെ നിക്ഷേപ തീരുമാനങ്ങൾ നിക്ഷേപകർ സ്വയം എടുക്കേണ്ടതാണ്. മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ഏതെങ്കിലും ഓഹരികൾ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശങ്ങൾ അല്ല)
ഡോ.രഞ്ജിത് സുഭാഷ്
റിസർച് ഓഫിസർ
എസ്‌സിഇആർടി കേരളം
renjithequity@gmail.com