ADVERTISEMENT

ഇൻകം ടാക്സ് ഫയൽ ചെയ്ത ശേഷം റീഫണ്ട് തുക അക്കൗണ്ടിലെത്താൻ ചിലർക്ക് മാസങ്ങളോളം സമയമെടുത്തേക്കാം. ഒരാഴ്ചയ്ക്കുള്ളിൽ പണം ലഭിക്കുന്ന കേസുകളുമുണ്ട്. റീഫണ്ട് വൈകുമ്പോൾ പലർക്കും സമ്മർദവും പതിവാണ്. റീഫണ്ട് തുക വൈകാനുള്ള കാരണങ്ങൾ പരിശോധിക്കാം.

ഫയൽ ചെയ്ത റിട്ടേൺ ‘പ്രോസസ്’ ചെയ്തതിനു ശേഷം മാത്രമാണ് റീഫണ്ട് ലഭിക്കുക. ഓരോ ബാച്ചുകളായാണ് റിട്ടേണുകളുടെ പ്രോസസിങ് നടക്കുന്നത്. അതിനാൽ റീഫണ്ട് പലർക്കും പല സമയത്താണു ലഭിക്കുക. റിട്ടേൺ പ്രോസസ് ആവുന്നതു വരെ കാത്തിരിക്കണം. റിട്ടേൺ പ്രോസസ് ചെയ്തു കഴിയുമ്പോൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഇമെയിൽ അഡ്രസിലേക്ക് റീഫണ്ട് സംബന്ധിച്ച വിവരണങ്ങളുമായി ഇമെയിൽ വരും. കൂടാതെ പ്രോസസിങ് നടന്നതിനു ശേഷം നികുതിദായകർ ആദായനികുതി പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ തന്നെ റീഫണ്ട് ആയി ലഭിക്കേണ്ട തുക ‘റീഫണ്ട് അവെയ്റ്റഡ്’ എന്ന വിശേഷണത്തോടു കൂടെ കാണാനാകും.

ഫയൽ ചെയ്ത റിട്ടേൺ പ്രോസസ് ചെയ്യുന്നതിന്റെ സ്ഥിതി അറിയുന്നതിനായി ആദായനികുതി ഇ ഫയലിങ് വെബ്സൈറ്റിൽ ലോഗിൻ ചെയ്തതിനുശേഷം മെനുവിൽ നിന്ന് ‘ഡാഷ്ബോർഡ്’ തിരഞ്ഞെടുക്കുക. പിന്നീട് വരുന്ന പേജിന്റെ ആദ്യത്തെ ഐറ്റം ആയ ‘വ്യൂ ITR സ്റ്റേറ്റസ്’ ക്ലിക്ക് ചെയ്‌താൽ ഫയൽ ചെയ്തതു മുതൽ ഇതുവരെ ഏതൊക്കെ ഘട്ടങ്ങൾ കഴിഞ്ഞു എന്നു കൃത്യമായി കാണാം.

റീഫണ്ട് വരുന്നതിനായി ആദായനികുതി റിട്ടേണിൽ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാവണം. വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത് മെനുവിൽ നിന്ന് ഡാഷ്ബോർഡ് തിരഞ്ഞെടുക്കുക. അടുത്ത പേജിൽ ഇടതു ഭാഗത്തായി വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കാണിക്കുന്ന പേജിലേക്കുള്ള ലിങ്ക് കാണാം. ‘വാലിഡേറ്റഡ്’, ‘എലിജിബിൾ ഫോർ റീഫണ്ട്’ എന്നീ വിശേഷണങ്ങളോടു കൂടി റീഫണ്ടിനായി റിട്ടേണിൽ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് കാണുന്നുണ്ടോ എന്നു പരിശോധിക്കുക. ഈ വിശേഷണങ്ങളോടു കൂടി കാണുന്ന അക്കൗണ്ടിലേക്കു മാത്രമേ റീഫണ്ട് വരൂ. കൂടാതെ ആ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിയിൽ ‘നോമിനേറ്റ് ഫോർ റീഫണ്ട്’ എന്നു കാണുന്ന ഓപ്ഷൻ സിലക്ട് ചെയ്തിട്ടുള്ളതായും ഉറപ്പു വരുത്തുക.

റീഫണ്ട് ‘ഫെയിൽ’ ആയി എന്നു പറഞ്ഞുകൊണ്ടുള്ള ഇമെയിലോ എസ്എംഎസോ ആദായനികുതി വകുപ്പിൽ നിന്നു വന്നാൽ മാത്രമേ റീഫണ്ട് രണ്ടാമത് അപേക്ഷിക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് കടക്കേണ്ടതുള്ളൂ . ബാങ്ക് അക്കൗണ്ട് സംബന്ധിച്ച പ്രശ്നങ്ങളോ മറ്റു കാരണങ്ങളാലോ റീഫണ്ട് പരാജയപ്പെട്ടാൽ പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷം റീഫണ്ട് വീണ്ടും ഇഷ്യൂ ചെയ്യുന്നതിനുള്ള ‘റീഫണ്ട് റീ ഇഷ്യു’ അപേക്ഷ പോർട്ടലിൽ ഓൺലൈൻ ആയി നൽകാവുന്നതാണ്.

പോർട്ടലിൽ നൽകിയിട്ടുള്ള ഹെൽപ്ഡെസ്ക് നമ്പറുകളിൽ വിളിച്ചു ചോദിച്ചാലും റീഫണ്ട് സംബന്ധിച്ച വിവരങ്ങൾ അറിയാം. ആദായ നികുതി വെബ്സൈറ്റിലെ പ്രൊഫൈൽ പേജിൽ പ്രൈമറി നമ്പർ ആയി കൊടുത്തിരിക്കുന്ന ഫോണിൽ നിന്നാണ് ഹെൽപ്ഡെസ്കിലേക്കു വിളിക്കേണ്ടത്.
 

English Summary:

Why is the Income Tax Refund delayed?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com