തെറ്റിദ്ധരിപ്പിക്കുന്ന സറഗേറ്റ് പരസ്യങ്ങൾ: അന്തിമ മാർഗരേഖ ഉടൻ
Mail This Article
ന്യൂഡൽഹി∙ പരസ്യം ചെയ്യാൻ നിരോധനമുള്ള വസ്‌തുക്കളുടെ പരസ്യം മറ്റെന്തെങ്കിലും ഉൽപന്നങ്ങളുടേതെന്ന വ്യാജേന നൽകുന്ന സറഗേറ്റ് പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള അന്തിമ മാർഗരേഖ ഉടൻ. ഇതിനു പുറമേ കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാനും, പരസ്യങ്ങളിലെ പരിസ്ഥിതി സൗഹൃദ അവകാശവാദങ്ങൾ നിയന്ത്രിക്കാനും മാർഗരേഖ വരും. ഇവയിൽ പലതിന്റെയും കരടുരൂപത്തിന്മേൽ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അഭിപ്രായം തേടിയിരുന്നു.
മദ്യം, ബീയർ, പുകയില, സിഗരറ്റ്, ബീഡി തുടങ്ങിയവയുടെ സറഗേറ്റ് പരസ്യങ്ങളാണ് പ്രധാനമായും നിയന്ത്രിക്കുക.
വിലക്കുള്ള വസ്തുവുമായി ബന്ധപ്പെട്ട ലോഗോ, നിറം, ലേഔട്ട്, അവതരണം എന്നിവ ഉപയോഗിക്കുന്നത് സംബന്ധിച്ച് ചട്ടത്തിൽ വ്യക്തത വരുത്തിയേക്കും.
കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളിൽ ‘100% ജോലി/ സിലക്‌ഷൻ ഉറപ്പ്’ എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്നാണ് കരടു മാർഗരേഖയിലുള്ളത്.