ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ നിർദിഷ്ട വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കുള്ള ടെൻഡർ രേഖ തയാറാണെങ്കിലും നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ മാർഗനിർദേശം കൂടി ലഭിച്ച ശേഷമാകും ടെൻഡറിങ്ങിലേക്കു കടക്കുക. പദ്ധതി ഒറ്റ ഘട്ടമായാണോ ഒന്നിലധികം ഘട്ടമായാണോ നടപ്പാക്കേണ്ടതെന്ന നിർദേശവും അടുത്തയാഴ്ച കേരളം സന്ദർശിക്കുന്ന കേന്ദ്രസംഘം നൽകും. എൻഐസിഡിസി സിഇഒയുടെ നേതൃത്വത്തിലുള്ള സംഘമാണു കേരളത്തിലെത്തുക.

ഡിപിആർ പ്രകാരം പദ്ധതി നടക്കുന്നുവെന്ന് ഉറപ്പാക്കാനായി നിയമിക്കുന്ന പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിയെ കണ്ടെത്താനാണ് ആദ്യത്തെ ടെൻഡർ വിളിക്കുക. പിഎംസിയെ തിരഞ്ഞെടുത്ത ശേഷമാകും പദ്ധതി നടത്തിപ്പിനുള്ള കമ്പനിയെ കണ്ടെത്താനുള്ള ടെൻ‍ഡർ. സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരും വ്യവസായ സ്മാർട്ട് സിറ്റിക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാരും 1710 കോടി രൂപ വീതം മുടക്കുമെന്നാണു ധാരണ. ഇതിൽ ഭൂമിയേറ്റെടുക്കലിനുള്ള തുക സംസ്ഥാനം ചെലവിട്ടു കഴിഞ്ഞു. ഇനി കേന്ദ്രത്തിന്റെ ഫണ്ട് ലഭിച്ചെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. ആയിരത്തിലധികം ഏക്കർ സ്ഥലം ഏറ്റെടുത്തിരിക്കുന്ന പുതുശ്ശേരി സെൻട്രലിലാണു പദ്ധതിയുടെ സിംഹഭാഗവും വരുന്നത്. ഇവിടെ ആദ്യം തുടങ്ങി വയ്ക്കാമെന്ന് എൻഐസിഡിസി തീരുമാനിച്ചാൽ ഘട്ടം ഘട്ടമായേ പദ്ധതി നടപ്പാക്കാൻ കഴിയൂ.

കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കാത്തിരുന്ന് ഒന്നരവർഷത്തോളം നഷ്ടമായതിനാൽ ഒറ്റ ഘട്ടമായിത്തന്നെ പദ്ധതി നടപ്പാക്കണമെന്നാണു സംസ്ഥാന സർക്കാരിന്റെ താൽപര്യം. എത്ര ഗഡുക്കളായി പണം അനുവദിച്ചാലും ഒറ്റ ഘട്ടമായിത്തന്നെ പദ്ധതി നടപ്പാക്കാമെന്ന താൽപര്യം സംസ്ഥാനം മുന്നോട്ടു വയ്ക്കും. കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ എന്ന പേരിൽ കേന്ദ്രവും സംസ്ഥാനവും ചേർന്നു പ്രത്യേകോദ്ദേശ്യ കമ്പനി (എസ്പിവി) രൂപീകരിച്ചിട്ടുണ്ട്. ടെൻഡർ എസ്പിവിയാണോ എൻഐസിഡിസിയാണോ വിളിക്കേണ്ടത് എന്ന കാര്യത്തിലും അന്തിമ തീരുമാനം കേന്ദ്രമെടുക്കും.

ഇടനാഴിയുടെ ഭാഗമായി കൊച്ചിയിൽ വിഭാവനം ചെയ്യുന്ന ഗ്ലോബൽ സിറ്റിക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കലിന് 850 കോടി രൂപ നൽകാനുള്ള സന്നദ്ധത കിഫ്ബി അറിയിച്ചിട്ടു മാസങ്ങളായി. എന്നാൽ കേന്ദ്രാംഗീകാരത്തിനായി കാക്കുകയാണു വ്യവസായ വകുപ്പ്. കിൻഫ്രയുടെ നേതൃത്വത്തിൽ, സമീപകാലത്തെ ഏറ്റവും വേഗമേറിയ ഭൂമിയേറ്റെടുക്കലാണു പാലക്കാട്ടെ വ്യവസായ സ്മാർട്ട് സിറ്റിയുടെ കാര്യത്തിലുണ്ടായത്. 1710 ഏക്കർ വേണ്ടതിൽ 1470 ഏക്കറിന്റെ പണം കൊടുത്തു കഴിഞ്ഞു. 

English Summary:

Learn about the latest developments in the Palakkad Industrial Smart City project, including the tendering process, NICDC guidelines, and the status of the Kochi Global City project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com