ADVERTISEMENT

ശതകോടീശ്വരൻ അനിൽ അംബാനി നയിക്കുന്ന റിലയൻസ് പവറിന്റെ ഓഹരികൾ കഴിഞ്ഞ 8 ദിവസമായി വ്യാപാരം ചെയ്യുന്നത് 5% വീതം മുന്നേറ്റവുമായി അപ്പർ-സർക്യൂട്ടിൽ. ഒരാഴ്ച മുമ്പ് 36.34 രൂപയായിരുന്ന വില ഇന്നുള്ളത് 46.36 രൂപയിൽ. 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി 48% കുതിച്ചുകഴിഞ്ഞു. 60 ശതമാനമാണ് മൂന്നുമാസത്തെ നേട്ടം. ഒരു വർഷത്തേത് 141%. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരി വില 2000 ശതമാനവും ഉയർന്നു. 18,622 കോടി രൂപയാണ് നിലവിൽ കമ്പനിയുടെ വിപണിമൂല്യം.

ഒരുലക്ഷം രൂപ 5 കൊല്ലം കൊണ്ട് 44 ലക്ഷം രൂപ!

നിങ്ങൾ 5 വർഷം മുമ്പ് റിലയൻസ് പവറിൽ ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എന്ന് കരുതുക. ഇപ്പോഴും ആ നിക്ഷേപം നിലനിർത്തുന്നുണ്ടെങ്കിൽ അത് വളർന്ന് 44.14 ലക്ഷം രൂപയായിട്ടുണ്ടാകും.

ലക്ഷ്യം പഴയപ്രതാപം വീണ്ടെടുക്കൽ

പ്രിഫറൻഷ്യൽ ഓഹരി വിൽപന വഴി 46.20 കോടി ഓഹരികൾ വിറ്റഴിച്ച് 1,525 കോടി രൂപ സമാഹരിക്കാൻ ഡയറക്ടർ‌ ബോർഡ് അനുമതി നൽകിയതിനെ തുടർന്നാണ് റിലയൻസ് പവർ ഓഹരികൾ മുന്നേറ്റമാരംഭിച്ചത്. തിരഞ്ഞെടുത്ത നിക്ഷേപകർക്ക് ഓഹരി വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്ന പ്രക്രിയയാണിത്. മാതൃകമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറാണ് ഇതുപ്രകാരം 600 കോടി രൂപ നിക്ഷേപിക്കുക. അതിസമ്പന്ന വ്യക്തികളായ (എച്ച്എൻഐ) സഞ്ജയ് കോത്താരി, സഞ്ജയ് ദാംഗി എന്നിവർ ചേർന്ന് 925 കോടി രൂപയും നിക്ഷേപിക്കും. 

അനിൽ അംബാനി (File Photo: PTI)
അനിൽ അംബാനി (File Photo: PTI)

കടം കുറയ്ക്കുക, ഹരിതോർജോൽപാദനം ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്ക് മൂലധനം ഉറപ്പാക്കുക, ഉപകമ്പനികൾക്ക് മൂലധന പിന്തുണ നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഇതുവഴി സമാഹരിക്കുന്ന തുക റിലയൻസ് പവർ പ്രയോജനപ്പെടുത്തുക. ഉപകമ്പനിയായ വിദർഭ ഇൻഡസ്ട്രീസ് പവർ സിഎഫ്എം അസറ്റ് റീകൺസ്ട്രക്ഷന് വീട്ടാനുള്ള 3,872.04 കോടി രൂപയുടെ കടം അടുത്തിടെ റിലയൻസ് പവർ വീട്ടിയിരുന്നു. ഇതോടെ സിഎഫ്എമ്മിന് ഈടുനൽകിയിരുന്ന വിദർഭയുടെ 100% ഓഹരികളും തിരികെ ലഭിച്ചു.

ഇതിനെല്ലാം പുറമേ മാതൃകമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറും സ്വന്തം കടബാധ്യത 3,831 കോടി രൂപയിൽ നിന്ന് 475 കോടി രൂപയിലേക്ക് കുത്തനെ കുറച്ചിരുന്നു. എൽഐസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്ക് വീട്ടാനുള്ള കടമാണ് പൂർണമായും അടച്ചുതീർത്തത്. റിലയൻസ് പവറിന്റെ ഉപകമ്പനിയായ റോസ പവറും സിംഗപ്പുർ കമ്പനിയായ വർദ് പാർട്ണേഴ്സിനുള്ള 850 കോടി രൂപയുടെ കടം വീട്ടി. കടബാധ്യതകൾ ഇല്ലാതാക്കി, പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനുള്ള റിലയൻസ് പവറിന്റെ ശ്രമങ്ങളാണ് കമ്പനിയുടെ ഓഹരികളെ തുടർച്ചയായി ഉയർത്തുന്നത്. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Reliance Power stock soars for 8 consecutive days, achieving 2000% growth in 5 years. Learn about the factors driving this surge, including debt reduction and green energy initiatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com