ADVERTISEMENT

ശമ്പളം, പെൻഷൻ, വികസന പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി കേരളം വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ‌ പോർട്ടൽ വഴി കേരളം 1,245 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷം (2024-25) ഏപ്രിൽ-ഡിസംബർ കാലയളവിൽ 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്.

debt-pik-kerala-rbi
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ഇ-കുബേർ‌ വഴി ഒക്ടോബർ ഒന്നിന് കടമെടുക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട്

ഈ തുക ഡിസംബർ വരെ കാത്തുനിൽക്കാതെ ഈ മാസത്തിന്റെ തുടക്കത്തോടെ തന്നെ കേരളം എടുത്തുതീർത്തു. ഓണക്കാല ചെലവുകൾക്കായി 5,000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചെങ്കിലും 4,200 കോടി രൂപ എടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. ഒക്ടോബർ ഒന്നിന് 1,245 കോടി രൂപ കൂടി എടുക്കുന്നതോടെ അധികമായി അനുവദിച്ച കടപരിധിയും തീരും. ഒക്ടോബർ ഒന്നോടെ നടപ്പുവർഷത്തെ മാത്രം കടമെടുപ്പ് 25,498 കോടി രൂപയാകും.

ഇനി കടുത്ത നിയന്ത്രണം
 

കടമെടുക്കാവുന്ന പരിധി ഒക്ടോബർ ഒന്നിന് അവസാനിക്കുന്നതോടെ സംസ്ഥാന സർക്കാരിന്റെ നില കൂടുതൽ പരുങ്ങലിലാകും. ഒക്ടോബർ-ഡിസംബർ കാലയളവിൽ പിന്നീട് കടമെടുക്കാനാവില്ല. വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ് (ഡബ്ല്യുഎംഎ) പരിധിയിൽ കേരളത്തിന് എടുക്കാവുന്ന കടം റിസർവ് ബാങ്ക് ഇക്കഴിഞ്ഞ ജൂണിൽ 2,308 കോടി രൂപയായി ഉയർത്തിയിരുന്നു. ബവ്റിജസ് കോർപ്പറേഷൻ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് തൽകാലത്തേക്ക് പണമെടുത്ത് ചെലവാക്കാനുള്ള നടപടികളുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സഹകരണ, ക്ഷേമനിധി സ്ഥാപനങ്ങൾ വഴി പണം നേടാനുള്ള നടപടികളും ഉണ്ടായേക്കാം. കള്ള് ചെത്ത് തൊഴിലാളി ബോർഡിൽ നിന്ന് കടമെടുക്കാനുള്ള നടപടികളും സർക്കാർ മുൻകാലങ്ങൾ സ്വീകരിച്ചിരുന്നു.

waysandmeanskerlae
കേരളത്തിന്റെ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ് പരിധി കൂട്ടിയത് സംബന്ധിച്ച റിപ്പോർട്ട്

നടപ്പുവർഷം (ഏപ്രിൽ-മാർച്ച്) ആകെ 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഡിസംബർ വരെയുള്ള പരിധിയായിരുന്നു 21,253 കോടി രൂപ. അതായത്, ജനുവരി-മാർച്ച് കാലയളവിൽ 16,259 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കഴിയേണ്ടതാണ്. എന്നാൽ, ഇതിൽ നിന്ന് 5,000 കോടി രൂപ മുൻകൂർ എടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ഓണത്തിന് മുമ്പ് ആവശ്യപ്പെട്ടതും കേന്ദ്രം 4,200 കോടി രൂപ എടുക്കാൻ അനുവദിച്ചതും. 

ഒക്ടോബർ-ഡിസംബർ കാലയളവിൽ പിടിച്ചുനിൽക്കുക എന്നതാണ് ഇനി വെല്ലുവിളി. ഇതിനായി ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയേക്കാം. ബില്ലുകൾ മാറാവുന്ന പരിധി അടുത്തിടെ 25 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി കുറച്ചിരുന്നു. കേരളത്തിന്റെ കടപരിധി തീരുമാനിച്ചതിൽ പൊരുത്തക്കേടുണ്ടെന്ന വാദം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ‌ ഉയർത്തിയിട്ടുണ്ടെന്നാണ് സൂചന. പൊരുത്തക്കേട് പരിഹരിച്ച് കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.

English Summary:

Kerala will borrow ₹1,245 crore through the e-Kuber portal, the RBI's core banking solution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com