ADVERTISEMENT

കോട്ടയം ∙ ഇന്ത്യയെ കണക്ട് ചെയ്തു കൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ കാൽ നൂറ്റാണ്ടിന്റെ നിറവിലേക്ക്. 2000 ഒക്ടോബർ ഒന്നിനാണു ഡിപ്പാർട്മെന്റ് ടെലി കമ്യൂണിക്കേഷന്റെ കീഴിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) രൂപീകൃതമായത്. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ രംഗത്തെ കുത്തകയായിരുന്ന ബിഎസ്എൻഎലിന്റെ തളർച്ചയും അതിൽ നിന്നുള്ള തിരിച്ചു വരവും എല്ലാം ചേർന്നുള്ള ത്രില്ലറാണു 25ാം വർഷത്തിലേക്ക് വിജയകരമായി കടക്കുന്നത്. രണ്ടര പതിറ്റാണ്ട് പൂർത്തിയാക്കുന്നതിനിടെ സ്വയം വിരമിക്കൽ പദ്ധതി വഴി പകുതിയോളം ജീവനക്കാർ പുറത്തു പോയതും സമാനതകളില്ലാത്ത ചരിത്രം.

വേഗം പോരാ

അതിവേഗം വികസിക്കുന്ന ടെലികോം മേഖലയിൽ ബിഎസ്എൻഎൽ പിന്നാക്കം പോയതു തീരുമാനങ്ങൾക്കു വേഗമില്ലാത്തതിനാൽ. 4ജി അവതരിപ്പിക്കാൻ വൈകുന്നത് ഏറ്റവും അവസാനത്തെ ഉദാഹരണം. മറ്റ് നെറ്റ്‌വർക്കുകൾ 5ജി അവതരിപ്പിച്ചു മുന്നേറുമ്പോൾ രാജ്യവ്യാപകമായി 4ജി ഇനിയും അവതരിപ്പിച്ചിട്ടില്ല.

തിരിച്ചു വരവ്

2009 സാമ്പത്തിക വർഷം വരെ ലാഭത്തിൽ പ്രവർത്തിച്ച കമ്പനി തിരിച്ചു വരവിനുള്ള ശ്രമമാണ്. ഫൈബർ കണക്‌ഷൻ വഴി അതിവേഗ ഇന്റർനെറ്റ് സേവനം അടക്കമുള്ള പദ്ധതികൾ ബിഎസ്എൻഎലിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന് ആക്കം കൂട്ടുന്നു. അടുത്തിടെ മറ്റു മൊബൈൽ സേവന ദാതാക്കൾ താരിഫ് വർധിപ്പിച്ചപ്പോൾ ബിഎസ്എൻഎല്ലിലേക്ക് ഉപയോക്താക്കൾ ഒഴുകിയതും കമ്പനി പ്രതീക്ഷയോടെ കാണുന്നു.

തദ്ദേശീയമായി വികസിപ്പിച്ച 4ജി അടക്കമുള്ള ഇടപെടലിലൂടെ ബിഎസ്എൻഎൽ തിരിച്ചു വരവിന്റെ പാതയിലാണ്. കസ്റ്റമർ ബേസ് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ മുന്നേറുന്നു. ലാൻഡ് ഫോൺ മാറി എഫ്ടിടിഎച്ച് വന്നതോടെ ഉപയോക്താക്കൾ മികച്ച പ്രതികരണമാണു നൽകുന്നത്. 5ജി ടെസ്റ്റിങ് നടക്കുന്നുണ്ട്. 

ബി.സുനിൽ കുമാർ, ചീഫ് ജനറൽ മാനേജർ ബിഎസ്എൻഎൽ, കേരള സർക്കിൾ 

ബിഎസ്എൻഎൽ പ്രധാന സംഭവങ്ങൾ

2000 ഒക്ടോബർ 1ന് നിലവിൽ വന്നു

2002 ജിഎസ്എം, ജിപിആർഎസ് സർവീസ് ആരംഭിച്ചു

2005 ബ്രോഡ്ബാൻഡ് സർവീസ് ആരംഭിച്ചു

2007 സെൽ വൺ എന്ന ബ്രാൻഡ് നെയിം ബിഎസ്എൻഎൽ മൊബൈൽ എന്നാക്കി

2008 സിഡിഎംഎ ടെക്നോളജിയിൽ പ്രിപെയ്ഡ് ഡേറ്റ സർവീസ് ആരംഭിച്ചു

2009 വയർലെസ് ബ്രോഡ്ബാൻഡ് സർവീസായ വൈമാക്സ് ആരംഭിച്ചു

2010 രാജ്യവ്യാപകമായി 3ജി സർവീസ് ആരംഭിച്ചു

2010 ഫൈബർ കേബിൾ വഴിയുള്ള ഫൈബർ ടു ദ് ഹോം പദ്ധതി ആരംഭിച്ചു

2013 ബിഎസ്എൻഎൽ മൈ ആപ്

2015 നാഷനൽ ഇൻകമിങ് റോമിങ് ചാർജ് ബിഎസ്എൻഎൽ അവസാനിപ്പിച്ചു.

2015 എൻജിഎൻ സ്വിച്ചിങ് ടെക്നോളജി ഉദ്ഘാടനം

2019 ബിഎസ്എൻഎൽ ഭാരത് ഫൈബർ ലോഞ്ച്

2019 ബിഎസ്എൻഎലിന് കേന്ദ്രസർക്കാരിന്റെ ഒന്നാം രക്ഷാ പാക്കേജ്. 69,000 കോടി രൂപ, സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു

2020 സ്വയം വിരമിക്കൽ പദ്ധതി വഴി ആകെയുണ്ടായിരുന്ന 153786ൽ 78,569 ജീവനക്കാർ കമ്പനി വിട്ടു

2020ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലേക്കുള്ള ഫൈബർ കേബിൾ കണക്‌ഷൻ 

2021 കേന്ദ്രത്തിന്റെ 1.64 ലക്ഷം കോടി രൂപയുടെ രണ്ടാം രക്ഷാ പാക്കേജ്

2021തദ്ദേശീയ ഉപകരണങ്ങൾ ഉപയോഗിച്ച് 4ജി നെറ്റ്‌വർക് സ്ഥാപിക്കാൻ തീരുമാനം

2023 കേന്ദ്രത്തിന്റെ മൂന്നാം രക്ഷാ പാക്കേജ്, 89,047 കോടി.

ബിഎസ്എൻഎൽ ഒറ്റനോട്ടത്തിൽ

ആകെ മൊബൈൽ ഉപയോക്താക്കൾ: 8.85 കോടി

ആകെ വയർലൈൻ ഉപയോക്താക്കൾ: 62.35 ലക്ഷം

ആകെ ജീവനക്കാർ: 55964

25 ടെലികോം സർക്കിളുകൾ, 2 ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, 2 മെട്രോ ഡിസ്ട്രിക്ട്, 2 കോർ നെറ്റ്‌വർക് ട്രാൻസ്മിഷൻ സർക്കിളുകൾ

(വിവരങ്ങൾ: ട്രായ്, ബിഎസ്എൻഎൽ)

English Summary:

BSNL's 25th Foundation Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com