ADVERTISEMENT

വായ്പ തിരിച്ചടവിലെ പുതു നിർദേശങ്ങൾ, സൈബർ തട്ടിപ്പുകൾ തടയാനുള്ള എസ്എംഎസ് മാർഗനിർദേശങ്ങൾ എന്നിങ്ങനെ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ഒക്ടോബറിൽ നിങ്ങളെ കാത്തിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ നോക്കാം.

എസ്എംഎസിൽ സുരക്ഷിത ലിങ്കുകൾ

വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ ഉപയോക്താക്കൾക്ക് ഇന്നു മുതൽ എസ്എംഎസുകൾ വഴി സുരക്ഷിതമായ ലിങ്കുകൾ മാത്രമേ അയയ്ക്കാൻ കഴിയൂ. ടെലികോം സേവനദാതാവിൽ നിന്ന് മുൻകൂറായി അംഗീകാരം ലഭിച്ച (വൈറ്റ്‍ലിസ്റ്റഡ്) ലിങ്കുകൾ അല്ലെങ്കിൽ മെസേജ് ബ്ലോക്ക് ആകും. സൈബർ തട്ടിപ്പുകൾ തടയാനാണിത്.

ആധാർ എൻറോൾമെന്റ് ഐഡി വേണ്ട

an Indian man holding PAN and aadhaar cards on white background with selective focus or shallow depth of field
an Indian man holding PAN and aadhaar cards on white background with selective focus or shallow depth of field

ഇന്നു മുതൽ ആദായനികുതി റിട്ടേൺ, പാൻ ആപ്ലിക്കേഷൻ എന്നിവയിൽ ആധാർ നമ്പറിനു പകരം ആധാർ എൻറോൾമെന്റ് ഐഡി നൽകാനാവില്ല. പാൻ ദുരുപയോഗം ചെയ്യാതിരിക്കാനാണിത്.

വിവാദ് സെ വിശ്വാസ്

‘വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതി ഇന്നു മുതൽ. ഡിസംബർ 31നു മുൻപ് ഡിക്ലറേഷൻ ഫയൽ ചെയ്യുന്നവർക്ക് കുറഞ്ഞ സെറ്റിൽമെന്റ് തുക അടച്ചാൽ മതിയാകും. ഇതിനു ശേഷമെങ്കിൽ ഉയർന്ന തുക നൽകണം. 4 വ്യത്യസ്ത ഫോമുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. വിവരങ്ങൾക്ക്: bit.ly/vivadse

ടെലികോം സേവനനിലവാരം മെച്ചപ്പെടും

A visitor talks on the phone in front of a 5G logo on the opening day of the MWC (Mobile World Congress) in Barcelona on February 28, 2022. - The world's biggest mobile fair is held from February 28 to March 3, 2022. (Photo by Pau BARRENA / AFP)
(Photo by Pau BARRENA / AFP)

മൊബൈൽ, ലാൻഡ്ഫോൺ, ബ്രോഡ്ബാൻഡ് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ മാനദണ്ഡം ഇന്നു നിലവിൽ വരും. എല്ലാ ടെലികോം കമ്പനികളും അവരുടെ മൊബൈൽ കവറേജിന്റെ വ്യാപ്തി അതത് സ്ഥലങ്ങളിൽ ലഭ്യമായ സാങ്കേതികവിദ്യ (2ജി/3ജി/4ജി/5ജി) അടക്കം മൊബൈൽ കവറേജ് മാപ്പ് ആയി ഇന്നു മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് നികുതി

ഡെറിവേറ്റീവ് ട്രേഡിങ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിന് (എഫ് ആൻഡ് ഒ) ഇന്നു മുതൽ ഉയർന്ന നികുതി (സെക്യൂരിറ്റീസ് ട്രാൻസാക‍്ഷൻ ടാക്സ്) ബാധകം.

ഓപ്ഷൻ സെയിലിന് 0.0625 ശതമാനമായിരുന്ന നികുതി 0.1 ശതമാനമായിരിക്കും. ഫ്യൂച്ചേഴ്സ് സെയിലിന്റെ നികുതി 0.0125 ശതമാനമായിരുന്നത് 0.02 ശതമാനമാക്കി.

ഓഹരികൾ തിരികെ വാങ്ങുമ്പോൾ ബാധ്യത

share-4-

നിലവിൽ കമ്പനി നിയമമനുസരിച്ച്‌ കമ്പനികൾ അവരുടെ തന്നെ ഓഹരികൾ തിരികെ വാങ്ങുമ്പോൾ ഓഹരി ഉടമയ്ക്കു കൊടുക്കുന്ന തുകയിന്മേലുള്ള നികുതി കമ്പനികൾ ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. എന്നാൽ, ഇന്നു മുതൽ ഓഹരി വാങ്ങിയപ്പോഴുള്ള മുതൽമുടക്കും കമ്പനിയിൽനിന്ന് കിട്ടുന്ന തുകയും തമ്മിലുള്ള വ്യത്യാസം ഡിവിഡൻഡ് ആയി കണക്കാക്കി ഓഹരി ഉടമ നികുതി അടയ്ക്കണം.

വായ്പ തിരിച്ചടവിൽ വ്യക്തത

ഇന്നു മുതലെടുക്കുന്ന എല്ലാ വായ്പകളിലും പലിശ, ചാർജുകൾ അടക്കമുള്ള ഇനത്തിൽ പ്രതിവർഷം എത്ര തുക അടയ്ക്കണമെന്ന കാര്യത്തിൽ ഇനി കൂടുതൽ വ്യക്തത ലഭിക്കും.

loan-debt

നിലവിൽ ചില വിഭാഗത്തിൽപ്പെട്ട വായ്പകൾക്ക് ബാധകമായിരുന്ന കീ ഫാക്ട് സ്റ്റേറ്റ്മെന്റ് (കെഎഫ്എസ്) എംഎസ്എംഇ അടക്കം എല്ലാത്തരം വായ്പകൾക്കും ബാധകമാകും. പലിശയും ചാർജുകളുമടക്കം നിരക്ക് വ്യക്തമാക്കുന്ന ആനുവൽ പെർസെന്റേജ് റേറ്റ് (എപിആർ) അടങ്ങിയ കീ ഫാക്ട് സ്റ്റേറ്റ്മെന്റ് ബാങ്കുകൾ ഉപയോക്താക്കൾക്കു നൽകണം.

English Summary:

Important updates effective today on secure SMS, Aadhaar use, income tax dispute resolution, telecom service quality, F&O tax, share buyback, and loan repayment clarity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com