സ്വർണത്തിൽ 'ഇറാൻ' പ്രകമ്പനം; വില കുതിച്ചുകയറി, കേരളത്തിൽ വീണ്ടും റെക്കോർഡ്
Mail This Article
കഴിഞ്ഞ 4 ദിവസമായി താഴേക്കിറങ്ങുകയായിരുന്ന സ്വർണവിലയിൽ പൊടുന്നനേയുള്ള കുതിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 50 രൂപയും പവന് 400 രൂപയും ഉയർന്ന് വില വീണ്ടും സർവകാല റെക്കോർഡ് ഉയരത്തിലെത്തി. കഴിഞ്ഞ 4 ദിവസംകൊണ്ട് കുറഞ്ഞവിലയാണ് ഇന്ന് ഒറ്റയടിക്ക് തിരിച്ചുകയറിയത്. ഗ്രാമിന് 7,100 രൂപയിലും പവന് 56,800 രൂപയിലുമാണ് ഇന്ന് വ്യാപാരം.
സെപ്റ്റംബർ 27ന് കുറിച്ച അതേ റെക്കോർഡ് വിലയിലേക്ക് ഇന്ന് സ്വർണം കേരളത്തിൽ തിരികെയെത്തി. ഒരു പവൻ വിലയായ 56,800 രൂപയോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,484 രൂപ കൊടുത്താൽ ഇന്നൊരു പവൻ ആഭരണം കേരളത്തിൽ വാങ്ങാം; ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,685 രൂപ.
കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,875 രൂപയിലെത്തി. ഇത് പുതിയ ഉയരമാണ്. സെപ്റ്റംബർ 27ലെ 5,870 രൂപയെന്ന റെക്കോർഡ് ഇനി മറക്കാം. അതേസമയം, വെള്ളി വില ഗ്രാമിന് 98 രൂപയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു.
സുരക്ഷിത നിക്ഷേപം എന്ന തിളക്കം
പ്രതിസന്ധിഘട്ടങ്ങളിൽ നിക്ഷേപകർക്ക് 'സുരക്ഷിത താവളം' ഒരുക്കുന്ന 'ചങ്ങാതി' എന്ന പെരുമ പതിറ്റാണ്ടുകളായി സ്വർണത്തിനുണ്ട്. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ആഗോള സാമ്പത്തിക വ്യവസ്ഥ, ഓഹരി വിപണി, കടപ്പത്ര വിപണി എന്നിവ പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപകർ താൽകാലികമായി നിക്ഷേപം ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. ഭേദപ്പെട്ട നിക്ഷേപം ഉറപ്പാക്കാം എന്നതാണ് ഇതുകൊണ്ടുള്ള നേട്ടമെന്ന് കരുതപ്പെടുന്നു. പിന്നീട് പ്രതിസന്ധികൾ അയയുമ്പോൾ നിക്ഷേപം പിൻവലിച്ച് ഓഹരി, കടപ്പത്രങ്ങളിലേക്ക് തിരിച്ചൊഴുക്കും.
സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുമ്പോൾ വിലകുതിക്കും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ വൻതോതിൽ തൊടുത്തതും തിരിച്ചടിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനവും മേഖലയെ യുദ്ധഭീതിയിലേക്ക് തള്ളി. ഇത് സ്വർണവിലയിൽ കുതിച്ചുകയറ്റത്തിന് വഴിവയ്ക്കുകയാണ്.
അമേരിക്കയും സ്വാധീനശക്തി
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വർണത്തിന് നേട്ടമാണ്. പലിശ കുറഞ്ഞാൽ യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) അനാകർഷകമാകും. ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാൻ വഴിവയ്ക്കും.
ഡോളർ ശക്തമാകുന്നു
അടിസ്ഥാന പലിശനിരക്ക് കുറയുന്നത് പൊതുവേ ഡോളറിനെ ദുർബലമാക്കാറുണ്ടെങ്കിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഡിമാൻഡിന്റെയും കരുത്തിൽ ഡോളർ ശക്തിപ്രാപിക്കുകയാണ്. യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 100 നിലവാരത്തിൽ നിന്ന് 101ന് മുകളിലേക്ക് ഉയർന്നു. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഫലത്തിൽ, ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങാൻ ചെലവേറും. കൂടുതൽ ഡോളർ വേണ്ടിവരുമെന്നതാണ് കാരണം. ഇതും സ്വർണവില വർധിക്കാൻ ഇടയാക്കുന്നു.
ഇന്ത്യയിലെ ഡിമാൻഡ്
ഇന്ത്യയിൽ നവരാത്രി, ദസ്സറ, ദീപാവലി ആഘോങ്ങൾക്ക് തുടക്കമായി കഴിഞ്ഞു. ഷോപ്പിങ് ആരവത്തിലേക്ക് കടക്കുകയാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും. ജ്വല്ലറി ഡിമാൻഡ് ഏറുന്ന ഉത്സവകാല, വിവാഹ സീസൺ കൂടിയാണിത്. സ്വർണവില കയറാൻ ഇതും ഒരു കാരണമാണ്.
തിരിച്ചുകയറി രാജ്യാന്തര വില
ഇന്നലെ ഔൺസിന് 2,626 ഡോളർ വരെ താഴ്ന്നിറങ്ങിയ രാജ്യാന്തര സ്വർണവില ഇന്ന് 2,668 ഡോളറിലേക്ക് ഇരച്ചുകയറി. ഇതാണ് കേരളത്തിലും ഇന്ന് വില കൂടാൻ വഴിവച്ചത്. നിലവിൽ രാജ്യാന്തര വ്യാപാരം പുരോഗമിക്കുന്നത് 2,654 ഡോളറിൽ. രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ സ്വർണവില ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിപണിയുടെ വിലയിരുത്തൽ.