ADVERTISEMENT

യുഎസ്, ജാപ്പനീസ് ഓഹരി വിപണികൾ നേട്ടത്തിലേറിയെങ്കിലും ഇന്ത്യൻ ഓഹരി വിപണികളുടെമേൽ കരിനിഴലായി കനത്ത സമ്മർദ്ദങ്ങൾ. യുഎസ് ഓഹരി സൂചികകളായ ഡൗ ജോൺസ് 0.09%, എസ് ആൻഡ് പി 500 0.01%, നാസ്ഡാക്ക് 0.08% എന്നിങ്ങനെ നേരിയ നേട്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ജാപ്പനീസ് സൂചികയായ നിക്കേയ് 2.20% നേട്ടത്തിലേറി. ഓസ്ട്രേലിയൻ വിപണിയും (എഎസ്എക്സ് 200) 0.08% ഉയർന്നു. 

രാജ്യത്ത് അടിസ്ഥാന പലിശനിരക്കിൽ ഉടൻ ഇനിയൊരു വർധനയെ പിന്തുണയ്ക്കില്ലെന്ന പുതിയ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ പ്രസ്താവനയാണ് ജാപ്പനീസ് വിപണിക്ക് കരുത്തായത്. ജാപ്പനീസ് കറൻസിയായ യെൻ ഡോളറിനെതിരെ 146.50 എന്ന നിലയിലേക്ക് ഇടിയുകയും ചെയ്തു. യുഎസ്, ജാപ്പനീസ് ഓഹരികളുടെ നേട്ടം ഇന്ത്യയിലും അലയടിക്കേണ്ടതാണെങ്കിലും സൂചനകൾ വിപരീതമാണ്. ഗിഫ്റ്റ് നിഫ്റ്റി 305 പോയിന്റ് (-1.17%) ഇടിഞ്ഞത് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് താഴ്ന്ന് വ്യാപാരം തുടങ്ങിയേക്കുമെന്ന സൂചന നൽകുന്നു. യുഎസിലെ തൊഴിലില്ലായ്മക്കണക്ക് ഇന്ന് പുറത്തുവരുമെന്നത് ആഗോളതലത്തിൽ തന്നെ ഓഹരി വിപണികളെ സ്വാധീനിക്കും. 

യുദ്ധവും ക്രൂഡ് ഓയിൽ കുതിപ്പും
 

പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ യുദ്ധം മുറുകുന്നത് ഓഹരി വിപണികൾക്കുമേൽ സമ്മർദ്ദം കൂട്ടും. ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ തുടങ്ങി. ഉൽപാദന, വിതരണരംഗത്ത് തടസ്സങ്ങളുണ്ടാകുമെന്ന ഭീതിയാണ് കാരണം. ക്രൂഡ് ഓയിൽ വിതരണശൃംഖലയിലെ നിർണായക കണ്ണിയായ ഹോർമുസ് കടലിടുക്ക് ഇറാന്റെ സ്വാധീനതയിലാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്ന മുഖ്യ കാരണം. യുദ്ധം കനത്താൽ ഇതുവഴിയുള്ള ചരക്കുനീക്കം നിലച്ചേക്കാം. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് ഇന്നുമാത്രം 1.11% ഉയർന്ന് 70.88 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഒരു ശതമാനത്തോളം വർധിച്ച് 75 ഡോളറിനടുത്തായി. 

ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90% ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ വിലക്കയറ്റം സാമ്പത്തികമായി വൻ തിരിച്ചടിയാണ്. ക്രൂഡ് ഓയിൽ അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന കമ്പനികളുടെ സാമ്പത്തികസ്ഥിതിയെയും വിലവർധന സാരമായി ബാധിക്കും.

സെബിയുടെ പുതിയ ചട്ടവും വെല്ലുവിളി
 

ഡെറിവേറ്റീവ് വിപണിയിൽ റീറ്റെയ്ൽ നിക്ഷേപകരുടെ പങ്കാളിത്തം നിയന്ത്രിക്കാനായി സെബി കൊണ്ടുവരുന്ന പുതിയ ചട്ടങ്ങളും വിപണിയിൽ ചലനമുണ്ടാക്കും. ഊഹക്കച്ചവടത്തിന് നിയന്ത്രണപ്പൂട്ടിടുകയാണ് സെബിയുടെ ഉന്നം. 6-ഘട്ട പദ്ധതിയാണ് സെബിക്കുള്ളത്. ഇതുവഴി വ്യാപാര അളവ് 30-40 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

ഡോളർ തിരിച്ചുകയറുന്നു
 

മിഡിൽ-ഈസ്റ്റിലെ ടെൻഷൻ ഡോളറിന് നേട്ടമാകുകയാണ്. പുറമേ യുഎസിൽ തൊഴിൽ വിപണി ഇപ്പോൾ ഉഷാറിലാണെന്നതും ഡോളറിന് കരുത്താകുന്നു. തൊഴിലവസരങ്ങൾ ഉയർന്നത് രാജ്യത്ത് സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടും. ഫലത്തിൽ, ധൃതിപിടിച്ച് ഇനി പലിശ കുറയ്ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് മാറിയേക്കാം.

പലിശ കുറച്ചേക്കാമെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ ഒറ്റയടിക്ക് വലിയ കുറവ് വരുത്താനിടയില്ല. ഇതാണ് ഡോളറിന് നേട്ടമാകുന്നത്. നിലവിൽ ഒരുമാസത്തെ ഉയരത്തിലാണ് ഡോളറിന്റെ മൂല്യമുള്ളത്. യുഎസ് ഡോളർ ഇൻഡെക്സ് 101.74ലേക്ക് മെച്ചപ്പെട്ടു. രൂപയാകട്ടെ തളരുകയുമാണ്. ചൊവ്വാഴ്ച ഡോളറിനെതിരെ 3 പൈസ താഴ്ന്ന് 83.82ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് വില വർധനയ്ക്കും രൂപയ്ക്ക് സമ്മർദ്ദമാകുന്നു.

ഇന്നത്തെ ശ്രദ്ധാകേന്ദ്രങ്ങൾ
 

സെപ്റ്റംബറിലെ വാഹന മൊത്ത വിൽപനക്കണക്കുകൾ കമ്പനികൾ പുറത്തുവിട്ടു കഴിഞ്ഞു. പൊതുവേ നെഗറ്റീവാണ് കണക്കുകളെങ്കിലും ഹീറോ മോട്ടോകോർപ്പ് അടക്കം ഏതാനും കമ്പനികൾ നല്ല നേട്ടം കൈവരിച്ചിട്ടുണ്ട്. ഇവയുടെ ഓഹരികൾ ഇന്ന് ശ്രദ്ധ നേടും. കേരളത്തിൽ നിന്നുള്ള ബാങ്കുകളായ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ കഴിഞ്ഞപാദത്തിലെ ബിസിനസ് കണക്കുകൾ പുറത്തുവിട്ടു. കണക്കുകൾ സമ്മിശ്രമാണെന്നത് ഓഹരിയെ സ്വാധീനിച്ചേക്കാം. 

ഐടിസിയുടെ ഉപകമ്പനിയായ ഐടിസി ഇൻഫോടെക് 485 കോടി രൂപയ്ക്ക് ബ്ലേസ്ക്ലാൻ ടെക്നോളജീസ് എന്ന കമ്പനിയെ ഏറ്റെടുത്തിട്ടുണ്ട്. ഉൽപാദനം കുറഞ്ഞുവെന്ന കണക്കാണ് കോൾ ഇന്ത്യ പുറത്തുവിട്ടത്. വിദേശ കറൻസി ബോണ്ടുകളിലൂടെ 2,930 കോടി രൂപ സമാഹരിക്കാൻ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ തീരുമാനിച്ചു. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

US, Japan Stocks Gain; Gift Nifty Drops, War Tension Rises: Where is the Indian Market Headed?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com