ADVERTISEMENT

ഏതാണ്ട് 55,000 േപരുടെ സീറ്റിങ് സൗകര്യമുള്ള മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കേണ്ട സംഗീതപരിപാടിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി ഒരേസമയം ലോഗിൻ ചെയ്തത് 13 ലക്ഷത്തോളം പേർ; 2500 മുതൽ 35,000 രൂപവരെയുള്ള ടിക്കറ്റുകൾക്ക് കരിഞ്ചന്തയിലെ വില ലക്ഷങ്ങൾ. കുതിച്ചുവളരുന്ന ഇന്ത്യയിലെ ലൈവ് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുടെ നേർചിത്രമാണിത്. ബ്രിട്ടിഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേ 2025 ജനുവരിയിൽ നടത്തുന്ന മൂന്ന് സംഗീതപരിപാടികളും ബുക്കിങ്ങിന്റെ ആദ്യദിവസം തന്നെ സോൾഡ്ഔട്ട് ആയത് ഈ രംഗത്തെ കൂടുതൽ സാധ്യതകൾ വ്യക്തമാക്കുന്നു. 

കഴിഞ്ഞ പത്തു വർഷത്തിനുള്ളിലാണ് ലൈവ് എന്റർടെയ്ൻമെന്റ് മേഖല ഇന്ത്യയിൽ കരുത്താർജിച്ചത്. സിനിമയിൽ നിന്നുമാറി സംഗീതവും സ്റ്റാൻഡ്അപ് കോമഡിയും പോലുള്ള ലൈവ് പരിപാടികളിലേക്ക് ശ്രദ്ധതിരിച്ച്, 1.3 കോടി പേരാണ് കഴിഞ്ഞവർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 26,000 ലൈവ് ഇവന്റുകളിൽ പങ്കെടുത്തതെന്ന് ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോ പങ്കുവച്ച ഡേറ്റ പറയുന്നു. കൊച്ചി, ജയ്പുർ, സൂറത്ത് എന്നിങ്ങനെയുള്ള ടയർ 2 നഗരങ്ങളും ഇതിലുൾപ്പെടുന്നുണ്ട്. 2023ൽ ഇന്ത്യയിലെ ലൈവ് എന്റർടെയ്ൻമെന്റ് വ്യവസായം 880 കോടി രൂപയുടേതായിരുന്നു. 2026ൽ 1430 കോടി ആയി മാറുമെന്നാണ് വിലയിരുത്തൽ.

കോവിഡ്കാലത്തിനു ശേഷം ജനങ്ങളുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ചിന്തയിലുണ്ടായ മാറ്റം ‘ലൈവ് എക്സ്‌പീരിയൻസ്’ ഇവന്റുകളുടെ വളർച്ചയ്ക്കു വഴിയൊരുക്കുന്നതായി ഈ രംഗത്തുള്ളവർ പറയുന്നു. ബ്രിട്ടിഷ് റോക്ക് ബാൻഡിന്റെ മുതൽ പഞ്ചാബി ഗായകൻ ദിൽജിത്ത് ദോസാഞ്ചിന്റെ സംഗീതപരിപാടികൾ വരെ സോൾഡ് ഔട്ട് ആകുന്നതും കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപനയും ഇതിനുദാഹരണം. 

ആഗോള സംഗീതരംഗത്തെ വമ്പൻ ബാൻഡുകൾ ഉൾപ്പെടെയെത്തിയ മുംബൈയിലെ ‘ലൊല്ലപ്പലൂസ’ കാണാനെത്തിയവരിൽ 35% പേർ മുംബൈ നഗരത്തിനു പുറത്തുനിന്നായിരുന്നു. മാർച്ചിൽ നടന്ന ‘എഡ് ഷീരാൻ’ കൺസർട്ടിനെത്തിയത് 50,000 പേരാണ്. കൊച്ചിയിൽ 6ന് നടക്കുന്ന അലൻ വോക്കറുടെ ‘വോക്കർവേൾഡ്’ പരിപാടി രണ്ടാഴ്ച മുൻപേ തന്നെ സോൾഡ്ഔട്ട് ആയി. ബ്രയാൻ ആഡംസ്, ദുവ ലിപ, അമേരിക്കൻബാൻഡ് ‘സിഗരറ്റ് ആഫ്റ്റർ സെക്സ്’ എന്നിങ്ങനെ ഒട്ടേറെ രാജ്യാന്തര ഗായകർ വരുംമാസങ്ങളിൽ ഇന്ത്യയിലെത്തുന്നുണ്ട്. ഡിസംബറിൽ ഗോവയിൽ നടക്കുന്ന ‘സൺബേൺഅറീന’, മുംബൈയിലും ബെംഗളൂരുവിലും വേദികളുള്ള ‘കെവേവ് ഫെസ്റ്റിവൽ’ എന്നിങ്ങനെ ആവേശമുണർത്തുന്ന പരിപാടികളാണ് ഒരുങ്ങുന്നത്. 

കേരളത്തിനും സാധ്യത

മറ്റു നഗരങ്ങളെപ്പോലെ കേരളത്തിലും ‘ഫെസ്റ്റീവ് കൾചറി’ന് വളർച്ചാസാധ്യതകളേറെ. ഇതു മനസ്സിലാക്കിയാണ് അലൻവോക്കറുടെ വേൾഡ് ടൂറിങ് നഗരങ്ങളിലൊന്നായി കൊച്ചിക്കു നറുക്കുവീണത്. അതേസമയം വെല്ലുവിളികളുമുണ്ട്. ബെംഗളൂരുവിലെ പരിപാടിയിൽ 21,000 പേർക്കു പങ്കെടുക്കാം. കൊച്ചി ബോൾഗാട്ടിയിലെ ഗ്രൗണ്ടിൽ ഇത് ആറായിരം മാത്രം. ഗതാഗതക്കുരുക്ക് ബാധിക്കാത്ത, പാർക്കിങ് സൗകര്യമുള്ള വിശാല വേദി ആവശ്യമാണ്. 

കുതിച്ചുയർന്ന് യാത്രാ ബുക്കിങ് 

ലൈവ് എന്റർടെയ്ൻമെന്റ് ഇവന്റുകൾ നടക്കുന്ന നഗരങ്ങളിലേക്കുള്ള യാത്രാനിരക്കും ബുക്കിങ്ങും കുതിച്ചുയരുകയാണ്. കോൾഡ്പ്ലേ പരിപാടി നടക്കുന്ന മുംബൈയിലേക്കും പഞ്ചാബി ഗായകൻ ദിൽജിത്ത് ദോസാഞ്ചിന്റെ ‘ദിൽ ലൂമിനാറ്റി’ ഇവന്റ് നടക്കുന്ന ചണ്ഡിഗഡിലേക്കും വിമാനയാത്ര ബുക്കിങ്ങിൽ വൻവർധനയുള്ളതായി ട്രാവൽ ഏജൻസി ഇക്സിഗോ പറയുന്നു. ടയർ 3 നഗരങ്ങളിൽ നിന്ന് ട്രെയിൻ, ബസ് യാത്ര സംവിധാനങ്ങളാണ് കൂടുതൽ പേരും അന്വേഷിക്കുന്നത്.

English Summary:

Live entertainment industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com