വില്ലന്മാരായി ചൈനയും ഇറാനും ഇസ്രയേലും; വീണുടഞ്ഞ് സെൻസെക്സും നിഫ്റ്റിയും, 5 ദിവസത്തെ നഷ്ടം 16.65 ലക്ഷം കോടി
Mail This Article
കറുത്ത വ്യാഴത്തിന് പിന്നാലെ, ദുഃഖ വെള്ളി. ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും വ്യാപാരം അവസാനിപ്പിച്ചത് കനത്ത നഷ്ടത്തോടെ. സെൻസെക്സ് 808.65 പോയിന്റ് (-0.98%) ഇടിഞ്ഞ് 81,668.45ലും നിഫ്റ്റി 235.50 പോയിന്റ് (-0.93%) താഴ്ന്ന് 25,014.60ലുമാണുള്ളത്. സെൻസെക്സും നിഫ്റ്റിയും ഇന്നൊരുവേള മികച്ച നേട്ടം കൊയ്തശേഷമാണ് നിലംപൊത്തിയതെന്നതാണ് കൗതുകം.
സെൻസെക്സ് ഒരുവേള 800 പോയിന്റും (+1%) നിഫ്റ്റി 210 പോയിന്റും (+0.83%) ഉയർന്നിരുന്നു. പൊതുമേഖലാ ബാങ്ക്, ഐടി ഓഹരികളുടെ കരുത്തിലായിരുന്നു നേട്ടം. വ്യാപാരാന്ത്യത്തിലും പച്ചതൊട്ടത് ഈ വിഭാഗം ഓഹരികൾ മാത്രം. ഇവ പിടിച്ചുനിന്നില്ലായിരുന്നെങ്കിൽ ഇന്ന് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും വീഴ്ച കൂടുതൽ ഗുരുതരമാകുമായിരുന്നു.
നിഫ്റ്റിയുടെ മലക്കംമറിച്ചിൽ
നഷ്ടത്തോടെ 25,181ലാണ് നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്ക് മുന്നേതന്നെ ഐടി, പൊതുമേഖലാ ബാങ്ക് ഓഹരികളുടെ കരുത്തിൽ നേട്ടക്കുതിപ്പും തുടങ്ങി 25,485 വരെ കയറി. എന്നാൽ, അവസാന മണിക്കൂറിൽ ആഞ്ഞടിച്ച ലാഭമെടുപ്പിന്റെ കാറ്റിൽ തെന്നി സൂചിക മലക്കംമറിഞ്ഞത് 24,966.80ലേക്ക്. എന്നാൽ, ഒടുവിൽ നഷ്ടം നിജപ്പെടുത്തി 25,000ന് മുകളിൽ വ്യാപാരം അവസാനിക്കാൻ കഴിഞ്ഞുവെന്നത് ആശ്വാസമാണ്.
നിഫ്റ്റി50ൽ ഇന്ന് 13 കമ്പനികളേ നേട്ടം കുറിച്ചുള്ളൂ. 37 എണ്ണവും ചുവന്നു. ഇൻഫോസിസ് 1.51% ഉയർന്ന് നേട്ടത്തിൽ ഒന്നാമതെത്തി. ഒഎൻജിസി (+1.18%), എച്ച്ഡിഎഫ്സി ലൈഫ് (+1%), ടാറ്റാ മോട്ടോഴ്സ് (+0.85%), വിപ്രോ (+0.65%) എന്നിവയാണ് നേട്ടത്തിൽ ആദ്യ 5ലുള്ള മറ്റ് കമ്പനികൾ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.54% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതെത്തി. ബജാജ് ഫിനാൻസ് 2.86 ശതമാനവും ഏഷ്യൻ പെയിന്റ്സ് 2.40 ശതമാനവും താഴ്ന്ന് തൊട്ടടുത്തുണ്ട്. നെസ്‍ലെ ഇന്ത്യ 2.33%, ബിപിസിഎൽ 2.31% എന്നിങ്ങനെയും താഴ്ന്നു.
വിശാല വിപണിയുടെ വീഴ്ച
വിശാല വിപണിയിൽ നിഫ്റ്റി ഐടിയും (+0.45%) നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയും (+0.61%) മാത്രമാണ് നേട്ടത്തിലുള്ളത്. നിഫ്റ്റി ഓട്ടോ (-1.30%), ഫിനാൻഷ്യൽ സർവീസസ് (-0.93%), എഫ്എംസിജി (-1.62%), മീഡിയ (-2.53%), റിയൽറ്റി (-1.64%), ഓയിൽ ആൻഡ് ഗ്യാസ് (-1.09%) എന്നിവ ലാഭമെടുപ്പിൽ മുങ്ങി. ബാങ്ക് നിഫ്റ്റി 0.56 ശതമാനവും താഴ്ന്നു.
സെൻസെക്സിന്റെ നഷ്ടം
സെൻസെക്സും നഷ്ടത്തോടെ 82,244ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുവേള 83,368 വരെ കുതിച്ചുമുന്നേറിയെങ്കിലും പിന്നാലെ 81,532ലേക്ക് ഇടിഞ്ഞു. അവസാന മിനിറ്റുകളിൽ നഷ്ടം കുറച്ചുകൊണ്ട് വ്യാപാരം അവസാനിപ്പിക്കാൻ കഴിഞ്ഞു. ബിഎസ്ഇയിൽ 4,054 ഓഹരികൾ വ്യാപാരം ചെയ്യപ്പെട്ടതിൽ 1,563 എണ്ണമേ നേട്ടം കഉറിച്ചുള്ളൂ. 2,387 എണ്ണം നഷ്ടത്തിലായി. 104 ഓഹരികളുടെ വില മാറിയില്ല.
0.12-1.33% നേട്ടത്തോടെ ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടിസിഎസ്, എസ്ബിഐ, എച്ച്സിഎൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് പച്ചതൊട്ടത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.58% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാംസ്ഥാനത്തായി. ബജാജ് ഫിനാൻസ്, നെസ്‍ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ് എന്നിവ 2-3% താഴ്ന്ന് തൊട്ടുപിന്നാലെയുമുണ്ട്.
കുതിച്ചും കിതച്ചും
മോശം ജൂലൈ-സെപ്റ്റംബർപാദ പ്രാഥമിക കണക്കുകളാണ് ഇന്ന് ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് (-7%) ഓഹരികളെ തളർത്തിയത്. സിറ്റിയിൽ നിന്ന് വാങ്ങൽ (buy) സ്റ്റാറ്റസ് കിട്ടിയെങ്കിലും വരുൺ ബവ്റിജസ് ഓഹരി ഇന്ന് ഒരു ശതമാനം താഴേക്കുപോയി. യൂണികൊമേഴ്സുമായി ഇ-കൊമേഴ്സ് സഹകരണത്തിൽ ഏർപ്പെട്ട വിഐപി ഇൻഡസ്ട്രീസ് ഓഹരി 7 ശതമാനത്തിലധികം ഉയർന്നു.
ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിന്റെ മുഖ്യപങ്കും അവർ നേടുന്നത് അമേരിക്കയിൽ നിന്നാണ്. അമേരിക്കയിൽ തൊഴിൽക്കണക്കുകൾ ആശങ്കപ്പെടുത്തില്ലെന്ന വിലയിരുത്തലും വീണ്ടും പലിശഭാരം കുറയുമെന്ന പ്രതീക്ഷകളുമാണ് ഇന്ന് ഐടി കമ്പനികളുടെ ഓഹരികളെ ഉഷാറാക്കിയത്. മികച്ച സെപ്റ്റംബർപാദ പ്രാഥമിക ബിസിനസ് കണക്കുകളുടെ പിൻബലത്തിൽ പൊതുമേഖലാ ബാങ്ക് ഓഹരികളും നേട്ടത്തിന്റെ ട്രാക്ക് പിടിക്കുകയായിരുന്നു. ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 4 ശതമാനത്തിലധികം കയറി.
സിറ്റി, മോർഗൻ സ്റ്റാൻലി എന്നിവയിൽ നിന്ന് വാങ്ങൽ (buy) റേറ്റിങ്ങും മികച്ച ലക്ഷ്യവിലയും കിട്ടിയതും ബാങ്കിന്റെ ഓഹരികൾക്ക് നേട്ടമായി. അനിൽ അംബാനി നയിക്കുന്ന റിലയൻസ് പവർ കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന് ബ്രേക്കിട്ട് ഇന്ന് 5% ഇടിഞ്ഞു. വിദേശ കറൻസികളിൽ കടപ്പത്രങ്ങളിറക്കി 4,200 കോടി രൂപ സമാഹരിക്കാൻ കമ്പനി തീരുമാനിച്ചതിന് പിന്നാലെയാണ് വീഴ്ച.
5 ദിവസം, നഷ്ടം 16.65 ലക്ഷം കോടി
കഴിഞ്ഞ 5 ദിവസത്തിനിടെ നിക്ഷേപക സമ്പത്തിലുണ്ടായ നഷ്ടം 16.65 ലക്ഷം കോടി രൂപ. നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ വില കുറയുകയാണ് ചെയ്തത്. ഇതോടെ, ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം സെപ്റ്റംബർ 27ലെ 477.93 ലക്ഷം കോടി രൂപയിൽ നിന്ന് 461.27 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. കഴിഞ്ഞ രണ്ടുദിവസത്തെ മാത്രം നഷ്ടം 13.58 ലക്ഷം കോടി രൂപ. ഇന്നത്തെ നഷ്ടം 3.80 ലക്ഷം കോടി രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ സെൻസെക്സ് ഇടിഞ്ഞത് 4,100 പോയിന്റാണ്.
വില്ലന്മാരായി ഇറാൻ, ഇസ്രയേൽ
മധ്യേഷ്യയിൽ ഇറാനും ഇസ്രയേലും യുദ്ധം തുടങ്ങിയത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ ആശങ്ക പടർത്തുകയാണ്. ആഗോള വ്യാപാര, വ്യവസായരംഗത്ത് വലിയ സ്വാധീനമുള്ള മേഖലയിലെ യുദ്ധം സാമ്പത്തിക, വ്യാപാര മേഖലകളെ താറുമാറാക്കിയേക്കുമെന്ന വിലയിരുത്തലുകളാണ് ഓഹരി വിപണികളെ തളർത്തുന്നത്. ക്രൂഡ് ഓയിൽ ഉൽപാദന, വിതരണരംഗത്ത് നിർണായകശക്തിയായ ഇറാനും യുദ്ധമുഖത്തുള്ളതിനാൽ ക്രൂഡ് ഓയിൽ വില കത്തിക്കയറുകയാണ്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 78 ഡോളർ ഭേദിച്ചു. ഡബ്ല്യുടിഐ ക്രൂഡ് 75 ഡോളറിനടുത്തായി. ഇന്ത്യ പോലുള്ള ഉപഭോഗ രാജ്യങ്ങൾക്കാണ് ഇത് സാമ്പത്തികമായി കനത്ത ആഘാതമാകുക. ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും ക്രൂഡ് ഓയിൽ അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന പെയിന്റ് കമ്പനികളുടേത് പോലുള്ള ഓഹരികളും വീഴുന്നതിന്റെ പിന്നിലെ കാരണവും വേറെയല്ല. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
വിദേശ നിക്ഷേപകർ ചൈനയിലേക്ക്
ചൈനീസ് ഓഹരി വിപണിയായ ഷാങ്ഹായ് സൂചിക കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുന്നേറിയത് 11.18 ശതമാനമാണ്. ഹോങ്കോങ് സൂചിക 10.98 ശതമാനവും ഉയർന്നു. ചൈനീസ് മ്യൂച്വൽഫണ്ടുകൾ ഒരാഴ്ചയ്ക്കിടെ 21 ശതമാനത്തിലധികം നേട്ടവും (റിട്ടേൺ) സമ്മാനിച്ചു. 2021ൽ 9.8%, 2022ൽ 15.26%, 2023ൽ 8.86% എന്നിങ്ങനെ കൂപ്പുകുത്തിയ ചൈനീസ് ഓഹരി വിപണികളാണ് ഒറ്റ ആഴ്ചകൊണ്ട് വിദേശ നിക്ഷേപകർക്ക് പ്രിയമുള്ളതായത്.
റിയൽ എസ്റ്റേറ്റ് മേഖലയെയും ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയെയും നേട്ടത്തിലേക്ക് ഉയർത്താൻ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പ്രഖ്യാപിച്ച പലിശയിളവും കരുതൽ ധന അനുപാത ഇളവും ഉൾപ്പെടെയുള്ള നടപടികളാണ് ഓഹരി വിപണികളെ ഉഷാറാക്കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചൈന നേടിയ വിദേശ നിക്ഷേപം 1,300 കോടി ഡോളറാണ്; ഇന്ത്യ നേടിയത് വെറും 10 കോടി ഡോളറും. ഒരാഴ്ചയ്ക്കിടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് 30,614 കോടി രൂപ പിൻവലിച്ചു. വ്യാഴാഴ്ച മാത്രം പിൻവലിച്ചത് 15,243 കോടി രൂപയാണ്.
കേരള ഓഹരികളിൽ സമ്മിശ്ര പ്രകടനം
ഏറെ നാളുകളായി അപ്പർ-സർക്യൂട്ടിലായിരുന്ന കിറ്റെക്സ് ഇന്ന് 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിലായിരുന്നു. ലാഭമെടുപ്പാണ് തിരിച്ചടിയായത്. സ്കൂബിഡേ 6.6% ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി. ബിപിഎൽ, യൂണിറോയൽ മറീൻ, ആഡ്ടെക്, പോപ്പീസ്, സഫ സിസ്റ്റംസ് എന്നിവയും ഇന്ന് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. ഇൻഡിട്രേഡും 4.82% ഉയർന്നു. പാറ്റ്സ്പിൻ, അപ്പോളോ ടയേഴ്സ്, മുത്തൂറ്റ് ക്യാപ്പിറ്റൽ, വണ്ടർല, കല്യാൺ ജ്വല്ലേഴ്സ്, ആസ്റ്റർ, എവിടി, ടോളിൻസ്, സ്റ്റെൽ ഹോൾഡിങ്സ് എന്നിവ 2-4.85% ഇടിഞ്ഞു.
800 കോടി രൂപ സമാരിക്കാൻ വണ്ടർല
പ്രമുഖ അമ്യൂസ്മെന്റ് പാർക്ക്, റിസോർട്ട് ശൃംഖലയായ വണ്ടർല ഹോളിഡേയ്സ് 800 കോടി രൂപയുടെ മൂലധന സമാഹരണം നടത്തും. ഇതിന് ഡയറക്ടർ ബോർഡ് അനുമതി നൽകി. പ്രിഫറൻഷ്യൽ ഓഹരി വിൽപന, യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് ഓഹരി വിൽപന (ക്യുഐപി), മറ്റ് മാർഗങ്ങൾ എന്നിവ മുഖേനയാണ് ഘട്ടംഘട്ടമായി മൂലധനം സമാഹരിക്കുക.
ഇതിനുപുറമേ അംഗീകൃത ഓഹരി മൂലധനം നിലവിലെ 60 കോടി രൂപയിൽ നിന്ന് 80 കോടി രൂപയായും ഉയർത്തും. നിലവിൽ 10 രൂപ മുഖവിലയുള്ള 6 കോടി ഓഹരികളുള്ളത് ഇതേ മുഖവിലയുള്ള 8 കോടി ഓഹരികളാക്കിയാണ് വർധിപ്പിക്കുക.