ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു പലയിടങ്ങളിലായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു കമ്പനിക്കു കീഴിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പ്രത്യേക നിർവഹണ ഏജൻസി (എസ്പിവി) രൂപീകരിക്കാൻ കെഎസ്ഇബി. സംസ്ഥാനത്ത് പകൽ സമയത്ത് ലഭ്യമാകുന്ന അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച്, ഉപയോഗം കൂടിയ വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഉപയോഗിക്കുകയാണ് ലക്ഷ്യം.

പലയിടങ്ങളിലായി ആകെ 1500 മെഗാവാട്ട് സംഭരണശേഷിയുള്ള ബെസ് സ്ഥാപിക്കാൻ സോളർ എനർജി കോർപറേഷനുമായി (സെകി) കെഎസ്ഇബി ധാരണയിലെത്തിയിരുന്നു. ഇതിനു പുറമേയാണ് പിപിപി മാതൃകയിൽ ബെസ് സ്ഥാപിക്കാനുള്ള ചർച്ച നടക്കുന്നത്. 2026 മാർച്ച് 31 നു മുൻപ് സ്ഥാപിക്കുന്ന ബെസ് സംവിധാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ 40% വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ലഭിക്കും. 

അതിനുള്ളിൽ പരമാവധി ബെസ് യൂണിറ്റ്് സ്ഥാപിക്കാനാണ് ആലോചന. മുടക്കുമുതൽ കണ്ടെത്താനുള്ള കെഎസ്ഇബിയുടെ ബാധ്യത കുറയ്ക്കാനാണ് പൊതു–സ്വകാര്യ പങ്കാളിത്തത്തിനു ശ്രമിക്കുന്നത്.

എൻടിപിസി കരാർ തീരുന്നു; പുതുക്കാൻ നീക്കം

ലഭിക്കാത്ത വൈദ്യുതിക്ക് കായംകുളം താപനിലയത്തിന് (എൻടിപിസി) പ്രതിവർഷം 100 കോടി രൂപ ഫിക്സഡ് ചാർജ് നൽകുന്ന കരാർ 2025 ഫെബ്രുവരിയിൽ അവസാനിക്കും. കെഎസ്ഇബിക്കു വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ച കരാർ പുതുക്കാൻ ചില കേന്ദ്രങ്ങളിൽനിന്നു നീക്കം നടക്കുന്നുണ്ട്. 

കരാർ പുതുക്കിയില്ലെങ്കിൽ എൻടിപിസി കൈവശം വച്ചിരിക്കുന്ന 1000 ഏക്കർ ഭൂമി സംസ്ഥാനത്തിനു തിരികെ ലഭിക്കും.

ഇവിടെ എൻടിപിസി സ്ഥാപിച്ച 92 മെഗാവാട്ട് സോളർ പ്ലാന്റിൽ നിന്ന് 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയുമായി കരാറുണ്ട്. ഈ പ്ലാന്റിനോടു ചേർന്ന് 100 മെഗാവാട്ട് ബെസ് സ്ഥാപിച്ചാൽ കുറഞ്ഞ ചെലവിൽ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗിക്കാൻ കഴിയും. ഭൂമി സർക്കാരിനു തിരികെ ലഭിച്ചാൽ ഇവിടെ വേറെയും സോളർ പ്ലാന്റും ബെസ് യൂണിറ്റും കെഎസ്ഇബിക്കു സ്വന്തം നിലയിൽ സ്ഥാപിക്കാനുമാകും.

English Summary:

Battery energy storage system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com