ADVERTISEMENT

ന്യൂഡൽഹി ∙ പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ നിർമിക്കുന്നതും റീസൈക്ലിങ് സാധ്യത കൂടുതലുള്ളതുമായ ഉൽപന്നങ്ങൾക്ക് ‘ഇക്കോ മാർക്ക്’ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. നിത്യോപയോഗ സാധനങ്ങൾ മുതൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വരെ ഇനി പ്രത്യേക ഇക്കോ മാർക്കോടു കൂടിയാകും വിപണിയിൽ എത്തുക. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതു സംബന്ധിച്ച് വിശദമായ ചട്ടങ്ങൾക്ക് രൂപം നൽകി. ഉൽപന്നങ്ങൾക്ക് ഇക്കോ മാർക്ക് നൽകുന്ന 1991ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്.

പരിസ്ഥിതി സൗഹൃദമായ ഉൽപന്നങ്ങൾക്ക് സർക്കാർ നൽകുന്ന പ്രത്യേക ലൈസൻസാണ് ‘ഇക്കോ മാർക്ക്’. ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, നിർമാണ പ്രക്രിയ എന്നിവയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ തോതു പരിശോധിച്ചാണ് ലൈസൻസ് നൽകുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ആക്ടിന് അനുസരിച്ചാണ് ചട്ടങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്.

ഇക്കോ മാർക്ക് ആർക്കൊക്കെ?

ആദ്യഘട്ടത്തിൽ 17 വിഭാഗം ഉൽപന്നങ്ങൾ

– സൗന്ദര്യവർധക വസ്തുക്കളുടെ വിഭാഗത്തിൽ സ്‌കിൻ പൗഡർ, ടൂത്ത് പൗഡറും ടൂത്ത് പേസ്റ്റും, സ്‌കിൻ ക്രീം, ഹെയർ ഓയിൽ, ഷാംപൂ, സോപ്പ്, ഹെയർ ക്രീം, നെയിൽ പോളിഷ്, ആഫ്റ്റർ ഷേവ് ലോഷൻ. ഷേവിങ് ക്രീം, കോസ്‌മെറ്റിക് പെൻസിൽ, ലിപ്‌സ്റ്റിക് എന്നിവ. എല്ലാ തരം സോപ്പുകളും ഡിറ്റർജന്റുകളും പട്ടികയിൽ ഉൾപ്പെടും.

– ഭക്ഷ്യ വസ്തുക്കളിൽ ചായപ്പൊടി, ഭക്ഷ്യ എണ്ണ, കാപ്പിപ്പൊടി, ഫുഡ് അഡിറ്റീവ്സ്

– ഇലക്ട്രോണിക്സിൽ റഫ്രിജറേറ്റർ, ടിവി, മിക്‌സി, ഗീസർ, ഇസ്തിരിപ്പെട്ടി, ടോസ്റ്റർ, കൂളർ, ഫാൻ

– പേപ്പർ, ബാറ്ററി, പാക്കേജിങ് സാധനങ്ങൾ, എല്ലാ തരം ടെക്സ്റ്റൈൽ ഉൽപന്നങ്ങൾ, മരം, പ്ലാസ്റ്റിക്, കയർ ഉൽപന്നങ്ങളും പട്ടികയിൽ ഉണ്ട്.

എങ്ങനെ ഇക്കോ മാർക്ക് നേടാം?

നിർമാതാക്കൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് അപേക്ഷ നൽകണം. ബോർഡ് ആവശ്യമായ പരിശോധന നടത്തി നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി സ്റ്റിയറിങ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയാണ് ഇക്കോ മാർക്കിന് ശുപാർശ ചെയ്യുന്നത്. മൂന്നു വർഷമാണ് ലൈസൻസ് കാലാവധി. അതിന് ശേഷം വീണ്ടും അപേക്ഷിക്കണം. നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കും. ലൈസൻസിന് അപേക്ഷ നൽകുന്നതിനും പുതുക്കുന്നതിനും പ്രത്യേക വെബ്സൈറ്റ് തുടങ്ങും.

English Summary:

'Eco Mark' for products with environmental friendly and high recycling potential

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com