സംഗതി സാമ്പത്തികമാണ്! ‘ഫിൻഫ്ലുവൻസർമാർ’ സെബിയുടെ സ്കാനറിൽ
Mail This Article
ജനശ്രദ്ധ പിടിച്ചുപറ്റാവുന്ന വിഷയങ്ങളിൽ യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അറിവു പകർന്നും അഭിപ്രായം പ്രകടിപ്പിച്ചും പൊതുജന വികാരം രൂപപ്പെടുത്തുന്നതിനും അവരുടെ പെരുമാറ്റ രീതികളെ സ്വാധീനിക്കുന്നതിനും ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവരെയാണ് പൊതുവെ ‘ഇൻഫ്ലുവൻസേഴ്സ്’ എന്നു വിളിക്കുന്നത്. നിക്ഷേപ മേഖലയിൽ പൊതുവേയും വ്യക്തിഗത സാമ്പത്തികരംഗത്ത് പ്രത്യേകിച്ചും പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസർമാർ ‘ഫിൻഫ്ലുവൻസർ’മാരാണ്. സംഗതി സാമ്പത്തിക മേഖലയിലായതിനാൽ ഇന്ത്യൻ മൂലധന വിപണിയുടെ കേന്ദ്ര സ്ഥാപനമായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫിൻഫ്ലുവൻസർമാരുടെ നിയന്ത്രണ സംവിധാനങ്ങൾ സംബന്ധിച്ച മാർഗരേഖകൾ പുറത്തിറക്കി പ്രാവർത്തികമാക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഫിൻഫ്ലുവൻസർമാർ എന്നാൽ
വശ്യമായ ഉള്ളടക്കങ്ങളും ആരെയും പിടിച്ചിരുത്തുന്ന അവതരണ രീതികളുമുള്ള റീലുകളും ബ്ലോഗുകളും ഉപയോഗപ്പെടുത്തിയാണ് ഫിൻഫ്ലുവൻസർമാർ സമൂഹ മാധ്യമങ്ങൾ വഴി സാമ്പത്തിക വിഷയങ്ങൾ അവതരിപ്പിക്കുന്നത്. സാമ്പത്തിക സാക്ഷരതയുടെ കുറവും പുത്തൻ അവസരങ്ങളെ സംബന്ധിച്ച വിവരങ്ങളുടെ ലഭ്യതയില്ലായ്മയും ഫിൻഫ്ലുവൻസേഴ്സിന്റെ വിഡിയോകൾ ശ്രദ്ധിച്ച് നിക്ഷേപം നടത്താൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഫിൻഫ്ലുവൻസേഴ്സിന്റെ വരുമാന സ്രോതസ്സുകളിൽ പ്രധാനം സമൂഹ മാധ്യമങ്ങൾ നേരിട്ടു നൽകുന്ന തുകയാണ്. എന്നാൽ ഫീസും കമ്മിഷനും കൂടാതെ പലപ്പോഴും സേവനങ്ങൾ വിൽക്കുന്ന വഴി ലഭിക്കുന്ന ലാഭത്തിന്റെ പങ്കും പറ്റുന്നവരുണ്ട്.
നിക്ഷേപക താൽപര്യ സംരക്ഷണം
നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടസാധ്യത കുറയ്ക്കുന്നതിനും നിയുക്തമായിട്ടുള്ള കേന്ദ്ര സ്ഥാപനമാണ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. മൂലധന വിപണിയിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളായ നിക്ഷേപ ഉപദേശകരുടെയും (ഐഎ) റിസർച് അനലിസ്റ്റുകളുടെയും (ആർഎ) പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ നേരത്തെ തന്നെ പുറപ്പെടുവിച്ച് നടപ്പാക്കിയിട്ടുണ്ട്. സ്വയം നിയന്ത്രിത സംവിധാനങ്ങൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഫിൻഫ്ലുവൻസേഴ്സിന് ബാധകമായിട്ടുള്ളത്. നിക്ഷേപകരുടെ സമ്പത്ത് സംരക്ഷിക്കുന്നതിന് ഫിൻഫ്ലുവൻസേഴ്സിന്റെ റജിസ്ട്രേഷനും പ്രവർത്തനങ്ങളുടെ നിരീക്ഷണവും സംബന്ധിച്ച് നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ല.
ഫിൻഫ്ലുവൻസേഴ്സിനും റജിസ്ട്രേഷൻ
മൂലധന വിപണികളിൽ പ്രവർത്തിക്കണമെങ്കിൽ സെബി, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, മ്യൂച്വൽ ഫണ്ടുകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ തുടങ്ങിയവകളിൽ റജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നു. ഫിൻഫ്ലുവൻസേഴ്സ് ഇപ്പോൾ അനധികൃതമായും യുക്തിരഹിതമായും സമാഹരിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ നിക്ഷേപകരുടെ അറിവില്ലായ്മയും നിസ്സഹായതയും ചൂഷണം ചെയ്യുകയാണെന്ന് നിയന്ത്രണ ഏജൻസികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഫിൻഫ്ലുവൻസേഴ്സ് നൽകുന്ന വിവരങ്ങളും വിവരണങ്ങളും പ്രലോഭനങ്ങളും വഴി അവർ വ്യത്യസ്ത രീതികളിൽ സമാഹരിക്കുന്ന വരുമാനം എത്രയെന്ന് നിക്ഷേപകർ അറിയേണ്ടതുമുണ്ട്.
റജിസ്ട്രേഷനില്ലാത്ത ഫിൻഫ്ലുവൻസേഴ്സിന് വിവരങ്ങൾ നൽകുന്നതിനും ഏതെങ്കിലും രീതിയിൽ അവരെ ഉപയോഗപ്പെടുത്തുന്നതിനും മൂലധന വിപണിയിലെ റജിസ്ട്രേഷനുള്ള മറ്റെല്ലാ സ്ഥാപനങ്ങളെയും വിലക്കിയിരിക്കുന്നു. ഫിൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ച് വ്യാപാരം വർധിപ്പിക്കുന്ന സ്ഥാപനങ്ങൾ കമ്മിഷൻ, ഫീസ് തുടങ്ങിയ രീതിയിൽ നൽകുന്ന പണത്തിനും ആനുകൂല്യങ്ങൾക്കും വിലക്കുണ്ട്.
റജിസ്ട്രേഷൻ നമ്പർ, പരാതി പരിഹാര സംവിധാനങ്ങൾ, ബന്ധപ്പെടാവുന്ന വിവരങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചുകൊണ്ടു മാത്രമേ റജിസ്ട്രേഷനുള്ള ഫിൻഫ്ലുവൻസേഴ്സിനും പ്രവർത്തിക്കാൻ സാധിക്കൂ. മാർഗരേഖകൾ ലംഘിക്കുന്നവരെ ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ വകുപ്പുകൾ ചുമത്തി നിയമ നടപടികൾ സ്വീകരിക്കും.
നിക്ഷേപകരെ ബോധവൽക്കരിക്കാൻ
സാമ്പത്തിക സാക്ഷരത വളർത്തുന്നതിലും നിക്ഷേപ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മാർഗനിർദേശങ്ങൾ നൽകുന്നതിനും ഫിൻഫ്ലുവൻസേഴ്സ് നടത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുക വഴി സെബിയുടെ നടപടികൾ നിക്ഷേപസൗഹൃദമാകുന്നു. കാര്യവിവരമറിഞ്ഞുള്ള നിക്ഷേപ തീരുമാനങ്ങളെടുക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുന്ന ഡിജിറ്റൽ വിവരങ്ങൾ ഉൾപ്പെടെ സുഗമമായി ലഭ്യമാക്കുകയാണ്. ക്യാപ്സ്യൂൾ പഠന സഹായികൾ ആകർഷകമായി തോന്നാമെങ്കിലും തങ്ങളുടെ സമ്പത്ത് നഷ്ടപ്പെടുന്നതിൽ നിന്നു ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുകയാണ് ഫിൻഫ്ലുവൻസേഴ്സിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ലക്ഷ്യമിടുന്നത്. ഉദ്ദേശശുദ്ധിയുള്ള ഫിൻഫ്ലുവൻസേഴ്സിന് അനുകൂലമായ ബിസിനസ് മോഡലും ന്യായമായ വരുമാന മാർഗങ്ങളും നിക്ഷേപകരുടെ നഷ്ടസാധ്യത പരമാവധി കുറയ്ക്കുന്നതോടൊപ്പം സാധ്യമാക്കും.