ഇന്ത്യയ്ക്ക് നാലാം സ്ഥാനം, വിദേശനാണ്യത്തിൽ റെക്കോർഡ് 70400 കോടി ഡോളർ
Mail This Article
കൊച്ചി∙ കരുതൽ സ്വർണം ഇംഗ്ലണ്ടിനു പണയം വയ്ക്കേണ്ടി വന്ന 1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം വെറും 580 കോടി ഡോളർ! ഇന്നലെ വിദേശനാണ്യം നേടിയ റെക്കോർഡ് 70400 കോടി ഡോളർ!! (ഏകദേശം 58 ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുക). വിദേശ നാണ്യത്തിൽ ലോകത്തു നാലാം സ്ഥാനത്തെത്തിയ ഇന്ത്യ എത്ര വലിയ സാമ്പത്തിക ശക്തിയായി വളർന്നിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനം കൂടിയാണിത്. ഇന്ത്യയെക്കാൾ വിദേശ നാണ്യ ശേഖരമുള്ളതു മൂന്നു രാജ്യങ്ങൾക്കു മാത്രം–ചൈന,ജപ്പാൻ, സ്വിറ്റ്സർലൻഡ്. ഇക്കൊല്ലം മാത്രം വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത് 3000 കോടി ഡോളറാണ്.
1991ൽ, ഇന്ത്യയുടെ 55 ടൺ കരുതൽ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം വയ്ക്കാൻ വിമാനത്തിൽ കയറ്റിയയയ്ക്കേണ്ടി വന്നു. അന്ന് ചന്ദ്രശേഖർ പ്രധാനമന്ത്രിയും യശ്വന്ത് സിൻഹ ധനമന്ത്രിയും. വെറും 3 ആഴ്ചത്തെ ഇറക്കുമതി ചെലവിനുള്ള വിദേശ നാണ്യം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. വിദേശ കടങ്ങളുടെ തിരിച്ചടവ് നടത്താൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ് കരുതൽ സ്വർണം പണയം വച്ചത്. ആ പ്രതിസന്ധിയിൽ നിന്നുള്ള പാഠമാണ് നരസിംഹറാവു അധികാരത്തിലെത്തിയപ്പോൾ ധനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉദാരവൽക്കരണത്തിലേക്കു നയിച്ചത്.
റിസർവ് ബാങ്കിന്റെ സ്വർണ ശേഖരവും വർധിച്ചിട്ടുണ്ട്. 6570 കോടി ഡോളറിന്റേതാണ് ഇപ്പോഴത്തെ സ്വർണ ശേഖരം. സെപ്റ്റംബർ 27ന് അവസാനിച്ച വാരമാണ് വിദേശനാണ്യം 70000 കോടി ഡോളർ കടന്ന് റെക്കോർഡിട്ടത്. കഴിഞ്ഞ വർഷത്തെ ശേഖരത്തെക്കാൾ 6200 കോടി ഡോളർ അധികമാണിത്. 2026ൽ വിദേശനാണ്യം 74500 കോടി ഡോളറിലെത്തുമെന്നാണു കണക്കാക്കപ്പെടുന്നത്.
ഇന്നലെ ആരംഭിച്ച റിസർവ് ബാങ്ക് പണനയ സമിതിയുടെ യോഗത്തിന്റെ തീരുമാനങ്ങളെ വിദേശനാണ്യ ശേഖരത്തിലെ വർധന സ്വാധീനിക്കും. രൂപയുടെ വിലയിടിയാതെ നിലനിർത്താൻ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. രൂപയുടെ വില ഇടിയുന്ന ഘട്ടം വന്നാൽ നാണ്യശേഖരം ഉപയോഗിച്ച് ഡോളർ വാങ്ങി വില പിടിച്ചു നിർത്താം. കൂടുതൽ മുതൽമുടക്കിലേക്കും സാമ്പത്തിക വളർച്ചയിലേക്കും അധിക നാണ്യശേഖരം നയിക്കാം.