ADVERTISEMENT

പാലക്കാട് ∙ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട്ട് അനുവദിച്ച ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിക്കായി കേരളം സ്വീകരിച്ച നടപടികളിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി. ആദ്യഗഡു കേന്ദ്രവിഹിതം ഈ മാസം അനുവദിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു.

നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (എൻഐസിഡിസി) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ രജത് കുമാർ സായ്നിയും സംഘവും ഇന്നലെ കഞ്ചിക്കോട് മേഖലയിലെ നിർദിഷ്ട സ്ഥലം സന്ദർശിച്ചു. 

ഈ സംഘം കേന്ദ്ര വ്യവസായ സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പദ്ധതിക്കുള്ള കേന്ദ്രവിഹിതം അനുവദിക്കുക.

പദ്ധതിക്ക് അനുയോജ്യമായ സ്ഥലമാണു സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നതെന്നും വ്യവസായ വികസനത്തിന് ഇവിടെ സാധ്യതകളേറെയാണെന്നും കേന്ദ്രസംഘം വിലയിരുത്തി. 

സംസ്ഥാനം തയാറാക്കിയ വിശദ പദ്ധതിരേഖയിൽ സംതൃപ്തി അറിയിക്കുകയും ചെയ്തു. ജലലഭ്യത, പ്രദേശത്തെ റോഡുകളുടെ വീതി ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ കൂടുതൽ വ്യക്തത തേടി. കേന്ദ്രത്തിൽ നിന്നു തുക അനുവദിക്കുന്ന മുറയ്ക്ക് അതിന് ആനുപാതികമായിട്ടായിരിക്കും ഭൂമി കൈമാറുക.

English Summary:

Palakkad Industrial Smart City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com