വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ, ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാളികളുടെ ആക്രമണം
Mail This Article
കൊച്ചി∙ തുടർച്ചയായ ആറാം വ്യാപാരദിനത്തിലും രാജ്യത്തെ ഓഹരി വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിൽ. പശ്ചിമേഷ്യൻ സംഘർഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിക്കു കനത്ത പ്രഹരമേൽപിച്ചതെങ്കിൽ ഇപ്പോഴത്തെ ഇടിവിന്റെ പ്രധാന കാരണം വിദേശ നിക്ഷേപകർ കൂട്ടത്തോടെ ചൈനയിലേക്കു പോകുന്നതാണ്. ചൈനീസ് വിപണിയിൽ അടുത്തിടെയുണ്ടായ വലിയ ഉണർവാണ് ഇന്ത്യൻ വിപണിയിലെ നിക്ഷേപം പിൻവലിച്ച് ചൈനയിലേക്കു മാറ്റാൻ വൻകിട വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം നടത്തുമ്പോഴും ഇന്ത്യൻ വിപണിയിൽ വലിയ തോതിലുള്ള ഇടിവു തുടരുന്നതിന്റെ കാരണമിതാണ്. ഇന്ത്യൻ വിപണിയിൽ ഓഹരികളുടെ മൂല്യം വളരെ ഉയർന്നു നിൽക്കുന്നതും തിരുത്തലിനു കാരണമാകുന്നുണ്ട്.
638 പോയിന്റ് ഇന്നലെ ഇടിഞ്ഞതോടെ സെൻസെക്സ് 81000 നിലവാരത്തിലേക്കു തിരിച്ചെത്തി. നിഫ്റ്റിയിൽ ഇന്നലത്തെ നഷ്ടം 218 പോയിന്റാണ്. റിസർവ് ബാങ്കിന്റെ പണനയം നാളെ പ്രഖ്യാപിക്കാനിരിക്കെ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും വിപണിയിലില്ല.
പണപ്പെരുപ്പം കുറയുകയും അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിലും ഈ യോഗത്തിൽ പലിശ കുറച്ചേക്കില്ലെന്ന കണക്കുകൂട്ടലാണ് വിപണിയിലുള്ളത്.
രൂപ @84, ക്രൂഡ്@80
രൂപയുടെ മൂല്യം ഡോളറിനെതിരെ 84 നിലവാരത്തിലേക്ക് ഇടിഞ്ഞു. ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെടുന്നതാണ് കാരണം. ക്രൂഡ്‌ഓയിൽ വില 80 ഡോളറിലേക്കും ഉയർന്നു. പശ്ചിമേഷ്യയിലെ സംഘർഷമാണ് എണ്ണവില ഉയർത്തുന്നത്.
ഒരാഴ്ചയ്ക്കിടെ 8% വിലവർധന.