രത്തൻ ടാറ്റയ്ക്ക് വിട: ഓഹരികളിൽ സമ്മിശ്ര പ്രതികരണം, കെമിക്കൽസും എൽക്സിയും മുന്നേറി, ടിസിഎസ് നഷ്ടത്തിൽ
Mail This Article
രത്തൻ ടാറ്റയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് സമ്മിശ്ര പ്രതികരണത്തോടെ. ടാറ്റാ ഇൻവെസ്റ്റ്മെന്റ്, ടാറ്റാ കെമിക്കൽസ്, ടാറ്റാ എൽക്സി, ടാറ്റാ സ്റ്റീൽ, ടാറ്റാ ടെക്നോളജീസ് എന്നിവ 15 ശതമാനത്തോളം മുന്നേറിയെങ്കിലും പിന്നീട് നേട്ടം കുറച്ചു. സെപ്റ്റംബർപാദ പ്രവർത്തനഫലം ഇന്ന് പുറത്തുവരാനിരിക്കേ ടിസിഎസ് ഓഹരികൾ വ്യാപാരം ചെയ്യുന്നത് നേരിയ നഷ്ടത്തിലാണ്.
ടാറ്റാ ഇൻവെസ്റ്റ്മെന്റ് ഓഹരികൾ നിലവിൽ 9.74% നേട്ടത്തിലാണുള്ളത്. ടാറ്റാ കെമിക്കൽ 5.24%, ടാറ്റാ എൽക്സി 2.66% എന്നിങ്ങനെയും നേട്ടത്തിലുണ്ട്. ടാറ്റാ എൽക്സിയും ഇന്ന് പ്രവർത്തനഫലം പുറത്തുവിടും. ടാറ്റാ കോഫി 3.57%, ടാറ്റാ മെറ്റാലിക് 2.98%, ടാറ്റാ ടെലിസർവീസസ് 6.82% എന്നിങ്ങനെയും ഉയർന്നു. ടാറ്റാ മോട്ടോഴ്സ് (-0.84%), ടൈറ്റൻ (-1.80%), ട്രെന്റ് (-1.67%), വോൾട്ടാസ് (-0.75%) എന്നിവ നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു. ഇന്ത്യൻ ഹോട്ടൽസ് കമ്പനി, നെൽകോ, ടാറ്റാ കമ്യൂണിക്കേഷൻസ്, ടാറ്റാ പവർ, ടാറ്റാ സ്റ്റീൽ എന്നിവയും ഭേദപ്പെട്ട നേട്ടത്തിലാണുള്ളത്.
പ്രവർത്തനഫലം പുറത്തുവിടുന്നതിന്റെ ഭാഗമായി ടിസിഎസ് ഇന്ന് വൈകിട്ട് പത്രസമ്മേളനം വിളിച്ചുചേർത്തിരുന്നത് രത്തൻ ടാറ്റയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. എന്നാൽ, പ്രവർത്തനഫലം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സമർപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് രത്തൻ ടാറ്റ മുംബൈയിൽ അന്തരിച്ചത്. ഇന്ന് വൈകിട്ടാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
86-ാം വയസ്സിൽ രത്തൻ ടാറ്റ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുമ്പോൾ അസ്തമിക്കുന്നത് വ്യവസായരംഗത്തെ ഭീഷ്മാചാര്യർ കൂടിയാണ്. 21 വർഷക്കാലം ടാറ്റാ സൺസ് ചെയർമാനായിരുന്ന രത്തൻ ടാറ്റ, 2012ലാണ് പദവിയൊഴിഞ്ഞത്. പിന്നീട് എൻ. ചന്ദ്രശേഖരൻ ചെയർമാനായ ശേഷം ചെയർമാൻ ഇമെരിറ്റസ് പദവി വഹിക്കുകയായിരുന്നു.