"സംസ്ഥാനത്തെ വന്‍ തോക്കുകള്‍ അപ്പുറത്ത്: ടാറ്റയും ഞാനും സുരക്ഷാ ജീവനക്കാരും ഇപ്പുറത്ത്" - ഒരു ഓര്‍മക്കുറിപ്പ്
Mail This Article
രത്തന്‍ ടാറ്റയുമൊത്ത് കൊച്ചിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കുക. അതിനിടെ കേരളത്തിലെ ഭക്ഷണ രീതികളെ കുറിച്ച് അതീവ താല്‍പര്യത്തോടെ അദ്ദേഹം ചോദിക്കുക. സാധാരണക്കാരില്‍ സാധാരണക്കാരോട് അദ്ദേഹത്തിന്റെ സമീപനം മനസിലാക്കുക, ഇതിനെല്ലാം അവസരം ലഭിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ സ്മിതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്:
"ടാറ്റയെ കുറിച്ച് വലിയ എത്രയോ കാര്യങ്ങളുണ്ടാകും. പക്ഷേ, ഞാന്‍ ആദ്യമായി പാസ്ത കഴിക്കുന്നത് രത്തന്‍ ടാറ്റയുമൊത്താണ് എന്നതാണ് എന്നെ സംബന്ധിച്ച് വലിയ ഓര്‍മ.
വിഎസ്എന്‍എല്‍ സര്‍ക്കാരില്‍ നിന്ന് ടാറ്റ വാങ്ങിയ കാലം. രത്തന്‍ ടാറ്റ കാക്കനാടുള്ള വിഎസ്എന്‍എല്‍ ഓഫിസ് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നു. വിഎസ്എന്‍എല്‍ സര്‍ക്കാര്‍ സ്ഥാപനമോ സ്വകാര്യ സ്ഥാപനമോ എന്ന സംശയം തീര്‍ന്നിട്ടില്ലാത്ത ഒരവസ്ഥ. എന്റെ ബോസ് പീറ്റര്‍ സാര്‍ വിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫിസില്‍ നിന്നു വന്ന കക്ഷിയോടൊത്ത് ദിവസങ്ങള്‍ക്കു മുന്നേ തന്നെ പ്രവര്‍ത്തിക്കാന്‍ എന്നെ അസ്സൈന്‍ ചെയ്യുന്നു.
കുറെ ദിവസങ്ങള്‍ ടെന്‍ഷന്‍ പിടിച്ച് ഓടുന്ന അദ്ദേഹവുമൊത്ത് ഓരോരോ സ്ഥലങ്ങളില്‍ ഞാനും പോകുന്നു. ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹമെന്നോടു നന്ദി പറയുന്നു. എന്തിനെന്നറിയാതെ ഞാന്‍ ചിരിയില്‍ അതു സ്വീകരിക്കുന്നതായി കാണിക്കുന്നു. ഒടുവിലാ ദിവസമെത്തി. രാവിലെ ഏഴു മണിക്കു തന്നെ റെഡിയാകണമെന്ന് അദ്ദേഹം എന്നോടു പറയുന്നു. ഏഴേ പത്തിനു മുന്‍പേ ഞാന്‍ എത്തുന്നു.
രത്തന്‍ ടാറ്റ ഹെലികോപ്റ്ററില്‍ കാക്കനാട് എത്തുന്നു. അവിടെ നിന്ന് ഒരേ പോലെ തോന്നുന്ന രണ്ടു കറുത്ത ബെന്‍സ് കാറുകള്‍ വിഎസ്എന്‍എല്ലിലേക്കു നീങ്ങുന്നു. രണ്ടു കാറുകളില്‍ നിന്നും രണ്ടു പേര്‍ പുറത്തിറങ്ങുന്നു. പഴയ സിനിമകളിലെ നസീറിന്റെ ഡബിള്‍ റോള്‍ പോലെ എന്തോ സംഭവമാണോ എന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍ സെക്യൂരിറ്റി ഉദ്യോസ്ഥരും മറ്റും ഞങ്ങളെ അതിലേതോ ഒരു കാറിനടുത്തേക്കു കൊണ്ടു പോയപ്പോഴാണ് അതാണ് യഥാര്‍ത്ഥ ടാറ്റയെന്നു മനസിലാകുന്നത്. അടുത്തത് ഒരു അഡീഷണല്‍ കാറും സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു.
അതിനു ശേഷം വിഎസ്എന്‍എല്‍ ഓഫിസെല്ലാം കണ്ട അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കാണുന്നു. അപ്പോഴേക്ക് ലഞ്ചിന് അവരെയെല്ലാം ക്ഷണിക്കുന്നു. അടുത്ത ഏതാനും നിമിഷങ്ങള്‍ക്കിടെയാണ് കാര്യങ്ങള്‍ മാറുന്നത്. അതിഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അടുത്തു തന്നെ വലിയ ഗ്ലാസ് പാര്‍ട്ടീഷന് അപ്പുറത്തുള്ള ഭാഗത്ത് ഭക്ഷണം ഒരുക്കുന്നു. സുരക്ഷാ കാരണങ്ങളാല്‍ ടാറ്റയ്ക്ക് അതിന്റെ മറുഭാഗത്ത് ഭക്ഷണം ഒരുക്കുന്നു. അവിടെ വിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫിസില്‍ നിന്നു വന്ന കക്ഷിയും ഞാനും സുരക്ഷാ ചുമതലക്കാരും മാത്രം. നിന്നു കൊണ്ട് ടാറ്റ ഒരു പ്ലേറ്റ് എടുത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നു. അവിടെ നിന്ന ഞങ്ങളോടു രണ്ടു പേരോടും പ്ലേറ്റ് എടുക്കാന്‍ നിര്‍ബന്ധിച്ചതോടെ ഞങ്ങളും പ്ലേറ്റ് എടുത്തു. അദ്ദേഹം ചെയ്തതെല്ലാം ഞാനും അനുകരിച്ചു. ടാറ്റ എടുത്തത് പാസ്ത മാത്രം. അത് ഫോര്‍ക്ക് കൊണ്ട് ചെറുതായി എടുത്തു കഴിക്കുന്നു. ഞാനും ഒപ്പം നിന്ന് അതു തന്നെ കഴിക്കുന്നു.
നമ്മുടെ മുംബൈ കക്ഷി എന്നെ പരിചയപ്പെടുത്തി. കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അനുമതി അടക്കം എല്ലാം സംഘടിപ്പിച്ചത് ഇദ്ദേഹമാണ് എന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. ഏത്? എവിടെ? എന്നായിരുന്നു എന്റെ മനസിലുയര്‍ന്ന ചോദ്യം. അദ്ദേഹം വടക്കേ ഇന്ത്യന്‍ സ്ലാങില്‍ പറഞ്ഞ ഇംഗ്ലീഷ് മനസിലാകാത്തവരോട് അത് ട്രാന്‍സുലേറ്റു ചെയ്തു കൊടുത്തു എന്നതു മാത്രമാണ് ചെയ്തതെന്നു ഞാന്‍ വെളിപ്പെടുത്തിയില്ല. പിന്നെ, എന്റെ സ്വാധീനം കൊണ്ടു വേണമല്ലോ ടാറ്റയ്ക്ക് കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അനുമതി ലഭിക്കാന്‍ എന്നു ഞാന്‍ മനസില്‍ പറയുകയും ചെയ്തു.
എന്തായാലും ഭക്ഷണം കഴിക്കുന്ന 15-20 മിനിറ്റ് ഞങ്ങള്‍ അങ്ങനെ അദ്ദേഹം കേരളത്തെ കുറിച്ചു പറയുന്നതു കേട്ടു. ഇടയ്ക്ക് ഓരോ അഭിപ്രായങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ പറയുകയും ചെയ്തു.
ഗ്ലാസ് പാര്‍ട്ടീഷന് അപ്പുറം കേരളത്തിലെ വന്‍ തോക്കുകളും മാധ്യമ സിംഹങ്ങളും നില്‍ക്കുമ്പോഴാണ് ഞങ്ങള്‍ അങ്ങനെ 'ഒരുമിച്ചു ഭക്ഷണവും കഴിച്ച് സംസാരിച്ചു നില്‍ക്കുന്നത്. ഈ പാവം സ്മിതിക്ക് ഇത്രയേറെ സ്വാധീനമോ എന്നു വിചാരിച്ചു നിന്നവര്‍ ചില്ലറക്കാരായിരുന്നില്ല. കേരളത്തിലെ ഒരു ബിസിനസ് പുലിയുമായി ആദ്യമായി സംസാരിക്കുന്നത് അന്നു പുറത്തിറങ്ങുമ്പോഴാണ്. അതിനു ശേഷം പിന്നീടു ഞങ്ങള്‍ പരിചയക്കാരായിട്ടും അദ്ദേഹം കരുതുന്നത് എനിക്ക് ടാറ്റയില്‍ എന്തോ അടുപ്പമുണ്ടെന്നാണ്. കുറ്റം പറയാനാവില്ല. അത്തരത്തിലെ സീനായിരുന്നല്ലോ അവര്‍ കണ്ടത്.
അടുത്തിടെ ഇക്കാര്യത്തെ കുറിച്ചു ഞാനും എന്റെ സുഹൃത്തും സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കമന്റ് രസകരമായിരുന്നു. ഇന്നാണെങ്കില്‍ സ്മിതി അതിന്റെ എത്ര റീല്‍സ് ഇട്ട് ഞങ്ങളെ വെറുപ്പിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്തായാലും ടാറ്റയുമൊത്തുള്ള ഭക്ഷണം മറക്കാനാവാത്ത അനുഭവമായി. കുറേക്കാലത്തേക്ക് പാസ്ത എവിടെ കിട്ടിയാലും കഴിക്കാനും അതിലൂടെ രത്തന്‍ ടാറ്റയുമൊത്തു ചെലവഴിച്ച നിമിഷങ്ങള്‍ ഓര്‍ക്കാനും ശ്രമിച്ചിരുന്നു."