ഞങ്ങൾക്ക് ദൈവമാണ് ആ മനുഷ്യൻ
Mail This Article
ആലുവ∙ ‘ദൈവമായിരുന്നു ഞങ്ങൾക്ക് ആ വലിയ മനുഷ്യൻ. അദ്ദേഹത്തിന്റെ കരുതൽ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല’–നിറഞ്ഞ കണ്ണുകൾ തുടച്ചു സുനു വർഗീസ് രത്തൻ ടാറ്റയെ ഓർമിച്ചു. 2008ൽ മുംബൈ താജ് പാലസിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കടുങ്ങല്ലൂർ കണിയാംകുന്ന് വാഴക്കുന്നത്ത് വർഗീസ് തോമസിന്റെ ഭാര്യയാണ് സുനു. താജിലെ വസാബി ജാപ്പനീസ് റസ്റ്ററന്റിൽ ക്യാപ്റ്റനായിരുന്നു വർഗീസ്. നാൽപത്തെട്ടുകാരനായ അദ്ദേഹം അതിഥികളും ജീവനക്കാരും അടക്കം 58 പേരെ രക്ഷിച്ചുകൊണ്ടാണ് മരണത്തിനു കീഴടങ്ങിയത്. അക്കൊല്ലം ഡിസംബർ 4നാണ് സുനു ആദ്യമായി രത്തൻ ടാറ്റയെ നേരിട്ടു കണ്ടത്. ആക്രമണത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങൾക്കായി മുംബൈ താജ് പ്രസിഡന്റിൽ സംഘടിപ്പിച്ച സംഗമത്തിൽ.
‘വർഗീസിന്റെ മരണത്തിലൂടെ ഞങ്ങൾക്കു നഷ്ടപ്പെട്ടതു ‘ഗോൾഡൻ സ്റ്റാഫി’നെയാണ്. നിങ്ങൾക്കുണ്ടായ നഷ്ടമാകട്ടെ ഒരിക്കലും നികത്താനാവാത്തതും. ആശ്വസിപ്പിക്കാൻ വാക്കുകളില്ല. നിങ്ങൾക്കൊപ്പം എന്നും ഞങ്ങളുണ്ടാകും’–സുനുവിന്റെ കരം ഗ്രഹിച്ച് അന്ന് രത്തൻ ടാറ്റ പറഞ്ഞു. തനിക്കും മക്കൾക്കും ഉണ്ടായ വ്യക്തിപരമായ നഷ്ടം വലുതാണെങ്കിലും ജോലി ചെയ്ത സ്ഥാപനത്തിനു വേണ്ടി ഭർത്താവ് ജീവത്യാഗം ചെയ്തതിൽ അഭിമാനം കൊള്ളുന്നുവെന്നായിരുന്നു സുനുവിന്റെ മറുപടി. താജിന്റെ തകർച്ചയിൽ തളർന്നുപോയ തനിക്കു സുനുവിന്റെ വാക്കുകൾ പകർന്ന മനോധൈര്യത്തെ കുറിച്ചു ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ രത്തൻ ടാറ്റ ഇക്കണോമിക് ടൈംസിൽ എഴുതിയ ലേഖനത്തിൽ പേരെടുത്തു പ്രശംസിച്ചു.
വർഗീസ് കൊല്ലപ്പെടുമ്പോൾ വരുമാനമൊന്നും ഇല്ലാത്ത വീട്ടമ്മയായിരുന്നു സുനു. മൂത്ത മകൻ വെസ്‌ലി നഴ്സിങ് വിദ്യാർഥി. ഇളയ മകൻ റയ്നൽ 9ൽ പഠിക്കുന്നു. അയർലൻഡിൽ സൈക്യാട്രിക് നഴ്സാണ് ഇപ്പോൾ വെസ്‌ലി.റയ്നൽ ഔറംഗബാദ് ഐഎച്ച്എമ്മിൽ നിന്നു കളിനറിയിൽ ബിരുദം നേടിയ ശേഷം ഓസ്ട്രേലിയയിൽ പോയി പിജി എടുത്തു. ഇപ്പോൾ അവിടെ ഷെഫ്. റയ്നലിന്റെ ബിരുദ പഠനത്തിനു വേണ്ടിവന്ന 20 ലക്ഷം രൂപ രത്തൻ ടാറ്റയാണ് നൽകിയത്.
പിജിക്കു ചേർന്നപ്പോൾ 10 ലക്ഷം രൂപ കൂടി നൽകി. സുനു 2010ൽ രത്തൻ ടാറ്റയുടെ ക്ഷണം സ്വീകരിച്ചു താജ് പബ്ലിക് സർവീസ് വെൽഫെയർ ട്രസ്റ്റിൽ ജോലിക്കു ചേർന്നു. അടുത്തിടെയാണ് വിരമിച്ചത്. രത്തൻ ടാറ്റയെ അടുത്തറിയാൻ ട്രസ്റ്റിലെ ജോലി സഹായകമായി.
വർഗീസ് തോമസിന്റെ മരണശേഷം കണ്ടപ്പോൾ രത്തൻ ടാറ്റ സഹായ വാഗ്ദാനങ്ങൾ വാക്കാൽ പറഞ്ഞതല്ലാതെ രേഖാമൂലം നൽകിയിരുന്നില്ല. എന്നാൽ, അദ്ദേഹം അതു കൃത്യമായി പാലിച്ചുവെന്നു സുനു പറഞ്ഞു. ഭർത്താവ് അവസാനം വാങ്ങിയ ശമ്പളം ഇന്നും എല്ലാ മാസവും സുനുവിന്റെ അക്കൗണ്ടിൽ എത്തുന്നുണ്ട്. സുനുവിന്റെയും മക്കളുടെയും പേരിൽ താജ് ഗ്രൂപ്പിന്റെ സ്ഥിര നിക്ഷേപവുമുണ്ട്.