ജിയോജിത്തിന് 57.42 കോടി രൂപ ലാഭം; വരുമാനത്തിലും 50% വളർച്ച
Mail This Article
പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 53% വളർച്ചയോടെ 57.42 കോടി രൂപ സംയോജിത ലാഭം രേഖപ്പെടുത്തി. മൊത്ത വരുമാനം 50% ഉയർന്ന് 218.55 കോടി രൂപയുമായെന്ന് ജിയോജിത് വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 37.48 കോടി രൂപയും മൊത്ത വരുമാനം 145.51 കോടി രൂപയുമായിരുന്നു.
പാദാടിസ്ഥാനത്തിലും ലാഭത്തിൽ 25 ശതമാനവും മൊത്ത വരുമാനത്തിൽ 21 ശതമാനവും വളർച്ചയുണ്ട്. നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ലാഭം 45.81 കോടി രൂപയും മൊത്ത വരുമാനം 181.18 കോടി രൂപയുമായിരുന്നു. സെപ്റ്റംബർപാദ കണക്കുപ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിമൂല്യം (എയുഎം/AUM) 1.12 ലക്ഷം കോടി രൂപയാണ്. 14.45 ലക്ഷം ഇടപാടുകാരുമുണ്ട്. കഴിഞ്ഞപാദത്തിൽ മാത്രം 34,763 പുതിയ ഇടപാടുകാരെ ജിയോജിത് നേടി.
ഓഹരികളുടെ പ്രകടനം
വെള്ളിയാഴ്ച 5.65% താഴ്ന്ന് 140.19 രൂപയിലാണ് ജിയോജിത് ഓഹരികൾ എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 17ലെ 159.46 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 2023 ഒക്ടോബർ 26ലെ 46.13 രൂപയാണ് 52-ആഴ്ചത്തെ താഴ്ച. കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 410% നേട്ടം ജിയോജിത് ഓഹരികൾ സമ്മാനിച്ചിട്ടുണ്ട്. 15.70 രൂപയായിരുന്ന ഓഹരിവിലയാണ് ഇക്കാലയളവിൽ 150 രൂപ കടന്ന് ഉയർന്നത്. 140 ശതമാനമാണ് കഴിഞ്ഞ ഒരു വർഷത്തെ നേട്ടം. അതേസമയം, കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 13% കുറയുകയും ചെയ്തിട്ടുണ്ട്. 3,900 കോടി രൂപയാണ് ജിയോജിത്തിന്റെ വിപണിമൂല്യം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)