ക്യാംപസിനു പുറത്തെ ഹോസ്റ്റൽ താമസത്തിനു ചെലവേറുമോ? വാടകക്കെട്ടിടങ്ങളുടെ ജിഎസ്ടി: അറിയേണ്ടതെല്ലാം
Mail This Article
കമേഴ്സ്യൽ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തു ബിസിനസ് ചെയ്യുമ്പോൾ നികുതിദായകർ അഥവാ ബിസിനസുകാർ റിവേഴ്‌സ് ചാർജ് മെക്കാനിസം (ആർസിഎം) വഴി ജിഎസ്ടി അടയ്‌ക്കേണ്ട ബാധ്യത നിലവിൽ വന്നിരിക്കുന്നു. ഇത് 2024 ഒക്ടോബർ 10നാണ് പ്രാബല്യത്തിലായത്. നോട്ടിഫിക്കേഷൻ നമ്പർ 09/2024 Central Tax (Rate) dated 08.10.24 പ്രകാരം വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലം അഥവാ കെട്ടിടം വാടകയ്ക്കു കൊടുക്കുന്ന സന്ദർഭത്തിൽ, ഉടമയ്ക്ക് ഒരു സാമ്പത്തിക വർഷം 20 ലക്ഷത്തിൽ താഴെ വാടക ലഭിക്കുമ്പോൾ ഇവർ അൺ- റജിസ്റ്റേഡ് ഡീലർ എന്ന വിഭാഗത്തിലാണ് വരുന്നത്.
ഈ ഘട്ടത്തിൽ ജിഎസ്ടിയുള്ള ബിസിനസുകാർ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനനുസരിച്ചു സെക്‌ഷൻ 31 (3)(f) പ്രകാരം സ്വയം ഇൻവോയ്‌സ് (Self invoice) തയാറാക്കി 18% ജിഎസ്ടി അടയ്ക്കേണ്ടാതാണ്. മറിച്ച്, റജിസ്ട്രേഷനുള്ള കെട്ടിട ഉടമയ്ക്ക് അവരുടെ ടാക്സ് ഇൻവോയ്‌സിൽ നികുതി കാണിച്ചു കൊടുക്കുന്നതു മൂലം പിന്നീട് റിവേഴ്‌സ് ചാർജ് ബാധകമല്ല. ഈ നോട്ടിഫിക്കേഷൻ പ്രകാരം പാർപ്പിട –വാസസ്ഥലം ഒഴികെ എല്ലാ പ്രോപ്പർട്ടികൾക്കും ഇത് ബാധകമെന്ന് മനസ്സിലാക്കുന്നു. കോംപൗണ്ടിങ് സ്കീം തിരഞ്ഞെടുത്ത വ്യാപാരികൾക്ക് ആർസിഎം ആയി അടയ്ക്കുന്ന 18% നികുതിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ലഭ്യമല്ലാത്തതിനാൽ ഇത് അധിക ബാധ്യതയാകും.
താമസത്തിനായി കൊടുക്കുന്ന കെട്ടിടങ്ങൾക്ക് (റസിഡൻഷ്യൽ പ്രോപ്പർട്ടി) നിലവിൽ തന്നെ ആർസിഎം നികുതി ബാധ്യതയുണ്ട്. നോട്ടിഫിക്കേഷൻ 05/2022 പ്രകാരം 18.07.2022 മുതൽ ഇതു നിലവിലുള്ളതാണ്. എങ്കിലും കെട്ടിട ഉടമയ്‌ക്കും വാടകക്കാരനും റജിസ്ട്രേഷൻ പരിധിക്കു താഴെയാണ് വരുമാനമെങ്കിൽ ഇത് ‘Exempted Turnover’ (ഒഴിവാക്കിയ വരുമാനം) ആണ്. ജിഎസ്ടി നിയമത്തിൽ വന്നിരിക്കുന്ന ഈ മാറ്റം കൊണ്ട് റസിഡൻഷ്യൽ/ കമേഴ്സ്യൽ വിഭാഗത്തിലുള്ള എല്ലാ വാടകയ്ക്കും ഇപ്പോൾ ജിഎസ്ടി ബാധകമാകുന്നു എന്നാണ് ഇതിൽ നിന്നു മനസ്സിലാകുന്നത്.
28.06.2007 ലെ വിജ്ഞാപന നമ്പർ 12/2017, എൻട്രി നമ്പർ 66 എന്നിവ പ്രകാരം ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ വിദ്യാർഥികൾക്കും അംഗങ്ങൾക്കും ജീവനക്കാർക്കും നൽകുന്ന ഹോസ്റ്റൽ സേവനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ക്യാംപസിനു പുറത്തു താമസിച്ച് വിവിധ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളുടെ ഹോസ്റ്റൽ വാടകയ്ക്ക് 12% ജിഎസ്ടി ചുമത്തിയിരുന്നു.
53-ാം ജിഎസ്ടി കൗൺസിൽ ഈ വിഭാഗത്തിന് ആശ്വാസം നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷൻ നമ്പർ 04/2024 Central Tax (Rate) w.e.f 12.07.24 പ്രകാരം ഒരു പുതിയ ഇളവ്, എൻട്രി 12A ചേർത്തു. തുടർച്ചയായി 3 മാസം (90ദിവസം) ഹോസ്റ്റലുകളിൽ താമസിക്കുകയും പ്രതിമാസ വാടക 20,000 രൂപയിൽ താഴെയും ആണെങ്കിൽ ഇക്കൂട്ടർക്ക് ജിഎസ്ടി ബാധകമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. വർക്കിങ് ഹോസ്റ്റൽ അക്കമഡേഷൻ ഹോംസ്റ്റേ, പേയിങ് ഗെസ്റ്റ് തുടങ്ങിയവർക്കും ഈ നിയമം ബാധകമാണ്.
ബിസിനസുകാർ അവരുടെ ‘റിലേറ്റഡ് വ്യക്തികളിൽ’ നിന്നു വ്യാപാരാവശ്യത്തിന് കെട്ടിടം ഉപയോഗിക്കാൻ സ്റ്റാംപ് പേപ്പറിൽ സമ്മതപത്രം വാങ്ങുമ്പോൾ ഇനിമേൽ ജിഎസ്ടി ബാധകമാകും. ഷെഡ്യൂൾ 1 സെക്‌ഷൻ 15 പ്രകാരം റിലേറ്റഡ് പാർട്ടികൾക്കും (സപ്ലൈ ഓഫ് സർവീസ്) എന്ന രൂപത്തിൽ 18% ജിഎസ്ടി നൽകണം. ഇതു പ്രകാരം വാടകത്തുക കാണിക്കുകയും ആർസിഎം ആയി പ്രസ്തുത കെട്ടിടം വാടകയ്ക്കു എടുക്കുന്ന ആൾ ജിഎസ്ടി നികുതി അടയ്ക്കണം എന്നുള്ളതും പുതിയ മാറ്റമാണ്.
2024 ഒക്ടോബർ 3 ന് വന്ന സുപ്രീം കോടതി വിധി (Safari Retreats Pvt. Ltd) പ്രകാരം കെട്ടിടം പണിതു വാണിജ്യ ആവശ്യത്തിനു വാടകയ്ക്കു കൊടുത്താൽ ‘പ്ലാന്റ്’ എന്ന നിർവചനത്തിൽ ഇതു വരുമെന്നും, സെക്‌ഷൻ 17(5)(d) പ്രകാരമുള്ള ബ്ലോക്ക്ഡ് ക്രെഡിറ്റിൽ വരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.