വിമാനത്തിനു മാത്രമല്ല, വ്യോമയാന വ്യവസായത്തിനും ബോംബ് ഭീഷണി
Mail This Article
കൊച്ചി ∙ ഒരാഴ്‌ചയ്‌ക്കിടയിൽ നൂറിലേറെ വിമാനങ്ങൾക്കു ബോംബ് ഭീഷണി നേരിടേണ്ടിവന്നിരിക്കുന്നതു വ്യോമയാന വ്യവസായത്തെ സാമ്പത്തികമായി തളർത്തുന്നു. വിമാനക്കമ്പനികളുടെ ഏകദേശ നഷ്‌ടം 750 – 800 കോടി രൂപയാണ്. ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ മാത്രമല്ല ഇൻഷുറൻസ് കമ്പനികളും പരിരക്ഷ സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തുന്നതിനെപ്പറ്റി ആലോചന ആരംഭിച്ചിട്ടുണ്ട്
ഓരോ ഭീഷണിയും ഏറ്റവും കുറഞ്ഞതു മൂന്നു കോടി രൂപയുടെ നഷ്ടമാണു വിമാനക്കമ്പനികൾക്കു വരുത്തിവയ്‌ക്കുന്നതെന്നു കണക്കാക്കുന്നു. ചില സാഹചര്യങ്ങളിൽ നഷ്ടം 10 കോടി രൂപയ്‌ക്കു മുകളിലായിരിക്കുമെന്നു വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. പാഴായിപ്പോകുന്ന ഇന്ധനത്തിന്റെ വില, അപ്രതീക്ഷിത ലാൻഡിങ്ങിനു നൽകേണ്ട തുക, യാത്രക്കാരുടെയും ജീവനക്കാരുടെയും ഹോട്ടൽ താമസത്തിനുള്ള ചെലവ്, കണക്‌ഷൻ ഫ്‌ളൈറ്റ് മുടങ്ങുന്നവർക്കു നൽകേണ്ട പരിഹാരത്തുക, ഷെഡ്യൂൾ മാറ്റം മൂലം ജീവനക്കാർക്കായി വേണ്ടിവരുന്ന അധികച്ചെലവ്, റിട്ടേൺ ഫ്‌ളൈറ്റിന്റെ സമയക്രമം പാലിക്കാനാകാത്തതുമൂലമുള്ള സാമ്പത്തിക ബാധ്യതകൾ എന്നിവയെല്ലാം ഭീമമായ നഷ്‌ടത്തിനു കാരണമാകുന്നു.
രാജ്യാന്തര സർവീസിനിടെ നേരിടുന്ന ഭീഷണിയാണെങ്കിൽ യാത്രക്കാരെ നിശ്ചിത ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള പകരം സംവിധാനം വേണ്ടിവരും. ഇതും വിമാനക്കമ്പനിക്ക് അധിക ബാധ്യതയാകുന്നു. ഇക്കഴിഞ്ഞ 15നു ഡൽഹിയിൽനിന്നു ഷിക്കാഗോയിലേക്കു പറക്കുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 777നു ഭീഷണിയുണ്ടായപ്പോൾ അടിയന്തരമായി വിമാനം കാനഡയിലെ ഇക്വാല്യൂട്ട് വിമാനത്താവളത്തിലാണ് ഇറക്കേണ്ടിവന്നത്. 200 യാത്രക്കാരെയും കനേഡിയൻ വ്യോമസേന ഷിക്കോഗോയിലേക്ക് എത്തിച്ചതിന്റെ ചെലവ് എയർ ഇന്ത്യയുടേതായി.
ബോംബ് ഭീഷണി മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ഗൗരവമേറിയ പ്രശ്‌നമാണ്. മുംബൈ – ന്യൂയോർക്ക് എയർ ഇന്ത്യ സർവീസിനു നേരിട്ട ഭീഷണി മൂലം വിമാനം ഡൽഹിയിലേക്കു തിരിച്ചുവിടേണ്ടിവന്നപ്പോൾ ലാൻഡിങ് ഭാരം കുറയ്‌ക്കുന്നതിന് ഒരു കോടി രൂപയോളം വിലവരുന്ന 100 ടണ്ണോളം ഇന്ധനമാണു പുറന്തള്ളേണ്ടിവന്നത്. കടലിനോ നഗരപ്രാന്തങ്ങൾക്കു മുകളിലോ പറന്നുകൊണ്ടായിരിക്കും ഇന്ധനം പുറന്തള്ളുക.
വൈദ്യസഹായത്തിനു വിമാനം തിരിച്ചിറക്കേണ്ടിവരികയോ തിരിച്ചുവിടുകയോ വേണ്ടിവന്നാലുള്ള ചെലവിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്. എന്നാൽ ബോംബ് ഭീഷണിമൂലമുള്ള ചെലവ് ഇൻഷുറൻസ് കമ്പനികൾ വകവച്ചുകൊടുക്കാറില്ല. മാറിയ സാഹചര്യത്തിൽ വിമാനക്കമ്പനികളും ഇൻഷുറൻസ് കമ്പനികളും വ്യവസ്‌ഥകൾ പരിഷ്‌കരിക്കുമെന്നാണു സൂചന.
കനത്ത നഷ്‌ടത്തിൽനിന്നു പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണു രാജ്യത്തെ വ്യോമയാന വ്യവസായത്തിന് അസാധാരണ തോതിലുള്ള ബോംബ് ഭീഷണി. രാജ്യത്തെ വിവിധ വ്യവസായ മേഖലകളെ പ്രതിസന്ധിയിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണോ ഇതെന്നു സാമ്പത്തിക നിരീക്ഷകരിൽനിന്നു സംശയം ഉയർന്നിട്ടുണ്ട്.