ADVERTISEMENT

ജൂഹി ചൗളയുടെ പ്രണയത്തിനായി ഹരിയും കൃഷ്ണനും(മമ്മൂട്ടിയും മോഹൻലാലും) വെള്ളിത്തിരയിൽ തലകുത്തിമറിയുന്നത് കണ്ടിട്ടുണ്ട്, നമ്മള്‍ മലയാളികള്‍... 1998 ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള സിനിമ ‘ഹരികൃഷ്ണന്‍സി’ലൂടെയാണ് ജൂഹി ചൗളയെ മലയാളി അറിഞ്ഞുതുടങ്ങുന്നത്. എന്നാല്‍ ഹരികൃഷ്ണന്‍മാര്‍ക്ക് മാത്രമല്ല ചൗള അമൂല്യമായിരുന്നത്. 1990കളില്‍ ബോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടികളിലൊരാളായിരുന്നു ജൂഹി ചൗള. ബോളിവുഡ് ബാദ്ഷാ ഷാറുഖ് ഖാന്റെ മികച്ച കൂട്ടെന്ന് പറയാം – ബിസിനസിലും സിനിമയിലും. സിനിമയില്‍ ശോഭ മങ്ങിയിട്ടും 10 വര്‍ഷത്തിനിടെ ഒരു ബോക്‌സ് ഓഫിസ് ഹിറ്റ് പോലുമില്ലാതിരുന്നിട്ടും ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള സിനിമാനടിയായി നിലനില്‍ക്കുന്നു ജൂഹി ചൗള എന്നതാണ് രസകരം. 

അടുത്തിടെ ഹുറുണ്‍ പുറത്തുവിട്ട സമ്പന്ന പട്ടിക അനുസരിച്ച് ജൂഹി ചൗളയുടെ ആസ്തി സാക്ഷാല്‍ ഐശ്വര്യ റായ്, അലിയ ഭട്ട്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ വര്‍ത്തമാനകാല ബോളിവുഡ് സെലിബ്രിറ്റികളേക്കാളും പല മടങ്ങ് കൂടുതലാണ്. ഐശ്വര്യയുടെയും അലിയ ഭട്ടിന്റെയും പ്രിയങ്ക ചോപ്രയുടെയും ദീപികയുടെയും ചേര്‍ത്തുള്ള ആസ്തിയേക്കാളും കൂടുതലാണ് ജൂഹി ചൗളയുടെ മൊത്തം സമ്പത്ത്. ഹുറുണ്‍ പട്ടിക അനുസരിച്ച് 4,600 കോടി രൂപയുടെ ആസ്തിയാണ് 90കളിലെ ഈ താരസുന്ദരിക്കുള്ളത്. ഇന്ത്യയിലെ സ്വയം വളര്‍ന്നുവന്ന വനിതകളില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്നു ജൂഹി ചൗള. സമ്പന്ന നടികളില്‍ രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായുടെ ആസ്തി 850 കോടി രൂപ മാത്രമാണെന്നത് ജൂഹി എത്രമാത്രം മുന്നിലാണെന്നത് ബോധ്യപ്പെടുത്തുന്നു. 

INDIA-SOCIETY-CELEBRITY-WEDDING

∙ സ്വയം മുന്നേറിയ വനിത

ഹരിയാനയിലെ അംബാലയില്‍ സാധാരണ കുടുംബത്തിലായിരുന്നു ജൂഹി ചൗളയുടെ ജനനം. അച്ഛന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. പഠിച്ചതെല്ലാം ഇന്ത്യയില്‍. എന്നാല്‍ 1984ല്‍ മിസ് ഇന്ത്യയായി വിജയിച്ചതോടെ ജൂഹി ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. മിസ് യൂണിവേഴ്‌സ് മല്‍സരത്തില്‍ മികച്ച കോസ്റ്റ്യൂമിനുള്ള പുരസ്‌കാരവും ലഭിച്ചു.

1986ലായിരുന്നു ഒരു ചെറിയ റോളിലൂടെ ബോളിവുഡ് അരങ്ങേറ്റം. ധര്‍മേന്ദ്രയും സണ്ണി ഡിയോളുമെല്ലാം പ്രധാന കഥാപാത്രങ്ങളായ ‘സുല്‍ത്താനത്താ’യിരുന്നു ജൂഹിയുടെ കന്നി ചിത്രം. നായിക ശ്രീദേവിയായിരുന്നു. വി.രവിചന്ദ്രന്റെ പ്രഥമ സംവിധാന സംരംഭമായ തമിഴ്-കന്നട ചിത്രം ‘പ്രേമലോക’ത്തില്‍ മുഖ്യവേഷം ചെയ്തു. സിനിമ വാണിജ്യവിജയമായതോടെ ജൂഹിയും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ബോളിവുഡില്‍ ബ്രേക്ക് നല്‍കിയത് ആമിര്‍ ഖാനോടൊപ്പം നായികയായെത്തിയ ‘ഖയാമത് സെ ഖയാമത് തക്’ എന്ന ചിത്രമായിരുന്നു. നിരൂപക ശ്രദ്ധയും പ്രേക്ഷക പ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയില്‍ ഇടം നേടി. അതിന് ശേഷം കുറേക്കാലത്തേക്ക് ജൂഹി ചൗളയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 

Juhi Chawla

ജൂഹി ചൗളയുടെ താരമൂല്യത്തില്‍ വമ്പന്‍വര്‍ധന വരുത്തിയ കാലമായിരുന്നു തൊണ്ണൂറുകള്‍. അവാര്‍ഡുകളും തുടര്‍ഹിറ്റുകളും ജൂഹിയെ വന്‍ ഡിമാന്‍ഡുള്ള താരമാക്കി നിലനിര്‍ത്തി. ലൂട്ടെരെ, ഹം ഹെയ്ന്‍ രഹി പ്യാര്‍ കെ, യെസ് ബോസ്, ഡര്‍, ബോല്‍ രാധ ബോല്‍, ഇഷ്‌ക് തുടങ്ങി വമ്പന്‍ ഹിറ്റുകളുടെ കാലമായിരുന്നു വന്നത്.  വണ്‍2കാഫോര്‍, ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി, ഡൂപ്ലിക്കേറ്റ്, റാം ജാനേ, യെസ് ബോസ്, ഡര്‍, രാജു ബന്‍ ഗയ ജെന്റില്‍മാന്‍ തുടങ്ങി ഷാറുഖ് ഖാനൊപ്പം നിരവധി ചിത്രങ്ങളില്‍ ജൂഹി നിറഞ്ഞാടി. താരത്തിന്റെ മികച്ച ബിസിനസ് പങ്കാളിയായും പിന്നീട് ഷാറുഖ് മാറി. 

∙ വരുമാനത്തിലെ കുതിപ്പ്

1990കളില്‍ തന്നെ ഒരു കോടി രൂപയെന്ന നിലയില്‍ പ്രതിഫലം വാങ്ങാന്‍ ജൂഹി ചൗള തുടങ്ങിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണി മൂല്യമുള്ള താരമെന്ന നിലയില്‍ നിരവധി ബ്രാന്‍ഡുകളുടെ അംബാസഡറായി മാറിയതും ജൂഹിയുടെ വരുമാനം കുമിഞ്ഞുകൂടാൻ സഹായിച്ചു. മാഗി, പെപ്‌സി, കുര്‍കുറെ, കെല്ലോഗ്‌സ് തുടങ്ങി നിരവധി ജനകീയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2009ന് ശേഷം ഒരു ഹിറ്റ് സിനിമ പോലും താരത്തിന്റെ പേരില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം. വരുമാനത്തിന്റെ നല്ലൊരു ശതമാനവും ഇപ്പോള്‍ വരുന്നത് സംരംഭങ്ങളില്‍ നിന്നാണ്. റെഡ് ചില്ലീസ് ഗ്രൂപ്പാണ് ഇതില്‍ പ്രധാനം. 

Juhi Chawla

1999ലാണ് ജൂഹി ചൗളയും ഷാറുഖ് ഖാനും സംവിധായകന്‍ അസീസ് മിര്‍സയും ചേര്‍ന്ന് ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്. പ്രൊഡക്‌ഷൻ കമ്പനിയെന്ന നിലയില്‍ ‘ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി’യായിരുന്നു ആദ്യ സിനിമ. ഇതാണ് പിന്നീട് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റായി രൂപാന്തരം പ്രാപിച്ചത്. ഷാറുഖും ഭാര്യ ഗൗരി ഖാനും ചേര്‍ന്നായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. 

2008ല്‍ റെഡ് ചില്ലീസ് മെഹ്ത ഗ്രൂപ്പുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പെന്ന പേരില്‍ സ്‌പോര്‍ട്‌സ് സബ്‌സിഡയറി കമ്പനി തുടങ്ങി. ഇതില്‍ ജൂഹി ചൗളയ്ക്കും ഭര്‍ത്താവ് ജെയ് മെഹ്തയ്ക്കും കാര്യമായ ഓഹരി പങ്കാളിത്തമുണ്ട്. ഇതിലൂടെയാണ് നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹഉടമയായി ജൂഹി ചൗള മാറിയത്. ഐപിഎല്ലിലെ മികച്ച ഫ്രാഞ്ചൈസികളിലൊന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇതില്‍ ഉള്‍പ്പെടും. 

1995ലായിരുന്നു കോടീശ്വരനായ ജെയ് മെഹ്തയുമായുള്ള ജൂഹിയുടെ വിവാഹം. ഷാറുഖുമൊത്തുള്ള സംരംഭങ്ങള്‍ക്ക് പുറമെ, ഭര്‍ത്താവുമൊത്ത് നിരവധി അത്യാഡംബര റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ സഹഉടമ കൂടിയാണ് ജൂഹി ചൗള. 3.3 കോടി രൂപയുടെ ആസ്റ്റന്‍ മാര്‍ട്ടിന്‍ റാപ്പിഡും ബിഎംഡബ്ല്യു 7 സീരിസും മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസും ഉള്‍പ്പടെ ആഡംബര കാറുകളുടെ നീണ്ട നിരയും ജൂഹിയുടെ ആസ്തികളില്‍ ഉള്‍പ്പെടുന്നു.

English Summary:

Discover how 90s Bollywood star Juhi Chawla built her empire and became the richest actress in India, surpassing contemporaries like Aishwarya Rai and Deepika Padukone.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com