ADVERTISEMENT

സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലേക്ക് പറപറന്ന് സ്വർണവില. കേരളത്തിലും രാജ്യാന്തര വിപണിയിലും ഇന്നും റെക്കോർഡ് കടപുഴകി. പവൻ വില 59,000 രൂപയെന്ന നാഴികക്കല്ലിലേക്ക് അടുത്തു. 320 രൂപ വർധിച്ച് ഇന്ന് 58,720 രൂപയാണ് വില. 59,000 രൂപയിലേക്ക് ഇനി വെറും 280 രൂപയുടെ അകലം. ഗ്രാം വിലയും 40 രൂപ വർധിച്ച് സർവകാല റെക്കോർഡായ 7,340 രൂപയിലെത്തി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് കൂടിയത് 2,520 രൂപയാണ്; ഗ്രാമിന് 315 രൂപയും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമധികം. വിവാഹം പോലുള്ള വിശേഷാവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇത് വൻ തിരിച്ചടി.

കുതിച്ചുയർന്ന് 18 കാരറ്റും വെള്ളിയും
 

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 30 രൂപ വർധിച്ച് 6,055 രൂപയിലെത്തി. ഇത് എക്കാലത്തെയും ഉയരമാണ്. 75% മാത്രം സ്വർണം ഉൾക്കൊള്ളുന്നതാണ് 18 കാരറ്റ്. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിക്കുന്ന ആഭരണങ്ങളും നിർമിക്കാനാണ് 18 കാരറ്റ് സ്വർണം ഉപയോഗിക്കുന്നത്. 22 കാരറ്റ് സ്വർണവുമായി (അഥവാ 916 സ്വർണം - ഇതിൽ 91.6% സ്വർണം ഉണ്ടായിരിക്കും) താരതമ്യം ചെയ്യുമ്പോൾ വില വൻതോതിൽ കുറവാണെന്നത് സമീപകാലത്ത് 18 കാരറ്റ് ആഭരണങ്ങളുടെ സ്വീകാര്യത കൂട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ 18 കാരറ്റിനും വില കൂടുന്നത് ഉപഭോക്താക്കൾക്ക് ആശങ്കയാകുന്നുണ്ട്.

Image : iStock/Thicha studio
Image : iStock/Thicha studio

വെള്ളി വിലയും അനുദിനം റെക്കോർഡ് തകർത്ത് ഉയരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 2 രൂപ വർധിച്ച് 107 രൂപയായി. റെക്കോർഡാണിത്. വെള്ളികൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള തുടങ്ങിയ ആഭരണങ്ങളും പൂജാസാമഗ്രികൾ, വിഗ്രഹങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയും വാങ്ങുന്നവർക്ക് ഈ വിലക്കയറ്റം തിരിച്ചടിയാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവരെയും വില വർധന വലയ്ക്കും.

ട്രംപോ കമലയോ? രാജ്യാന്തര വിലയും റെക്കോർഡിൽ‌
 

രാജ്യാന്തര സ്വർണവില കുതിപ്പ്, ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവിലുണ്ടായ വർധന എന്നിവയാണ് കേരളത്തിൽ സ്വർണവിലയെ മേലോട്ട് നയിക്കുന്ന മുഖ്യകാരണങ്ങൾ. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നത് സ്വർണത്തെ വിലക്കയറ്റത്തിലേക്ക് നയിക്കുന്നുണ്ട്.

COMBO-FILES-US-VOTE-POLITICS-HARRIS-TRUMP

കമലാ ഹാരിസും ഡോണൾഡ് ട്രംപും തമ്മിലെ മത്സരം പൊടിപാറുകയാണ്. ആര് ജയിക്കുമെന്ന സൂചന ലഭിച്ചാലേ അമേരിക്കയുടെ അടുത്ത സാമ്പത്തിക നയങ്ങളെക്കുറിച്ച് അനുമാനിക്കാനാകൂ. അതേസമയം ഓഹരി വിപണികൾ നേരിടുന്ന തളർച്ച, ഡോളറിന്റെ മുന്നേറ്റം, ഇസ്രയേൽ-ഹമാസ് പോര്, ഇന്ത്യയിൽ ഉൽസവകാല സീസണായതിനാൽ ആഭരണ ഡിമാൻഡിലുണ്ടായ വർധന എന്നിവയും വിലവർധനയ്ക്ക് വളമാകുന്നു. 

മറ്റൊന്ന്, അമേരിക്കയിൽ ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതയാണ്. പലിശ കുറഞ്ഞാൽ കടപ്പത്ര നിക്ഷേപങ്ങളും ബാങ്ക് സ്ഥിരനിക്ഷേപങ്ങളും അനാകർഷകമാകും. നിക്ഷേപകർക്കിടയിൽ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികൾക്ക് പ്രിയമേറും. ഇതും വില വർധനയ്ക്ക് ആക്കംകൂട്ടുന്നു. രാജ്യാന്തര വില ഇന്നലെ കുറിച്ച ഔൺസിന് 2,732 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയാക്കി ഇന്ന് 2,748.68 ഡോളറിലെത്തി.

ഇന്നൊരു പവൻ ആഭരണ വില
 

മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 53.10 രൂപയാണ് ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി). പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്ന് 63,560 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,945 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com