ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനെ വിശ്വസിച്ച് ടെക്നോപാർക്കിലെ സി ഡാകിന്റെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഇറങ്ങിപ്പോകാൻ നോട്ടിസ്. കേരള സ്റ്റാർട്ടപ് മിഷൻ–സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്(സി ഡാക്) സംയുക്ത സംരംഭമെന്ന നിലയിൽ ആക്സലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസ്(എയ്സ്) എന്ന പേരിൽ 2020 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി സി ഡാക് കെട്ടിടത്തിൽ ഓഫിസ് തുടങ്ങിയ സംരംഭകരാണു പ്രതിസന്ധിയിലായത്.

2019 സെപ്റ്റംബറിലാണ് ടെക്നോപാർക്ക് ഒന്നാം ഘട്ടത്തിലെ സി ഡാകിന്റെ കെട്ടിടത്തിലെ 3 നിലകളിലായി ഏകദേശം 57,264 ചതുരശ്ര അടി ഓഫിസ് സ്പേസ് 5 വർഷത്തേക്കു ലഭ്യമാക്കാൻ സ്റ്റാർട്ടപ് മിഷനുമായി ധാരണയിലെത്തിയത്. തുടർന്ന് ഓരോ വർഷവും കരാർ പുതുക്കുന്ന വിധമായിരുന്നു ധാരണാപത്രം. കോവിഡ് ആരംഭിച്ചതോടെ പദ്ധതി വൈകി. 3 വർഷം മുൻപാണ് ഈ കേന്ദ്രം പൂർണതോതിൽ പ്രവർത്തനസജ്ജമായത്. എന്നാൽ, സ്റ്റാർട്ടപ് മിഷനുമായുള്ള കരാർ പ്രകാരമുള്ള 5 വർഷം പൂർത്തിയായെന്നു കാട്ടിയാണ്  സി ഡാക് കഴിഞ്ഞ മാസം നോട്ടിസ് നൽകിയത്. 

ധാരണ പ്രകാരമുള്ള കാലാവധി അവസാനിച്ചതോടെ സി ഡാക് സ്വന്തം ലാബുകൾ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്കും മറ്റു പങ്കാളിത്ത പരിപാടികൾക്കുമായി ഈ ഓഫിസ് ഉപയോഗിക്കുകയാണെന്ന് സ്റ്റാർട്ടപ് മിഷൻ സിഇഒയ്ക്കു നൽകിയ കത്തിൽ പറയുന്നു. 30 ദിവസം മുൻകൂട്ടിയുള്ള നോട്ടിസ് മതിയെങ്കിലും പരസ്പര സൗഹാർദം നിലനിർത്താൻ കൂടുതൽ സമയം ഓഫിസ് ഒഴിപ്പിക്കാൻ നൽകുന്നെന്നും കത്തിൽ പറയുന്നു. ഒന്നാം ഘട്ടമായി മൂന്നാം നിലയിലെ 19,820 ചതുരശ്ര അടി സ്പേസ് ഈ വർഷം അവസാനത്തോടെ ഒഴിയണം. രണ്ടാം ഘട്ടമായി നാലാം നിലയിലെ 20,390 ചതുരശ്ര അടി സ്ഥലം 2025 ജനുവരി– മാർച്ച് മാസങ്ങളിലായി ഒഴിയണം. മൂന്നാം ഘട്ടമായി 2025 ജൂണിൽ ബാക്കിയുള്ള മുഴുവൻ പ്രദേശവും ഒഴിഞ്ഞു നൽകണം.

ചർച്ച നടത്തുമെന്ന് സ്റ്റാർട്ടപ് മിഷൻ

സി ഡാകിന്റെ കത്ത് കിട്ടിയപ്പോൾ തന്നെ കരാർ കാലാവധി നീട്ടാൻ സഹകരിക്കണമെന്നാവശ്യപ്പെട്ട് മറുപടി നൽകിയതായി സ്റ്റാർട്ടപ് മിഷൻ അധികൃതർ പറഞ്ഞു. സമാന്തരമായി ടെക്നോപാർക്കിലും സമീപ പ്രദേശങ്ങളിലുമായി ഓഫിസ് സ്പേസ് ലഭ്യമാക്കാനുള്ള അന്വേഷണവും ആരംഭിച്ചു. 

5 വർഷത്തേക്കായിരുന്നു ധാരണയെങ്കിലും സി ഡാകിന്റെ നോട്ടിസ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്റ്റാർട്ടപ് മിഷൻ അധികൃതർ പറഞ്ഞു.

English Summary:

Notice to vacate start-ups operating in technopark C Dak's building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com