'ഫ്രം അമേരിക്ക ടു കൊച്ചി' , സ്വന്തം സംരംഭത്തെ നാട്ടിലേക്ക് പറിച്ചു നട്ട് ഈ സംരംഭകൻ
Mail This Article
വിദേശത്ത് ബിസിനസ് തുടങ്ങി അവിടെ സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വിദേശത്ത് തുടങ്ങിയ തന്റെ സ്വന്തം സംരംഭത്തെ നാട്ടിലേക്ക് പറിച്ച് നട്ട് വളർത്തി മുന്നേറുകയാണ് ഒരു യുവ സംരംഭകൻ. അമേരിക്കയിലെ പഠന സമയത്ത് ഒരു പ്രൊജക്റ്റിന്റെ ഭാഗമായി തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബിസിനസ് സംരംഭമാക്കി മാറ്റിയിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയായ ദീപക് റോയി. ഹാർഡ് വെയർ രംഗത്ത് ഇന്ത്യയുടെ ഭാവി 'ഓപ്പൺ വയർ 'എന്ന തന്റെ സ്റ്റാർട്ടപ്പിലൂടെ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം.
എന്താണ് ഓപ്പൺ വയർ
ഓപ്പൺ വയർ ഒരു ഹാർഡ് വെയർ മാനുഫാക്ച്ചറിങ് കമ്പനി ആണ്. ഫുൾ റേഞ്ച് ഹാർഡ് വെയർ ഡിവൈസുകൾ രൂപകല്‍പ്പന ചെയ്ത് നിർമിക്കുന്ന നൂതന സംരംഭം ആണിത്. ARM തിൻ ക്ലയന്റുകൾ, നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ് (NAS) ഉപകരണങ്ങൾ, മിനി പിസികൾ എന്നിവ ഓപ്പൺ വയർ ലഭ്യമാക്കുന്നു. ഹാർഡ് വെയർ രംഗത്ത് ഇന്ത്യയിൽ ഇന്ന് ഉയർന്ന് കേൾക്കുന്ന ബിസിനസ് സംരംഭമായി ഇത് മാറിക്കഴിഞ്ഞു. വലിയ കമ്പനികൾ മുതൽ ചെറിയ ബിസിനസ് സംരംഭകരുടെ ആവശ്യങ്ങൾ വരെ ഒരേ പോലെ നിറവേറ്റാൻ കഴിയുന്നു എന്നതാണ് ഓപ്പൺ വയർ പ്രൊഡക്റ്റിന്റെ സവിശേഷത. ഏറ്റവും എടുത്തു പറയേണ്ടുന്ന പ്രത്യേകത വാങ്ങുമ്പോൾ ഉള്ള വിലക്കുറവ് തന്നെയാണ്. അതോടൊപ്പം മികച്ച സർവിസിങ്ങും സുരക്ഷയും ഉയർന്ന കാര്യക്ഷമതയും ഓപ്പൺ വയർ വാഗ്ദാനം ചെയുന്നു.
തുടക്കം
അമേരിക്കയിലെ കോളേജ് പഠന കാലത്ത് ഒരു കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് ലഭിക്കുമ്പോൾ ഭാവിയിൽ അതൊരു ബിസിനസ് സംരംഭം ആയി മാറും എന്നൊന്നും ദീപക് ചിന്തിച്ചിരുന്നില്ല. നിലവിൽ 20 ഓളം ലാബുകൾ ഉണ്ടായിരുന്ന ആ കോളേജിൽ കുറെ കംപ്യൂട്ടറുകൾ പർച്ചേസ് ചെയ്യാതെ ഒരു സെൻട്രൽ സെർവർ മാത്രം ഉപയോഗിച്ച് കുറെ ക്ലൈന്റ്സുമായി കണക്റ്റ് ചെയ്യാം എന്ന ദീപക്കിന്റെയും കൂട്ടുകാരുടെയും ഐഡിയ ആണ് പിന്നീട് ഓപ്പൺ വയർ എന്ന ആശയത്തിലേക്ക് എത്തുന്നത്.
എന്തുകൊണ്ട് ഇന്ത്യ?
തുടക്കം യു എസിൽ ആയിരുന്നു എങ്കിലും കംപ്യൂട്ടർ ആവശ്യകത അമേരിക്കയെക്കാൾ കൂടുതൽ ഇന്ത്യയിൽ ആയതിനാൽ ഇവിടെ കൂടുതൽ സ്വീകാര്യത ലഭിക്കും എന്ന് തിരിച്ചറിഞ്ഞാണ് സംരംഭം ഇവിടേക്ക് ചുവട് മാറ്റിയത്. ക്ലയന്റ്സിനെ കണ്ടെത്താൻ യു എസിലെക്കാൾ വേഗത്തിൽ കൊച്ചിയിൽ കഴിയുന്നുണ്ട് എന്ന് മലയാളിയായ ഈ യുവ സംരംഭകൻ അഭിമാനത്തോടെ പറയുന്നു. ആദ്യം സെയിലും സർവീസിങ്ങും സ്വന്തമായി ചെയ്ത് കൊടുത്ത് നല്ല ട്രാക്ക് റെക്കോർഡ് ഉണ്ടാക്കിയിരുന്നു. ഇതാണ് ബിസിനസ് വളരാൻ കാരണമായത്. 90,000 രൂപയിലായിരുന്നു തുടക്കം. അതൊരു വലിയ മുതൽ മുടക്ക് അല്ലായിരുന്നു. സ്റ്റാർട്ടപ്പ് തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് ലാഭത്തിലേക്ക് എത്തിയതായി ദീപക് റോയി പറയുന്നു
ഓപ്പൺ വയർ പ്രോഡക്ടസ്
9 മെയിൻ പ്രോഡക്ടസും അതിന്റെ സബ് പ്രോഡക്ടസുമാണ് ഓപ്പൺ വയറിനുള്ളത്. ഓരോ കൊല്ലം നാല് പുതിയ വ്യത്യസ്തമായ പ്രൊഡക്റ്റ് ഇറക്കുന്നുണ്ട്. ഇവയെല്ലാം മികച്ച രീതിയിൽ വിപണി കണ്ടെത്തുന്നുമുണ്ടെന്ന് ദീപക് പറഞ്ഞു.
ഡെക്ക് നിയോ (Deck neo)
ഹൈപ്പർനാസ് (HyperNas)
ഡെക്ക് മിനി (deck mini )
ഡെക്ക് സ്റ്റുഡിയോ, (deck studio)
സെക്യൂർ ഗേറ്റ് (secure gate) എന്നിവയാണ് പ്രധാന പ്രോഡക്ടസ്
ഒരു സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരോട്
ഭാവിയിൽ ടെക്നോളജി രംഗത്ത് ഇന്ത്യയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കും. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പുകൾക്ക് നല്ല ഭാവിയുണ്ട്. മികച്ച ഐഡിയയും അത് പ്രവർത്തികമാക്കാനുള്ള താല്പര്യവും ഉണ്ടെങ്കിൽ ഏതൊരു സംരംഭവും വിജയിക്കും എന്ന് ദീപക് റോയ് പറയുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ബിൽഡ് ചെയ്യാനും കമ്പ്യൂട്ടറിന്റെ സർവീസിങ്ങും മറ്റും ചെയ്യാനും ഇഷ്ടമായിരുന്നു. അതാണ് ഇന്ന് തന്നെ ഒരു സംരംഭകനാക്കിയത് എന്ന് ദീപക് റോയി പറയുന്നു. ആദിത്യ വിനായക്, വിശ്വനാഥ് മല്ലൻ എന്നിവരാണ് ഓപ്പൺ വെയറിന്റെ ഇന്ത്യയിലെ പാർട്ണർമാർ. കൊച്ചിക്ക് പുറമെ ബാംഗ്ലൂർ, യു എസ് എന്നിവിടങ്ങളിൽ ഓഫീസ് പ്രവർത്തിക്കുന്നു.