സൊമാറ്റോയുടെ പുതിയ കാൽവയ്പ്പ്, ആരോഗ്യവും ദീർഘായുസും ലക്ഷ്യം
Mail This Article
സൊമാറ്റോ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദീപീന്ദർ ഗോയൽ ആരോഗ്യത്തിനും ദീർഘായുസ്സിനും പ്രാധാന്യം കൊടുത്തു പുതിയ സംരംഭം 'കണ്ടിന്യു' ആരംഭിച്ചു. ഈ സ്റ്റാർട്ടപ്പ് ആരോഗ്യ കാര്യങ്ങൾക്കായിരിക്കും പ്രാധാന്യം കൊടുക്കുക.
കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കമ്പനി സമർപ്പിച്ച ഫയലുകൾ പ്രകാരം ദീപീന്ദർ ഗോയൽ ഒരു ഡയറക്ടറായും രണ്ട് സൊമാറ്റോ ജീവനക്കാരായ അകൃതി മേത്തയും, സിമ്രൻദീപ് സിങ് അഡീഷണൽ ഡയറക്ടർമാരുമായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ സൊമാറ്റോ, ബ്ലിങ്കിറ്റ് പ്രൊഡക്‌ട് ഡിസൈനിന്റെ തലവൻ ആശിഷ് ഗോയല്‍ പുതിയ സംരംഭത്തിന്റെ ഭാഗമാകുമെങ്കിലും ചുമതല വ്യക്തമല്ല.
ഇത് ഗോയലിന്റെ സ്വകാര്യ സംരംഭമാണെന്നും തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കമ്പനി ആഗ്രഹിക്കുന്നില്ലെന്നും സൊമാറ്റോ വ്യക്തമാക്കി. സൊമാറ്റോ അതിന്റെ നാല് ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഫുഡ് ഡെലിവറി, ബ്ലിങ്കിറ്റ്, ഹൈപ്പർപ്യൂർ, ഡിസ്ട്രിക്റ്റ് എന്നിവയാണ് സോമറ്റോയുടെ 4 പ്രധാന ബിസിനസുകൾ.
ഇന്ത്യ വളരുന്നതോടെ ആരോഗ്യ-സൗഖ്യ കാര്യങ്ങളിൽ ആളുകൾ കൂടുതൽ ചെലവിടാൻ തയാറാകുന്നത് മനസിലാക്കിയാണ് ഈ സംരഭത്തിലേക്ക് കടക്കുന്നത്. ജോലിയ്‌ക്കൊപ്പം ആരോഗ്യത്തിനും മുൻതൂക്കം നൽകി കാര്യങ്ങൾ ചെയ്യുന്ന അദ്ദേഹത്തിൻ്റെ സ്വകാര്യ താല്പര്യങ്ങൾ ഈ സംരംഭത്തിന് മുതൽക്കൂട്ടാകും
വ്യക്തിപരമായ താല്പര്യം
ദീർഘായുസ്സിലും, മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിലും ഗോയലിൻ്റെ വ്യക്തിപരമായ ഇഷ്ടമാണ് " Continue" എന്ന സ്റ്റാർട്ട് അപ്പിന് പിന്നിലുള്ളത്. പ്രത്യേകിച്ച് മാനസികാരോഗ്യത്തിലും ആരോഗ്യ പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്. ജോലിയ്‌ക്കൊപ്പം ആരോഗ്യത്തിനും മുൻതൂക്കം നൽകി കാര്യങ്ങൾ ചെയ്യുന്ന അദ്ദേഹത്തിൻ്റെ സ്വകാര്യ താല്പര്യങ്ങൾ ഈ സംരംഭത്തിന് മുതൽക്കൂട്ടാകും.
വരാനിരിക്കുന്ന ഹെൽത്ത് ട്രാക്കറിൻ്റെ പ്രത്യേകതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പോഷകാഹാര ട്രാക്കിങ്, ഉറക്ക നിരീക്ഷണം, പ്രതിരോധ ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കായിരിക്കും ഊന്നൽ കൊടുക്കുക എന്ന് സൂചനകളുണ്ട്. ഈ സംരംഭം ഒരു 'ഹോളിസ്റ്റിക് വെൽനസ് പ്ലാറ്റ്‌ഫോമായി' മാറിയേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.
വൈവിധ്യവൽക്കരണം ഇഷ്ടം
സൊമാറ്റോ പ്രവർത്തനങ്ങൾ സജീവമായി വൈവിധ്യവൽക്കരിക്കുന്ന സമയത്താണ് 'continue ' വിപണിയിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഭക്ഷണ വിതരണത്തിലാണ് തുടങ്ങിയതെങ്കിലും മറ്റു കാര്യങ്ങളിലും കൈവെക്കാൻ സോമറ്റോ കാണിച്ച ധൈര്യം തന്നെയാണ് കമ്പനിയെ വളർത്തിയത്.
ഭക്ഷണ വിതരണത്തിന് പുറമെ.സൊമറ്റോ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇപ്പോൾ ഇവയിലാണ്.
ഡിസ്ട്രിക്റ്റ്
റെസ്റ്റോറൻ്റുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും സിനിമകൾ, സ്പോർട്സ് ഇവൻ്റുകൾ, തത്സമയ പ്രകടനങ്ങൾ എന്നിവയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ഡിസ്ട്രിക്ട്ആപ്പ്. Paytm ഇൻസൈഡറിനെ ഏറ്റെടുത്തു ബിസിനസ് വിപുലീകരിക്കാൻ ശ്രമം നടത്തുകയാണ്.
ഹൈപ്പർപ്യൂർ
റസ്റ്റോറൻ്റുകൾക്ക് അടുക്കള സാധനങ്ങൾ നൽകുന്ന ഒരു ബിസിനസ്-ടു-ബിസിനസ് പ്ലാറ്റ്‌ഫോമാണിത് . ഹൈപ്പർപ്യൂർ വഴി, റസ്റ്റോറൻ്റുകൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരിടത്ത് നിന്ന് ഓർഡർ ചെയ്യാനും അടുത്ത ദിവസം ഡെലിവർ ചെയ്യാനും കഴിയും. ഇത് കുറഞ്ഞ മാർജിനുകളിലാണ് പ്രവർത്തിക്കുന്നത്. മാർജിൻ കുറവാണെങ്കിലും കോടിക്കണക്കിനു രൂപയുടെ ബിസിനസ് ആണ് ഇത്തരത്തിലുള്ള ചാനലുകളിലൂടെ നടക്കുന്നത്.
ബ്ലിങ്കിറ്റ്
വളരെ വേഗത്തിലുള്ള പലചരക്ക് ഡെലിവറിയാണ് ബ്ലിങ്കിറ്റിന്റെ പ്രധാന സവിശേഷത. പ്രാദേശിക സ്റ്റോറുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ കാര്യങ്ങൾ എളുപ്പത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കാം. മെട്രോ നഗരങ്ങളിൽ 20 രൂപയോ 50 രൂപയോ കൂടുതൽ കൊടുത്താൽ പോലും പലചരക്ക് സാധനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കുന്നത് ആളുകൾ ഇഷ്ടപെടുന്നതിനാലാണ് ഈ സംരംഭം നന്നായി വളരുന്നത്.
വിനോദം, ഭക്ഷണം
റസ്റ്റോറന്റ്റ്കൾക്കുള്ള ചരക്കെത്തിക്കൽ, പലചരക്കു സാധനങ്ങളും മറ്റു അവശ്യ വസ്തുക്കളും പെട്ടെന്ന് വീടുകളിലേക്കെത്തിക്കൽ എന്നിവ ചെയ്തു ബിസിനസ് പിടിച്ച സൊമാറ്റോയുടെ സി ഇ ഒയുടെ ആരോഗ്യ സംരക്ഷണ ബിസിനസും വളരുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ള ഉപഭോക്താക്കളിലേക്ക് വീണ്ടും സേവനങ്ങൾ നൽകാമെന്നാണ് ഈ മോഡലിന്റെ ബുദ്ധിപരമായ തന്ത്രം.