ADVERTISEMENT

പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ (Aster DM Healthcare) ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 8 ശതമാനത്തിലധികം മുന്നേറ്റത്തിൽ. ഇന്നലെ 402 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി, ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ നേട്ടത്തോടെ 430 രൂപയിലായിരുന്നു. ഒരുവേള 9 ശതമാനത്തിലധികം ഉയർന്ന് വില 457.90 രൂപയിലെത്തി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ ഓഹരിയുള്ളത് 8.33% നേട്ടവുമായി 435.50 രൂപയിൽ.

മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലത്തിന്റെ കരുത്തിലാണ് ആസ്റ്റർ ഓഹരികളുടെ മുന്നേറ്റം. ആസ്റ്റർ ഇന്ത്യ ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറിൽ 105.76 കോടി രൂപയുടെ ലാഭമാണ് (net profit) നേടിയതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർ‌ട്ടിൽ കമ്പനി വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ നേരിട്ടത് 15.34 കോടി രൂപയുടെ നഷ്ടമായിരുന്നു. കഴിഞ്ഞപാദത്തിൽ പ്രൊമോട്ടർമാരുടെ നേട്ടം (profit attributable to the owners of the company) മുൻവർഷത്തെ സമാനപാദത്തിലെ 30.80 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 96.84 കോടി രൂപയുടെ ലാഭമായും ഉയർന്നു. 

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇനി രണ്ടു കമ്പനികളായി പ്രവർത്തിക്കും.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

മൊത്ത വരുമാനം (total income) 933.21 കോടി രൂപയിൽ നിന്നുയർന്ന് 1,121.68 കോടി രൂപയായി. പ്രവർത്തന വരുമാനം (revenue from operations) 929.43 കോടി രൂപയിൽ നിന്ന് 17% വർധിച്ച് 1,086.44 കോടി രൂപയിലേക്കും മെച്ചപ്പെട്ടു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ/EBITDA) 52% ഉയർന്ന് 219.8 കോടി രൂപയായതും ലാഭ അനുപാതം (മാർജിൻ/margin) 5% വർധിച്ച് 20.24 ശതമാനത്തിലെത്തിയതും നേട്ടമാണ്. 21,500 കോടി രൂപ വിപണിമൂല്യമുള്ള (market cap) സ്ഥാപനമാണ് ആസ്റ്റർ. കഴിഞ്ഞ 4 വർഷത്തിനിടെ ഓഹരിവില 240 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. 30 ശതമാനമാണ് കഴിഞ്ഞ ഒരുവർഷത്തെ നേട്ടം. 

ആസ്റ്ററിന് മികച്ച വളർച്ചാലക്ഷ്യങ്ങൾ
 

നിലവിൽ ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 19 ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. മൊത്തം കിടക്കകൾ 4,994. കേരളത്തിൽ 6 ആശുപത്രികളിലായി 2,501 കിടക്കകളുണ്ട്. ആന്ധ്രാപ്രദേശിൽ 6 ആശുപത്രികളും 889 കിടക്കകളും. കർണാടകയിൽ 4 ആശുപത്രികളിലായി 1,192 കിടക്കകളും തെലങ്കാനയിൽ ഒരു ആശുപത്രിയിലായി 158 കിടക്കകളുമുണ്ട്. മഹാരാഷ്ട്രയിലുള്ളതും ഒരു ആശുപത്രി; കിടക്കകൾ 254.

ഡോ. ആസാദ് മൂപ്പൻ. Photo credit: Aster DM Healthcare
ഡോ. ആസാദ് മൂപ്പൻ. Photo credit: Aster DM Healthcare

2026-27ഓടെ 1,800ഓളം കിടക്കകൾ അധികമായി ചേർത്ത് മൊത്തം 6,796ലേക്ക് ഉയർത്താനുള്ള വികസനപ്രവർത്തനങ്ങളാണ് ആസ്റ്റർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ 200ലേറെ ഫാർമസികളും 10ലേറെ ക്ലിനിക്കുകളും ആസ്റ്ററിനുണ്ട്.  43,000 രൂപയാണ് നിലവിൽ ഓരോ ബെഡ്ഡിൽ നിന്നും ആസ്റ്ററിന് ലഭിക്കുന്ന ശരാശരി വരുമാനം (ARPOB). കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ഇത് 38,700 രൂപയായിരുന്നു. ആശുപത്രികളിലെ ഒക്യുപൻസി നിരക്ക് 70ൽ നിന്ന് 72 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതും നേട്ടമായി. പ്രത്യേക (niche) ചികിത്സാവിഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് എആർപിഒബി ഉയർത്താനും ആസ്റ്റർ ലക്ഷ്യമിടുന്നു.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Aster DM Healthcare Stock Soars 9% on Stellar September Quarter Earnings: Aster DM Healthcare's share price surged over 8% after reporting impressive September quarter profits and ambitious growth plans. Learn more about their financial performance and expansion strategy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com