‘സർക്കാരുകൾ വ്യാപാരികളെ പിഴിയുന്നു; എതിർക്കാൻ ആരുമില്ല’
Mail This Article
ആലപ്പുഴ∙ വാടകക്കെട്ടിടങ്ങളിൽ കട നടത്തുന്നവർക്കു മേൽ വാടകയുടെ നികുതി ബാധ്യത കൂടി കെട്ടിവച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര. നികുതി വരുമാനം കൂട്ടാനെന്ന പേരിൽ സർക്കാരുകൾ ചെയ്യുന്ന ദ്രോഹനടപടികൾ എതിർക്കാൻ ആരുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
∙എന്താണ് ഇപ്പോഴത്തെ പ്രശ്നം?
കെട്ടിട ഉടമയ്ക്കു ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലെങ്കിൽ വാടകക്കാരനായ വ്യാപാരി വാടകത്തുകയ്ക്കു 18% ജിഎസ്ടി നൽകണമെന്നാണു പുതിയ നിർദേശം. ജിഎസ്ടി കൗൺസിലിന്റെ കഴിഞ്ഞ യോഗത്തിലാണ് ഈ തീരുമാനം. ചെറുകിട വ്യാപാരികളെ ഇതു വലിയ തോതിൽ ബാധിക്കും. പലരും വലിയ വാടക നൽകിയാണു കട നടത്തുന്നത്. പൊതുവേ കച്ചവടം കുറവാണ്. അതു കൂടാതെയാണ് ഇത്തരം ഇരുട്ടടികൾ.
∙രണ്ടു സർക്കാരുകൾക്കും ഇതിൽ പങ്കുണ്ടോ?
പ്രതിസന്ധിയിലായ ചെറുകിട മേഖലയെ ഒന്നൊന്നായി കേന്ദ്രസർക്കാർ വിഴുങ്ങുകയാണ്. കോർപറേറ്റുകളെ സഹായിക്കാനാണിത്. ഇതു കേരളത്തിന്റെ നട്ടെല്ലൊടിക്കും.
എല്ലാ സംസ്ഥാന ധനമന്ത്രിമാരും ജിഎസ്ടി കൗൺസിലിൽ ഉണ്ട്. 18% ജിഎസ്ടി പിരിക്കുമ്പോൾ 9% സംസ്ഥാനത്തിനു കിട്ടുമെന്നതിനാൽ കേരള സർക്കാരിന്റെ നിലപാടും ഞങ്ങൾക്ക് അനുകൂലമല്ല. കൗൺസിൽ യോഗത്തിൽ മന്ത്രിമാർ എന്തു നിലപാട് എടുക്കുന്നെന്നു പുറത്തറിയുന്നില്ലല്ലോ. ദ്രോഹിക്കാനുള്ള ഉത്തരവുകൾ മാത്രമല്ലേ പുറത്തു വരുന്നുള്ളൂ.
∙ എങ്ങനെ നേരിടാനാണു തീരുമാനം?
ദേശീയതല വ്യാപാരി സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡലുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേർന്നു ചർച്ച നടത്തി. നിവേദനം നൽകാനും പാർലമെന്റ് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത കേന്ദ്ര ബജറ്റിനു മുൻപ് രാജ്യവ്യാപക സമരങ്ങൾ നടത്തും.