സെക്കൻഡ് ഹാൻഡ് മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി അനുവദിക്കുന്ന നയം പിൻവലിക്കാൻ കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ സിടി സ്കാനറുകൾ, എംആർഐ മെഷീനുകൾ, സർജിക്കൽ റോബട്ടുകൾ തുടങ്ങിയവയുടെ സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന നയം കേന്ദ്ര സർക്കാർ ഉടൻ പിൻവലിച്ചേക്കും. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ഉറപ്പുനൽകിയതായി ഇന്ത്യൻ മെഡിക്കൽ ഉപകരണ നിർമാതാക്കൾ പറഞ്ഞു.
പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങൾ കഴിഞ്ഞ മേയ് മാസത്തിൽ പുറത്തിറക്കിയ മാർഗരേഖ പ്രകാരം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ കഴിയുന്ന 38 ഹൈഎൻഡ്–ഹൈ വാല്യു ഉപകരണങ്ങളുടെ ലിസ്റ്റിനൊപ്പമാണ് നവീകരിച്ച ഉപകരണങ്ങളും രാജ്യത്തേക്ക് എത്തിക്കാം എന്ന വ്യവസ്ഥ ഉണ്ടായിരുന്നത്. ഇതു പ്രകാരം വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ച ഉപകരണങ്ങൾ നന്നാക്കിയെടുത്ത് ഇന്ത്യയിൽ ഉപയോഗിക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നു. ആശുപത്രികളെ സഹായിക്കാൻ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രനയം. കൂടാതെ ഇന്ത്യയിൽ നിർമിക്കാൻ ലൈസൻസ് നേടിയിട്ടുള്ള അതേ ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് തടയുന്ന വ്യവസ്ഥ നീക്കം ചെയ്യുകയും ചെയ്തു.
എന്നാൽ, ഈ നയം രോഗികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നും മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടി വിവിധ മെഡിക്കൽ ഉപകരണ നിർമാതാക്കളുടെ സംഘടനകൾ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.
ഈ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നയം മാറ്റുന്നത്.