പെൻഷനും ശമ്പളവും: 1,500 കോടി രൂപ കൂടി കടമെടുക്കാൻ കേരളം; ഈ വർഷത്തെ മൊത്തം കടം 27,000 കോടിയിലേക്ക്
Mail This Article
പെൻഷൻ, ശമ്പളം എന്നിവയുടെ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള പണത്തിനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി 1,500 കോടി രൂപയാണ് നാളെ കടമെടുക്കുന്നത്. ഇതോടെ ഈ വർഷത്തെ (2024-25) കേരളത്തിന്റെ മൊത്തം കടം 26,998 കോടി രൂപയാകും. ഒക്ടോബർ ഒന്നിന് 1,245 കോടി രൂപ കടമെടുത്തിരുന്നു.
നടപ്പുവർഷം ആകെ 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിനെ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏപ്രിൽ-ഡിസംബർ കാലയളവിൽ 21,253 കോടി രൂപ കടമെടുക്കാമെന്നും ബാക്കിത്തുക ജനുവരി-മാർച്ചിൽ എടുക്കാമെന്നുമാണ് കേന്ദ്രം നിർദേശിച്ചിരുന്നത്. എന്നാൽ, ഓണക്കാലത്തേക്ക് ഉൾപ്പെടെയുള്ള ചെലവുകൾക്കായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
നടപ്പുവർഷത്തെ കേരളത്തിന്റെ ആകെ കടപരിധിയായി 37,512 രൂപ കണക്കാക്കിയാൽ നവംബർ മുതൽ മാർച്ചുവരെയുള്ള 5 മാസക്കാലയളവിലേക്കായി ശേഷിക്കുക 10,514 കോടി രൂപ മാത്രമായിരിക്കും. വരുമാനവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ സംസ്ഥാന സർക്കാരിന് ഓരോ മാസവും ശരാശരി 3,000 കോടി രൂപ അധികമായി വേണമെന്നിരിക്കേയാണ് നവംബർ-മാർച്ച് കാലയളവിലേക്കായി 10,514 കോടി രൂപയുടെ കടപരിധി മാത്രം ശേഷിക്കുന്നത്. അതായത്, ഓരോ മാസത്തേക്കും ശരാശരി 2,102.8 കോടി രൂപ മാത്രം.
കുത്തനെ കൂടുന്ന കടം
കേരളം തിരിച്ചടയ്ക്കാനുള്ള പൊതുകടം 2.52 ലക്ഷം കോടി രൂപയാണെന്ന് അടുത്തിടെ സിഎജി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ചെലവുകൾ നടത്താൻ സർക്കാർ നിരന്തരം കടമെടുപ്പിനെ ആശ്രയിക്കുന്ന പ്രവണത നിർത്തണമെന്നും സിഎജി നിർദേശിച്ചിരുന്നു. വരുമാന ഇനത്തിൽ സർക്കാർ 27,902.45 കോടി രൂപ പിരിച്ചെടുക്കാനുണ്ടെങ്കിലും കാര്യക്ഷമമായ നടപടികളൊന്നും എടുക്കുന്നില്ലെന്നും സിഎജിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.
കടമെടുപ്പിന് മറ്റ് സംസ്ഥാനങ്ങളും
നാളെ ഇ-കുബേർ വഴി കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾ സംയോജിതമായി 25,050 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് 3,000 കോടി രൂപ, ബിഹാർ 2,000 കോടി രൂപ, ഛത്തീസ്ഗഡ് 1,000 കോടി രൂപ, കർണാടക 4,000 കോടി രൂപ, മണിപ്പുർ 200 കോടി രൂപ, പഞ്ചാബ് 850 കോടി രൂപ എന്നിങ്ങനെ കടമെടുക്കും. 5,000 കോടി രൂപയാണ് രാജസ്ഥാന്റെ ലക്ഷ്യം. തമിഴ്നാടിന്റേത് 6,000 കോടി രൂപ. തെലങ്കാന 1,500 കോടി രൂപ.