ADVERTISEMENT

കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു.  1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. ഇതുപ്രകാരം കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ്. അതായത് 11,424 കോടി രൂപ മുതൽ 12,012 കോടി രൂപവരെ.

നേരത്തേ 170-180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം ഉന്നമിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലുലു റീറ്റെയ്ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാൾ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് സ്വന്തമാകുന്നത്. ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റെക്കോർഡ്. ആലെഫ് എഡ്യുക്കേഷൻ (മേയ്, 51.5 കോടി ഡോളർ), പാർക്കിൻ കോ (ഫെബ്രുവരി, 42.9 കോടി ഡോളർ), സ്പിന്നീസ് (ഏപ്രിൽ, 37.5 കോടി ഡോളർ), എഡിഎൻഎച്ച് കാറ്ററിങ് (ഒക്ടോബർ, 23.5 കോടി ഡോളർ) എന്നിവയായിരുന്നു ഈ വർഷത്തെ മറ്റ് വലിയ ഐപിഒകൾ. യുഎഇയിലെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും.

ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് ശക്തമായ ഓവർ സബ്സ്ക്രിഷനുണ്ടാകുമെന്ന് (വിൽപനയ്ക്കുവച്ച ഓഹരികളേക്കാൾ പതിന്മടങ്ങ് അപേക്ഷകൾ) നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകം തന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും നിരീക്ഷകർ പ്രവചിച്ചിരുന്നു. 100 മടങ്ങിലേറെ (ഐപിഒയിൽ വിൽ‌പനയ്ക്കുള്ളതിന്റെ 100 മടങ്ങ് അധികം) അധിക സബ്സ്ക്രിപ്ഷനാണ് പ്രതീക്ഷിക്കുന്നത്. പാർക്കിൻ ഈ വർഷം നേടിയ 165 മടങ്ങാണ് റെക്കോർഡ്. സ്പിന്നീസ്, സൗദി സ്ഥാപനമായ ബിൻദാവൂദ് ഹോൾഡിങ് എന്നിവയാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലുലു റീറ്റെയ്‍ലിനെ കാത്തിരിക്കുന്ന മുഖ്യ എതിരാളികൾ. 

വിപണിമൂല്യം 2,107 കോടി ദിർഹം
 

ഐപിഒയിലെ പ്രൈസ് ബാൻഡ് പരിഗണിച്ചാൽ 2,004 കോടി മുതൽ 2,107 കോടി ദിർഹം വരെയാണ് ലുലു റീറ്റെയ്‍ലിന് വിപണിമൂല്യം വിലയിരുത്തുന്നത്. അതായത് 48,231 കോടി രൂപവരെ (546-574 കോടി ഡോളർ). ഇന്നുമുതൽ നവംബർ 5 വരെ നീളുന്ന മൂന്നുഘട്ട ഐപിഒയിലൂടെ 25% ഓഹരികളാണ് (258.2 കോടി ഓഹരികൾ) ലുലു വിറ്റഴിക്കുന്നത്.  ഇതിൽ 89% ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കുള്ളതാണ് (ക്യുഐബി). 10% ഓഹരികൾ ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കായും ഒരു ശതമാനം ഓഹരികൾ യോഗ്യരായ ജീവനക്കാർക്കായും നീക്കിവച്ചിരിക്കുന്നു.

ഓഹരി വാങ്ങിക്കൂട്ടാൻ നിക്ഷേപക സ്ഥാപനങ്ങൾ
 

അബുദാബി പെൻഷൻ ഫണ്ട്, ബഹ്റൈൻ മംമ്തലാകത് ഹോൾഡിങ് കമ്പനി, എമിറേറ്റ്സ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എന്നിവ ഇതിനകം ലുലു റീറ്റെയ്ൽ ഓഹരിക്കായി അപേക്ഷിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇവർ വാങ്ങുന്ന ഓഹരികൾക്ക് 180-ദിവസ ലോക്ക്-ഇൻ കാലാവധി ഉണ്ടായിരിക്കും. 180 ദിവസത്തിന് ശേഷമേ ഓഹരി വിൽക്കാനാകൂ. റീറ്റെയ്‍ലർമാർക്കുള്ള ഐപിഒ വിഹിതം കൂട്ടണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ ലുലു വൈകാതെ തീരുമാനമെടുത്തേക്കാം.

അപേക്ഷയും ലിസ്റ്റിങ്ങും
 

റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം 5,000 ദിർഹത്തിന്റെ അപേക്ഷയാണ് സമർപ്പിക്കാനാകുക (ഏകദേശം 1.14 ലക്ഷം രൂപ). പിന്നീട് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങൾക്കായും അപേക്ഷിക്കാം. മിനിമം 1,000 ഓഹരികളാണ് റീറ്റെയ്ൽ നിക്ഷേപകർക്കും ക്യുഐബികൾക്കും ലഭിക്കുക. യോഗ്യരായ ജീവനക്കാർക്ക് ഇത് 2,000 ഓഹരികളാണ്. ക്യുഐബികൾക്ക് ചെലവിടാവുന്ന മിനിമം തുക 50 ലക്ഷം ദിർഹം (11.44 കോടി രൂപ).

റീറ്റെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബർ 5ന് അവസാനിക്കും. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബർ 13നാണ് റീഫണ്ട് നൽകുക. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) നവംബർ 14ന് ഓഹരികൾ ലിസ്റ്റ് ചെയ്യും.

ലാഭവിഹിതം പരിഗണിക്കും
 

നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% തുക ലാഭവിഹിതമായി നൽകുന്നത് ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഇതും ഐപിഒയിലേക്ക് നിക്ഷേപകരെ ആകർഷിച്ചേക്കും. ഓരോ വർഷവും രണ്ടുതവണയായാകും ലാഭവിഹിത വിതരണം. 2024 ഡിസംബർ 31ന് അവസാനിക്കുന്ന 6 മാസക്കാലത്തേക്കുള്ള ലാഭവിഹിതം 2025ന്റെ ആദ്യപകുതിയിൽ വിതരണം ചെയ്യും. അതേസമയം വിപണിസാഹചര്യങ്ങൾ, പ്രവർത്തനഫലം, ഡയറക്ടർ ബോർഡിന്റെ തീരുമാനം എന്നിവയ്ക്ക് അനുസൃതമായാകും ലാഭവിഹിതം നല്‍കുന്നത് സംബന്ധിച്ച അന്തിമതീരുമാനം. 

ഇന്ത്യയിൽ നിന്ന് വാങ്ങാം
 

ലുലു റീറ്റെയ്ൽ ഓഹരി ഇന്ത്യയിൽ നിന്നും വാങ്ങാനാകും. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇടപാട് നടത്താനാവശ്യമായ എൻഐഎൻ ഉണ്ടാകണമെന്ന് മാത്രം. പുറമേ യുഎഇയിൽ ബാങ്ക് അക്കൗണ്ടും വേണം അല്ലെങ്കിൽ ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഇന്ത്യയിലെ നിയമങ്ങൾക്ക് കൂടി വിധേയമായാകും ഓഹരിക്കായി അപേക്ഷിക്കാനാകുക. ഓഹരികൾ വാങ്ങാൻ താൽപര്യമുള്ളവർ ഐപിഒയുടെ റിസീവിങ് ബാങ്കുകളിലൊന്നിനെ സമീപിച്ച് അപേക്ഷിക്കാം. ബാങ്കുകൾക്ക് ഇതിനായി ഓൺലൈനിലും ശാഖകളിലും സൗകര്യമുണ്ടാകും. മൊബൈൽ ബാങ്കിങ് വഴിയും വാങ്ങാം. ഫസ്റ്റ് അബുദാബി ബാങ്ക്, എഡിസിബി, ദുബൈയ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, എമിറേറ്റ്സ് എൻബിഡി, മാഷ്റെക്ക് എന്നിവയാണ് റിസീവിങ് ബാങ്കുകൾ.

English Summary:

LuLu Retail sets IPO share price range at Dh1.94 to Dh2.04 : Lulu Retail, the retail arm of Lulu Group, has officially launched its IPO in the UAE. The company aims to raise up to $143 crore with a share price ranging from 1.94 to 2.04 dirhams. This IPO is set to be the largest in the UAE this year, potentially reaching an oversubscription of over 100 times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com