59000 തൊട്ട് പൊന്ന്
Mail This Article
കൊച്ചി∙ സ്വർണം വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായ ധൻതേരാസ് ദിവസത്തിൽ പവന് 59,000 രൂപയിലെത്തി സ്വർണവില. ഗ്രാമിന് 60 രൂപ ഉയർന്ന് 7375 രൂപയും, പവന് 480 രൂപ വർധിച്ച് 59,000 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 6075 രൂപയാണ്. വെള്ളി വില ഗ്രാമിന് 105 രൂപ. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 64,000 രൂപയോളം നൽകണം.
തിങ്കളാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ ശേഷമാണ് ഇന്നലത്തെ വർധന. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2765 ഡോളറിൽ ആണ്.
ഒക്ടോബറിലെ കുതിപ്പ്
ഒക്ടോബർ മാസം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പവൻ വില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് 10 തവണ. പവന് 2600 രൂപ കൂടി. ഈ മാസം 16ന് 57,120 രൂപയിലെത്തിയ പവൻ വില മൂന്നു ദിവസം കൊണ്ട് 58,000 രൂപ പിന്നിട്ടു. 10 ദിവസങ്ങൾ കൊണ്ടാണ് വീണ്ടും 1000 രൂപ വർധിച്ച് 59000 രൂപയിലെത്തിയത്. ഇതിനു മുൻപ് മാർച്ചിലാണ് സ്വർണം റെക്കോർഡ് കുതിപ്പു നടത്തിയത്. അന്നു പവന് 4120 രൂപയാണു വർധിച്ചത്. വിലയിൽ റെക്കോർഡ് പുതുക്കിയത് 8 തവണ. കഴിഞ്ഞമാസം പവന് 3080 രൂപയും ഗ്രാമിന് 385 രൂപയും വർധിച്ചിരുന്നു. ദീപാവലി പ്രമാണിച്ചുള്ള ഡിമാൻഡും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.