അമ്പമ്പോ എന്തൊരു ചാട്ടം
Mail This Article
കൊച്ചി ∙ ഒറ്റ ദിവസംകൊണ്ട് ഓഹരി വില 3.53 രൂപയിൽനിന്ന് 2,36,250 രൂപയിലേക്ക്. ഇതോടെ എൽസിഡ് ഇൻവെസ്റ്റ്മെന്റ്സ് എന്ന അധികം അറിയപ്പെടാത്ത കമ്പനിയുടെ ഓഹരി ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയതായി മാറിയിരിക്കുന്നു.
മറ്റു കമ്പനികളിൽ നിക്ഷേപമുള്ള ഹോൾഡിങ് കമ്പനിയായ എൽസിഡിന്റെ ഓഹരിയൊന്നിനു മുഖവില 10 രൂപ മാത്രമാണെങ്കിലും ബുക്ക് വാല്യു (ബാധ്യതകൾ കഴിച്ചുള്ള ആസ്തികളുടെ ആകെ മൂല്യം) 5,85,225 രൂപയിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ നിസ്സാര വിലയ്ക്കു വിറ്റുമാറാൻ ഓഹരിയുടമകൾക്കു മനസ്സില്ലായിരുന്നു. അതോടെ 2011നു ശേഷം എൽസിഡ് ഓഹരികളിൽ വ്യാപാരം നടന്നിരുന്നതേയില്ല.
ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനികളുടെ ബുക്ക് വാല്യുവും വിപണി വിലയും തമ്മിലെ അന്തരം കുറയ്ക്കുന്നതിനും വിപണി നിർണയിക്കുന്ന യഥാർഥ വില നിലവാരം കണ്ടെത്തുന്നതിനുമുള്ള അവസരം ഓഹരിയുടമകൾക്കു ലഭിക്കുന്നതിനും വേണ്ടി ലേലം നടത്താൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്റ്റോക് എക്സ്ചേഞ്ചുകളോടു നിർദേശിച്ചു. ഇതെത്തുടർന്നു നടത്തിയ ലേലത്തിലാണ് എൽസിഡ് ഓഹരിക്കു വിപണി 2,36,250 രൂപ വിലയിട്ടത്. ഒറ്റ ദിവസംകൊണ്ടു വിലയിലുണ്ടായ വർധന 66,92,535%.
ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ ഓഹരി ഇതുവരെയും എംആർഎഫിന്റേതായിരുന്നു. വില 1,22,345.60 രൂപ. ഒരു ലക്ഷം രൂപയിലേറെ വിപണി വിലയുള്ള ഓഹരികൾ ഇപ്പോൾ എൽസിഡിന്റേതും എംആർഎഫിന്റേതും മാത്രം.