സ്വർണം: ഇന്ത്യയിൽ ആവശ്യം കൂടുന്നു
Mail This Article
കൊച്ചി∙ ഇന്ത്യയുടെ സ്വർണ ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18% വർധന ഉള്ളതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട്. 2023 ലെ മൂന്നാം പാദത്തിലെ 210.2 ടണ്ണിൽ നിന്ന് ഈ വർഷം ജൂലൈ– സെപ്റ്റംബർ കാലയളവിൽ 248.3 ടണ്ണിൽ എത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ മൂന്നാം പാദത്തിലെ റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകത 5% വർധിച്ച് 1,313 ടൺ ആയി ഉയർന്നു.
ഇന്ത്യയിലെ ആഭരണ ഡിമാൻഡ് 10% വർധിച്ച് 171.6 ടണ്ണായി. മൂല്യം 1,14,300 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ മൂല്യമായ 79,830 കോടി രൂപയെക്കാൾ 43% വർധന. നിക്ഷേപ ആവശ്യം 41% ഉയർന്ന് 76.7 ടണ്ണിൽ എത്തി. സ്വർണത്തിന്റെ പുനരുപയോഗം 22% വർധിച്ച് 23.4 ടണ്ണായി.
2023 മൂന്നാം പാദത്തിലെ ഇറക്കുമതി 193 ടണ്ണിൽ നിന്ന് 87% വർധിച്ച് 360.2 ടണ്ണിൽ എത്തി. ഇക്കാലയളവിൽ റിസർവ് ബാങ്ക് (ആർബിഐ) കരുതൽ ശേഖരത്തിൽ ചേർത്തത് 13 ടൺ. ഇതോടെ മൊത്തം കരുതൽ ശേഖരം 854 ടണ്ണായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6% വർധന. സ്വർണ ഇറക്കുമതി തീരുവ കുറച്ച കേന്ദ്രസർക്കാർ തീരുമാനം ഇന്ത്യയുടെ സ്വർണ ആവശ്യത്തെ സ്വാധീനിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുതിപ്പ് തുടർന്ന് സ്വർണവില
കൊച്ചി∙ പവന് 60,000 രൂപയെന്ന റെക്കോർഡിലേക്കു കുതിപ്പു തുടർന്ന് സ്വർണവില. ഇന്നലെ ഗ്രാമിന് 65 രൂപ വർധിച്ച് 7440 രൂപയും, പവന് 520 രൂപ വർധിച്ച് 5,9520 രൂപയുമായി. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 55 രൂപ വർധിച്ച് 6130 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83.5 ലക്ഷം രൂപയാണ്. ഈ മാസം ഇതുവരെ പവന് 3120 രൂപയും ഗ്രാമിന് 390 രൂപയുമാണ് വർധിച്ചത്.
രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2778 ഡോളർ ആണ്. നവംബർ 5ന് മുൻപു തന്നെ രാജ്യാന്തര സ്വർണവില 2800 ഡോളർ മറികടക്കും എന്ന സൂചനകളാണു വരുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും വീണ്ടും പലിശ കുറയ്ക്കാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ നീക്കവും പശ്ചിമേഷ്യൻ സംഘർഷവും രാജ്യാന്തര സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിൽ ദീപാവലിയോടനുബന്ധിച്ചുള്ള ഉത്സവകാല ഡിമാൻഡും റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണശേഖരം ഉയർത്തുന്നതും വില വർധനയ്ക്കു കാരണമാണ്.