മുടക്കിയത് 5 ലക്ഷം, മാസം നേടുന്നതോ 1.75 ലക്ഷം: ഇതൊരു ടീ റീപായ്ക്കിങ് വിജയകഥ
Mail This Article
ഒരു റീപാക്കിങ് ബിസിനസിന്റെ വിജയകഥയാണ് ജഗദീഷ് കുമാറിനു പറയാനുള്ളത്. ദൈനംദിനം ഉപയോഗിക്കുന്ന, ആർക്കും ഒഴിവാക്കാനാകാത്ത ഉൽപന്നത്തിന്റെ റീപാക്കിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുകയാണ് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്ത് നെടുവാൻവിളയിലെ ‘തോട്ടം പ്രോഡക്ട്സ്’ എന്ന സ്ഥാപനവും ഉടമ ജഗദീഷ് കുമാറും.
എന്താണ് ബിസിനസ്
∙ചായപ്പൊടിയുടെ റീപാക്കിങ് (Tea Blending) ആണ് ബിസിനസ്.
∙മൂന്നാറിലെ സ്വകാര്യകമ്പനിയിൽനിന്നു നേരിട്ട് ചായപ്പൊടി കൊണ്ടുവരുന്നു.
∙ കിലോഗ്രാമിന് ശരാശരി 200 രൂപ വിലവരുന്ന ചായപ്പൊടി സ്വകാര്യ ഏജന്റുമാർ 50 കിലോ ചാക്കുകളിലായി എത്തിച്ചുതരുന്നു.
∙ കൂടുതലായി ഒന്നും ചേർക്കാതെ മെഷിനറി സഹായത്തോടെ ചെറിയ പാക്കറ്റുകളിലായി റീപാക്ക്‌ചെയ്ത് വിപണിയിലെത്തിക്കുന്നു. മികച്ച പൗച്ച് പാക്കിങ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
5 ലക്ഷം വായ്പ
പിഎംഇജിപി പദ്ധതിപ്രകാരം 5 ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. വായ്പ അനുവദിച്ചത് വ്യവസായവകുപ്പു വഴിയാണ്. 35% സബ്സിഡിയും ലഭിച്ചു. റീപാക്കിങ് (പൗച്ച് പാക്കിങ്) മെഷിനറിയാണ് ഉപയോഗിക്കുന്ന ഏക മെഷിനറി. അതിന് 5 ലക്ഷം രൂപ വിലവരുന്ന ഓട്ടമാറ്റിക് പാക്കിങ് സംവിധാനമാണ് ഇത്. 10 രൂപയുടെ സാമ്പിൾ പാക്കിങ് മുതൽ ഒരു കിലോഗ്രാമിന്റെ പാക്കറ്റ്‌വരെ ഇതിൽ പാക്ക്‌ചെയ്യാം. രണ്ടു പേരാണ് സ്ഥാപനത്തിൽ ജോലിചെയ്യുന്നത്. സ്ഥാപനം പ്രവർത്തിക്കുന്ന 200 ചതുരശ്രയടിയുള്ള കെട്ടിടം സ്വന്തമാണ്.
എന്തുകൊണ്ട് റീപാക്കിങ്
∙ സ്വയംതൊഴിലിന് റിസ്ക് കുറഞ്ഞ ഒരു ബിസിനസ്
∙ മെഷിനറിക്ക് സർക്കാർ സഹായം
∙ വിൽക്കാൻ വ്യാപകമായ അവസരങ്ങൾ
∙ കൊള്ളാവുന്ന ലാഭവിഹിതം
∙ കൃത്യമായ പ്രവൃത്തിപരിചയം ആവശ്യമില്ല
∙ മുൻപരിചയം ഇല്ലാത്തവർക്കും ചെയ്യാം എന്നതൊക്കെയാണ് ഈ സംരംഭത്തിലേക്ക് ആകർഷിച്ച സവിശേഷതകൾ
വീടിനോടു ചേർന്ന് സംരംഭം ചെയ്യാനുള്ള അവസരം, പരിസ്ഥിതിപ്രശ്ങ്ങൾ ഇല്ല തുടങ്ങിയ കാര്യങ്ങളും പരിഗണിച്ചാണ് റീപാക്കിങ് രംഗത്തേക്കു കടക്കുന്നത്.
വിൽപനയ്ക്ക് ഏജൻസി
സ്വകാര്യ വിതരണ ഏജൻസി വഴിയാണ് പ്രധാനമായും വിൽപന. റീപാക്ക് ചെയ്ത പാക്കറ്റുകൾ ഏജൻസിക്കാർ സൈറ്റിൽവന്ന് നേരിട്ട് എടുത്തുകൊണ്ടുപോകും. ഹോട്ടലുകളിലും ഷോപ്പുകളിലും നേരിട്ടും വിൽക്കുന്നു. ധാരാളം ഹോട്ടലുകൾ സ്ഥിരമായി ചായപ്പൊടി കൊണ്ടുപോകുന്നുണ്ട്. ഒട്ടേറെ വീട്ടുകാരും നേരിട്ടു വാങ്ങാനെത്തുന്നു. ഇത്തരത്തിൽ സ്ഥിരം കസ്റ്റമേഴ്സിനെ കിട്ടി എന്നതു വലിയ നേട്ടമാണ്. നേരിട്ടുള്ള വിൽപനയിൽ ക്രെഡിറ്റ് നൽകേണ്ടതില്ല. വിപണിയിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്കു നൽകാനും സാധിക്കുന്നു. മത്സരമുണ്ടെങ്കിലും അതു തങ്ങളെ ബാധിക്കുന്നില്ല എന്നാണ് ജഗദീഷ് കുമാർ പറയുന്നത്. ഏജൻസി വഴിയാകുമ്പോൾ ക്രെഡിറ്റ് വരുന്നുണ്ടെങ്കിലും പൊതുവേ വിപണി വളരെ അനുകൂലമാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
20–25% അറ്റാദായം
റീപാക്കിങ് ബിസിനസിൽ 20 മുതൽ 25% വരെ അറ്റാദായമാണു ലഭിക്കുന്നത്. നേരിട്ടു വിൽക്കുന്നതാണ് കൂടുതൽ ഗുണകരം. 10 രൂപയുടെ സാമ്പിൾ പാക്കറ്റിനു പുറമെ 250 ഗ്രാം, 100 ഗ്രാം പാക്കറ്റുകളും ഒരു കിലോ പാക്കറ്റും ലഭ്യമാക്കുന്നു. 240 രൂപമുതൽ 280 രൂപവരെയാണ് കിലോഗ്രാമിനു വില ഈടാക്കുന്നത്. FSSAI, PACKER എന്നീ ലൈസൻസുകളാണ് ഇതിനായി പ്രത്യേകം എടുത്തത്. നിലവിൽ മാസം 6മുതൽ 7ലക്ഷം രൂപയുടെവരെ വിൽപനയുണ്ട്. ശ്രമിച്ചാൽ വിൽപന ഇനിയും കൂട്ടാൻകഴിയുമെന്ന വിശ്വാസവും ജഗദീഷ് പങ്കുവയ്ക്കുന്നു.
കൂടുതൽ ഉൽപ്പന്നങ്ങളിലേയ്ക്ക് സുഗന്ധദ്രവ്യങ്ങൾ, മറ്റു ചില ഉൽപന്നങ്ങൾ എന്നിവയുടെ റീപാക്കിങ് തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. ഏലം, കുരുമുളക്, മഞ്ഞൾ, ചുക്ക്, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും താമസിയാതെ റീപാക്കിങ് ചെയ്ത് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ജഗദീഷ്കുമാർ. ഇതിനായി കൂടുതൽ മെഷിനറികളും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കണം. വിതരണക്കാരൻ ഉൽപന്നങ്ങൾ എടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളതിനാൽ വരും മാസങ്ങളിൽത്തന്നെ ഇവ വിപണിയിലെത്തിക്കാനും നല്ല രീതിയിൽ മുന്നോട്ട് പോകാനും കഴിയുമെന്നതാണ് പ്രതീക്ഷ.
പുതുസംരംഭകർക്ക്
തീരെ റിസ്ക് കുറച്ചു ചെയ്യാൻകഴിയുന്ന ഒരു ബിസിനസാണിത്. ചായപ്പൊടി, കാപ്പിപ്പൊടി എന്നിവ മാത്രമല്ല നിരവധി പലചരക്ക് ഉൽപന്നങ്ങൾ ഇങ്ങനെ റീപായ്ക്ക് ചെയ്തു വിൽക്കാനാകും. സുഗന്ധവ്യഞ്ജനങ്ങൾക്ക് റീപാക്കിങ്‌രംഗത്തു വലിയ സാധ്യതകളുണ്ട്. സ്വയംതൊഴിൽ എന്നനിലയിൽ നന്നായി ശോഭിക്കാം. കൈകൊണ്ടു പാക്ക്‌ചെയ്യാവുന്ന ഒരു മെഷീൻ സ്ഥാപിച്ചുകൊണ്ട് ആരംഭിക്കാം. അതിന് 5,000 രൂപയിൽ താഴെ മാത്രമേ വിലവരൂ. രണ്ടു ലക്ഷം രൂപയുടെ കച്ചവടം നടന്നാൽപോലും പ്രതിമാസം 40,000 രൂപ സമ്പാദിക്കാം. ഓൺലൈൻരംഗത്തും ഈ ബിസിനസ് ശോഭിക്കും.
സമ്പാദ്യം ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്