ബിപിഎൽ : വിപണി വിശ്വസിച്ച മൂന്നക്ഷരം
Mail This Article
മെയ്ക് ഇൻ ഇന്ത്യ എന്നും നാം കേട്ടുതുടങ്ങുന്നതിനും 3 ദശാബ്ദത്തിനു മുൻപേ രാജ്യാന്തര നിലവാരത്തിൽ ഇന്ത്യൻ ഉൽപന്നങ്ങൾ ബിപിഎൽ ഫാക്ടറികളിൽ നിന്ന് പുറത്തിറങ്ങി, വിദേശത്തേക്കുൾപ്പെടെ തലയുയർത്തി പറന്നു. ‘ബിപിഎൽ ആണെങ്കിൽ വാങ്ങിയാൽ മതി’ എന്ന് ഇന്ത്യയിലെ വീടുകൾ വാശിപിടിച്ചിരുന്ന ആ കാലം ഓർമയായി. കുതിപ്പിൽ നിന്നു കമ്പനി കിതപ്പിലേക്കു വീണപ്പോഴും സമചിത്തതയോടെ നേരിട്ട സാരഥി ടി.പി.ജി.നമ്പ്യാരും ഇപ്പോഴിതാ വിടപറഞ്ഞു.
കേരളത്തിലെ ഏതു ചെറുപ്പക്കാരെയും പോലെ ജോലി തേടി അലഞ്ഞിട്ടുണ്ട് നമ്പ്യാരും. അന്ന് ചെറുപ്പക്കാരെ കയ്യാട്ടിവിളിച്ചിരുന്ന ബോംബെയിലേക്കു തന്നെ തിരിച്ചു, 8 വർഷം അവിടെ സ്റ്റെനോഗ്രഫറായി. പിന്നീട്, ലണ്ടനിലെ നാഷനൽ കോളജിൽ നിന്ന് എയർകണ്ടീഷനിങ് ആൻഡ് റഫ്രിജറേഷനിൽ ഡിപ്ലോമയെടുത്ത് അവിടെത്തന്നെ ജോലി ചെയ്യുമ്പോൾ ‘ജീവിച്ചു പോകണം’ എന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ എന്ന് നമ്പ്യാർ പിന്നീടു പറഞ്ഞിട്ടുണ്ട്.
ലണ്ടനിൽ നിന്ന് തിരികെ ബോംബെയിലേക്ക് എത്തിയത് ബ്രിട്ടിഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡിന്റെ (ബിപിഎൽ) മാനേജിങ് ഡയറക്ടറായിട്ടാണ്. കമ്പനി മറ്റൊരു സ്ഥാപനം ഏറ്റെടുക്കുമെന്നായപ്പോൾ 1962ൽ രണ്ടുംകൽപിച്ച് നമ്പ്യാർ തീരുമാനിച്ചു; കമ്പനിയെ ഏറ്റെടുക്കാം ഏതു വെല്ലുവിളിയെയും അവസരമാക്കി നേട്ടമുണ്ടാക്കുന്ന ബിസിനസ് മിടുക്കിന്റെ തുടക്കം. 1963ൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (ബിഇഎൽ) ചേർന്ന് സൈന്യത്തിനായി പ്രിസിഷൻ പാനൽ മീറ്ററുകൾ നിർമിക്കാൻ പാലക്കാട്ട് ആദ്യ ബിപിഎൽ ഫാക്ടറി തുറന്നു. പിന്നീടിങ്ങോട്ട് ടിവിയും വിഡിയോ കസെറ്റ് റിക്കോർഡറും (വിസിആർ) റഫ്രിജറേറ്ററും വാഷിങ് മെഷീനും വാക്വം ക്ലീനറും ബാറ്ററികളുമെല്ലാമായി വീടുകളിൽ നിറഞ്ഞുനിൽക്കുന്ന ബ്രാൻഡായി ബിപിഎൽ മാറുന്നതാണു കണ്ടത്. മൊബൈൽ ഫോണുകളുെട തുടക്ക കാലത്തു തന്നെ ഫോൺ– മൊബൈൽ ഫോൺ സർവീസ് പ്രൊവൈഡർ രംഗത്തും ബിപിഎൽ ശക്തമായ വരവറിയിച്ചു. ഗ്യാസ് സ്റ്റൗവ് മുതൽ സെല്ലുലർ സർവീസ് വരെ 230 ഉൽപന്നങ്ങളും 2500 കോടിയുടെ ആസ്തിയുമായി ‘മാർക്കറ്റ് ലീഡർ’ പദവിയിലേക്കുള്ള വൻ വളർച്ച. 1991ലെ ഉദാരവത്കരണത്തിന്റെ ഭാഗമായി വിദേശ കമ്പനികളുടെ വരവോടെ ബിപിഎൽ വെല്ലുവിളികൾ നേരിട്ടു തുടങ്ങി. ജാപ്പനീസ് കമ്പനിയായ സാന്യോയുമായി 2004ൽ ലയിപ്പിച്ചെങ്കിലും വിജയം കണ്ടില്ല. പിന്നീട്, മെഡിക്കൽ ഇലക്ട്രോണിക്സ്, കൺസ്യൂമർ ഉപകരണ രംഗത്തേക്കു ചുവടുമാറ്റി.
‘ബിലീവ് ഇൻ ദ് ബെസ്റ്റ്’ എന്ന പരസ്യവാചകവുമായാണ് ടി.പി.ജി. നമ്പ്യാർ ബിപിഎലിനെ വിപണിയിലെത്തിച്ചത്. ബിപിഎലിനെ വിശ്വസിച്ചപ്പോൾ വിപണി വിശ്വസിച്ചത് ടി.പി.ജിയെക്കൂടിയായിരുന്നു; വിശ്വാസ്യതയുടെ മൂന്നക്ഷരം.